രക്തം വാർന്ന് ഇയ്യാത്തുമ്മ; ഇപ്പോൾ പറയുന്നു ഹൃദയാഘാതം; മരണത്തിന് പിന്നിൽ

കുറ്റിപ്പുറം: തവനൂർ കടകശ്ശേരിയിലെ ഇയ്യാത്തുമ്മയുടെ മരണത്തിലെ ദുരൂഹത നീക്കണമെന്ന് ആവശ്യപ്പെട്ട് ജനാധിപത്യ മഹിളാ അസോസിയേഷന്റെ നേതൃത്വത്തിൽ സ്ത്രീകളുടെ സമരം. പൊലീസ് അന്വേഷണം ഇഴഞ്ഞു നീങ്ങുന്നതിനെതിരെ ഇയ്യാത്തുമ്മയുടെ വീടിനു മുന്നിൽ പ്രതിഷേധജ്വാല സംഘടിപ്പിച്ചു. 

ജൂൺ 20ന് ആണ് തവനൂർ കടകശ്ശേരിയിലെ വീട്ടിൽ ഇയ്യാത്തുമ്മയെ മരിച്ച നിലയിൽ കണ്ടെത്തിയത്. വീട്ടിലെ കിടപ്പുമുറിയിൽ രക്തംവാർന്ന നിലയിലായിരുന്നു മൃതദേഹം. ശരീരത്തിലെ സ്വർണാഭരണങ്ങളും നഷ്ടമായിരുന്നു. ജൂൺ 20ന് വൈകിട്ട് ആറോടെ വീട്ടിലെത്തിയ ബന്ധുവാണ് മൃതദേഹം കണ്ടത്. 

വീടിന്റെ മുൻവശത്തെ ഗ്രിൽ പൂട്ടിയ നിലയിലും പിൻവശത്തെ വാതിൽ തുറന്ന നിലയിലുമായിരുന്നു. ജില്ലാ പൊലീസ് മേധാവി എസ്.സുജിത്ദാസിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി മരണം അസ്വാഭാവികമാണെന്നു സ്ഥിരീകരിച്ചു. ഇയ്യാത്തുമ്മയുടെ വീടിന് സമീപത്ത് പ്രത്യേക ക്യാംപ് തുറന്നാണ് തിരൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചത്. സംഭവദിവസം വീടിന് സമീപത്ത് 2പേരെ കണ്ടതായി നാട്ടുകാർ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ പൊലീസ് രേഖാചിത്രം പുറത്തിറക്കി. 

ബന്ധുക്കളടക്കം ഒട്ടേറെ പേരെ ചോദ്യം ചെയ്തെങ്കിലും പ്രതിയെക്കുറിച്ച് ഒരു വിവരവും ലഭിച്ചില്ല. ഇതിനിടെ പുറത്തുവന്ന പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ഇയ്യാത്തുമ്മയുടെ മരണകാരണം ഹൃദയാഘാതമാണെന്ന് സ്ഥിരീകരിച്ചു. ശ്വാസംമുട്ടിച്ചാലും ഹൃദയാഘാതം സംഭവിക്കാം എന്ന നിലപാടിൽ പൊലീസ് അന്വേഷണം തുടർന്നു.  എന്നാൽ അഞ്ചു മാസം പിന്നിട്ടിട്ടും മരണത്തെക്കുറിച്ചും ആഭരണങ്ങൾ നഷ്ടമായതിനെ കുറിച്ചുമുള്ള വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല. പ്രതിഷേധജ്വാല തവനൂർ പഞ്ചായത്ത് പ്രസിഡന്റ് സിപി നസീറ ഉദ്ഘാടനം ചെയ്തു. ജനാധിപത്യ മഹിളാ അസോസിയേഷൻ ഏരിയ ജോ.സെക്രട്ടറി കെ.പി.ശ്രീമതി അധ്യക്ഷയായി.