7 വർഷം എന്തുകൊണ്ട് പരാതി നൽകിയില്ല?; കത്തിക്കരിഞ്ഞ മൃതദേഹം സിജോയുടേതോ ?

representative image

കോഴിക്കോട്: നാലു വർഷം മുൻപ് പോലൂരിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയ കേസിന്, നാദാപുരം സ്വദേശി സിജോ സ്കറിയയുടെ തിരോധാനവുമായി ബന്ധമുണ്ടോയെന്നു ക്രൈം ബ്രാഞ്ച് സംശയിക്കുന്നു. ഡിഎൻഎ പരിശോധനയ്ക്കായി സിജോയുടെ അമ്മയുടെ രക്തസാംപിൾ അന്വേഷണ സംഘം ശേഖരിച്ചു. 2017 സെപ്റ്റംബറിലാണു പോലൂർ പയിമ്പ്ര റോഡിനു സമീപം ആളൊഴിഞ്ഞ പറമ്പിൽ പുരുഷന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്. മരിച്ചത് ആരാണെന്നു പൊലീസ് അന്വേഷണത്തിൽ കണ്ടെത്താൻ കഴിയാതെ വന്നതോടെ കേസ് ക്രൈം ബ്രാഞ്ചിനു കൈമാറിയിരുന്നു.

നാദാപുരം വിലങ്ങാട് വാളൂക്കിൽ സ്വദേശി സിജോ സ്കറിയയെ 2014ലാണ് കാണാതാവുന്നത്. എന്നാൽ ഈ വർഷമാണ് ബന്ധുക്കൾ പരാതി നൽകുന്നത്. സിജോയുടെ തിരോധാനത്തിലും ഏഴു വർഷത്തോളം പരാതി നൽകാതിരുന്നതിലും ദുരൂഹതകളുണ്ടെന്ന് പൊലീസ് കരുതുന്നു. 2014ൽ സിജോയെയും ഭാര്യയെയും കുഞ്ഞിനെയും ഭാര്യയുടെ പിതാവ് ഇരിട്ടി വാണിയംപാറയിലെ വീട്ടിലേക്കു കൂട്ടിക്കൊണ്ടുപോയെന്നാണ് സിജോയുടെ വീട്ടുകാർ പറയുന്നത്.

എന്നാൽ 2014ൽ, കടയിൽ പോകുന്നെന്നു പറഞ്ഞ് ഇരിട്ടിയിലെ വീട്ടിൽനിന്നു പോയ സിജോ പിന്നീട് തിരിച്ചെത്തിയില്ലെന്നാണ് ഭാര്യ പറയുന്നത്.. അടുത്തിടെ ഭാര്യ സിജോയുടെ വീട്ടിലെത്തിയപ്പോഴാണ് സിജോ നാട്ടിൽ ഇല്ലെന്നു ഭാര്യയും ഇരിട്ടിയിൽ ഇല്ലെന്ന് സിജോയുടെ വീട്ടുകാരും അറിയുന്നത് എന്നാണ് ഇരുകൂട്ടരുടെയും വാദം. തുടർന്ന് കുറ്റ്യാടി പൊലീസിൽ പരാതി നൽകിയെങ്കിലും കാര്യമായി അന്വേഷണമുണ്ടായില്ല. 

ഇതിനിടെയാണ് പോലൂരിലെ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തിയ കേസ് അന്വേഷിക്കുന്ന ക്രൈം ബ്രാഞ്ച് സംഘത്തിന്റെ മുന്നിൽ സിജോയെ കാണാതായ പരാതി എത്തുന്നത്. മൃതദേഹം കണ്ടെത്തിയതിന്റെ സമീപകാലത്തു നടന്ന കാണാതാകൽ പരാതികൾ അന്വേഷിക്കുന്നതിന്റെ ഭാഗമായി സംഘം കേസ് വിശദമായി പരിശോധിച്ചു. ചില സംശയങ്ങൾ തോന്നിയതോടെ ഡിഎൻഎ പരിശോധന നടത്താൻ തീരുമാനിക്കുകയായിരുന്നു.

മൃതദേഹത്തിന്റെ ഡിഎൻഎ സാംപിൾ നാലു വർഷം മുൻപ് ശേഖരിച്ചിരുന്നു. മൃതദേഹത്തിന്റെ തലയോട്ടി ഉപയോഗിച്ച് മുഖത്തിന്റെ രൂപം തയാറാക്കുന്ന ഫേഷ്യൽ റീ കൺസ്ട്രക്‌ഷൻ (മുഖരൂപം വാർത്തെടുക്കൽ) രീതിയിൽ കഴിഞ്ഞ വർഷം മൃതദേഹത്തിന്റെ രേഖാചിത്രം ക്രൈം ബ്രാഞ്ച് തയാറാക്കിയിരുന്നെങ്കിലും ആളെ തിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ല.