ബി.ജെ.പി ബന്ധം; ഇടത് മുന്നണിക്കുള്ളില്‍ ഒറ്റപ്പെട്ട് ഇ.പി.ജയരാജന്‍

ep-jayarajan-cpi
SHARE

ബി.ജെ.പി ബന്ധത്തിന്റെ പേരില്‍ ഇടത് മുന്നണിക്കുള്ളില്‍ കണ്‍വീനര്‍ ഇ.പി.ജയരാജന്‍ ഒറ്റപ്പെടുന്നു. ജയരാജനെ മാറ്റണമെന്ന് ആവശ്യപ്പെടാന്‍ ഒരുങ്ങി സി.പി.ഐ.  വിവാദത്തോട് പ്രതികരിക്കാതെ എം.വി.ഗോവിന്ദന്‍ ഒഴിഞ്ഞുമാറി. നാളെ സി.പി.എം സെക്രട്ടേറിയറ്റ് യോഗത്തില്‍ പങ്കെടുക്കുമോയെന്ന് വ്യക്തമാക്കാതെ ഇ.പിയുടെ സസ്പെന്‍സ് തുടരുന്നു. 

ജാവഡേക്കറുമായുള്ളത് സൗഹൃദ കൂടിക്കാഴ്ചയെന്ന ഇ.പിയുടെ ന്യായീകരണം സ്വന്തം മുന്നണിയിലെ രണ്ടാം കക്ഷിക്ക് പോലും ദഹിക്കുന്നില്ല. അങ്ങനെയങ്ങ് പറഞ്ഞ് രക്ഷപെടാന്‍ പറ്റില്ലെന്ന ഉറച്ചനിലപാടിലാണ് സി.പി.ഐ. കേരളത്തില്‍ നിന്ന് മറ്റ് പാര്‍ട്ടിക്കാരെ വലവീശിപിടിക്കാന്‍ നടക്കുന്ന ജാവഡേക്കറെ അധികാര ദല്ലാളായ നന്ദകുമാറിനൊപ്പം കണ്ടത് ഗുരുതര തെറ്റ്. ഒരു വര്‍ഷം മുന്‍പ് നടന്ന കൂടിക്കാഴ്ച പാര്‍ട്ടിയെ അറിയിക്കാതിരുന്ന ശേഷം വോട്ടെടുപ്പിന്റെ അന്ന് രാവിലെ വെളിപ്പെടുത്തയതും സംശയകരമെന്നാണ് സി.പി.ഐ നിലപാട്. തിരഞ്ഞെടുപ്പ് ദിവസം ഇടത് മുന്നണി കണ്‍വീനറുടെ ബി.ജെ.പി ബന്ധം ചര്‍ച്ചയായത് മുന്നണിയുടെ വിശ്വാസ്യതയെ തകര്‍ത്തെന്നും സി.പി.ഐ കരുതുന്നു. അതിനാല്‍ ഇ.പി വിവാദം സി.പി.എമ്മിന്റെ ആഭ്യന്തര പ്രശ്നം മാത്രമല്ല. മുന്നണിയുടെ വിഷയമാണ്. ജയരാജന് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് മാറ്റണം. ഇല്ലങ്കില്‍ അക്കാര്യം പരസ്യമായി ആവശ്യപ്പെടാനുമാണ് തീരുമാനം.

എന്നാല്‍ വോട്ടെടുപ്പ് ദിവസത്തെ ആദ്യ പ്രതികരണത്തിന് ശേഷം സി.പി.എം നേതാക്കളാരും വിവാദത്തേക്കുറിച്ച് മിണ്ടിയിട്ടില്ല. എം.വി.ഗോവിന്ദന്‍ ഇന്നും ഒഴിഞ്ഞുമാറി.തിരഞ്ഞെടുപ്പ് വിലയിരുത്തലിന് ചേരുന്ന നാളത്തെ സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ വിഷയം ചര്‍ച്ചയായേക്കും. പക്ഷെ കണ്ണൂരിലുള്ള ഇ.പി യോഗത്തിനെത്തുമോയെന്നതാണ് അടുത്ത കൗതുകം.

എൽ ഡി എഫ് കൺവീനർ സ്ഥാനത്ത് തുടരുന്നതില്‍ മുന്നണിക്ക് പുറമേ പാര്‍ട്ടിയിലും എതിർപ്പ് ഉയർന്നിട്ടുണ്ട്. കേന്ദ്ര കമ്മിറ്റി അംഗമായതിനാൽ സെക്രട്ടറിയേറ്റിന് ഇ പിയ്ക്കെതിരെ നടപടി എടുക്കാനാവില്ല. എന്നാൽ സംസ്ഥാന കമ്മിറ്റിക്കു ശുപാർശ ചെയ്യാം.

EP Jayarajan is isolated within the left front

MORE IN KERALA
SHOW MORE