നെഞ്ചിൽ 33 കുത്തുകൾ; പ്രണയം പകയായി; വീട്ടില്‍കയറി കൊടുംക്രൂരത

സൂര്യഗായത്രിയും അവളുടെ അമ്മ വല്‍സലയും തിരുവനന്തപുത്തുകാര്‍ക്കെന്നല്ല, മലയാളികളെയെല്ലാം വേദനിപ്പിച്ച അമ്മയും മകളും. തിരുവനന്തപുരം നെടുമങ്ങാട് സ്വദേശിയും പോളിയോ ബാധിതയുമായ വല്‍സലയുടെ ഏകമകളെ വീട്ടില്‍ കയറി കൊലപ്പെടുത്തുക. സൂര്യഗായത്രിയുടെ പ്രായം ഇരുപത്. പ്രതി അരുൺ. വിവാഹാഭ്യര്‍ഥന നിരസിച്ചതാണ് സൂര്യഗായത്രിയെ കൊലപ്പെടുത്താന്‍ അരുണിനെ പ്രേരിപ്പിച്ചതെന്നാണ് കണ്ടെത്തല്‍. ലോട്ടറി വിറ്റ് കുടുംബം പോറ്റിയും മകളെ പഠിപ്പിക്കുകയും ചെയ്ത് വല്‍സലയുടെ വാര്‍ധക്യത്തിലെ പ്രതീക്ഷയാണ് അരുണ്‍ ഇല്ലാതാക്കിയത്.  

വല്‍സല, ഈ അമ്മ ഇങ്ങനെ വാതില്‍പ്പടിയിലിരുന്ന് ഇങ്ങനെ ഉത്തരംകിട്ടാതെ നോക്കാന്‍ തുടങ്ങിയിട്ട് ദിവസങ്ങളായി. പണ്ട് തന്‍റെ പൊന്നുമോള്‍ ഒാടിവരുന്നതും കാത്തിരിക്കും ഈ അമ്മ. ശ്രീകൃഷ്ണജയന്തിയുടെ ആ തിങ്കളാഴ്ച  വരെ. അതെ, അതായിരുന്നു വല്‍സല്ക്ക് സൂര്യഗായത്രി എന്ന മോള്‍. ചെറുപ്പത്തിലേ പോളിയോ ബാധിച്ച വല്‍സലക്ക് കൈത്താങ്ങായി എത്തിയ ആള്‍ സൂര്യഗായത്രിക്ക് ഒന്നരവയസായപ്പോഴേക്കും പോയി. പിന്നീട് വയ്യാത്ത കാലുമായി ലോട്ടറിവിറ്റ് വല്‍സല സൂര്യഗായത്രിയെ വളര്‍ത്തി. വളരുമ്പോള്‍ തന്നെ മകള്‍ പൊന്നുപോലെ നോക്കുമെന്ന് ഈ അമ്മയ്ക്ക് ഉറപ്പായിരുന്നു. അവള്‍ അത് ഇടക്കിടെ പറയുമായിരുന്നു.

വാര്‍ധക്യത്തില്‍ താങ്ങായി ശിവദാസനുമെത്തി. എല്ലാവരുടേയും പ്രതീക്ഷ സൂര്യഗായത്രിയിലായിരുന്നു. പക്ഷേ അന്ന് ശ്രീകൃഷ്ണ ജയന്തിയുടെ അന്ന് ഉച്ചയ്ക്ക് രണ്ടുമണി സമയം. നെഞ്ചില്‍ 33 കുത്തുകള്‍. അവള്‍ അമ്മയുടെ കയ്യില്‍ നിന്ന് വെള്ളം വാങ്ങിക്കുടിച്ചു. അപ്പോഴേക്കും അയല്‍വാസികള്‍ ഒാടിയെത്തി. രക്തത്തില്‍ കുളിച്ചുകിടക്കുന്ന നിലയിലാണ് എല്ലാവരും സൂര്യഗായത്രിയെ കണ്ടത്. ജീവന്‍ തുടിച്ചിരുന്ന സൂര്യഗായത്രിയെ ഉടന്‍ അയല്‍വാസികള്‍ ആശുപത്രയിലേക്ക് മാറ്റി. ഇതിനിടെ പ്രതി അരുണ്‍ വീടിനു പുറകിലെ റബര്‍തോട്ടത്തിലേക്ക് ഒാടിയിരുന്നു. വിവാഹഅഭ്യര്‍ഥന നിരസിച്ചതിനാണ് കൊലപാതകമെന്ന് പ്രതി മൊഴി നല്‍കിയെന്ന് പൊലീസ് പറഞ്ഞു.

പതിനഞ്ചാമത്തെ വയസില്‍ വിവാഹഅഭ്യര്‍ഥന നടത്തുക. പറ്റില്ലെന്ന് പറഞ്ഞതോടെ വൈരാഗ്യം. പിന്നീട് വര്‍ഷങ്ങള്‍ക്കിപ്പുറം ദാരുണമായി സൂര്യഗായത്രിയെ വീട്ടില്‍ കയറി കുത്തിക്കൊലപ്പെടുത്തുക. അതും 33 തവണ കുത്തി. വിശ്വസിക്കാന്‍ പ്രയാസം തോന്നുന്ന സൂര്യഗായത്രിയുടെ കൊലയ്ക്ക് പിന്നില്‍ മറ്റെന്തെങ്കിലും കാരണങ്ങളുണ്ടോ.

ഒരു പ്രണയനൈരാശ്യം ഇത്രവലിയ കൊലപാതകത്തിലേക്ക് നയിക്കുമോ എന്നതാണ് എല്ലാവരുടേയും ചോദ്യം. അതും വര്‍ഷങ്ങള്‍ക്ക് ശേഷം. വൈരാഗ്യം മനസില്‍ സൂക്ഷിച്ച് അരുണ്‍ പട്ടാപ്പകല്‍ നടത്തിയ കൊല. സൂര്യഗായത്രിയെ കൊലപ്പെടുത്തി സ്വയം മുറിവേല്‍പ്പിച്ച് രക്ഷപെട്ട അരുണിന്‍റെ ലക്ഷ്യം ജീവനൊടുക്കല്‍ ആയിരുന്നോ. 

നീണ്ട ആസൂത്രണത്തിനൊടുവിലാണ് അരുണ്‍ സൂര്യഗായത്രിയെ കൊലപപെടുത്താന്‍ വീട്ടിലെത്തിയത്. മൂന്നുദിവസം ഇവിടെയെത്തി സ്ഥലവും പരിസവും വീക്ഷിച്ചു. അധികമാരും സ്ഥലത്തില്ലാത്ത സമയം ഉച്ചയാണെന്ന് തിരിച്ചറിഞ്ഞാണ്  ആ സമയം അരുണ്‍ തിരഞ്ഞെടുത്തത്. നേരത്തെ അരുണും സൂര്യഗായത്രിയും തമ്മില്‍ പ്രണയത്തിലായിരുന്നു. പിന്നീട് കൊല്ലത്തെ ഒരാളെ വിവാഹം കഴിച്ച് പോയ സൂര്യഗായത്രിയുമായി പിന്നീട് ബന്ധമില്ലായിരുന്നു. ആ ബന്ധം ഉപേക്ഷിച്ച് തിരിച്ചെത്തി മാസങ്ങള്‍ക്ക് ശേഷമാണ് സൂര്യഗായത്രി കൊല്ലപ്പെടുന്നത്. സൂര്യഗായത്രി തനിക്ക് ബാധ്യതയാകും എന്ന് കരുതിയാണ് കൊലയെന്നാണ് പ്രതിയുടെ മൊഴി. പക്ഷേ ഇതൊന്നും പോര ഇത്രയും ദാരുണമായ കൊലപാതകത്തിന്‍റെ കാരണമെന്ന് പൊലീസിനും ഉറച്ച വിശ്വാസമുണ്ട്.

വര്‍ഷങ്ങള്‍ക്ക് മുമ്പ് സൂര്യഗായത്രിയുടെ കഴുത്തിലുണ്ടായിരുന്ന മാല അരുണ്‍ നടുറോഡില്‍ വെച്ച് പൊട്ടിച്ചോടിയെന്ന് അമ്മ വല്‍സല പറയുന്നു. മൃതദേഹം ഏറ്റുവാങ്ങി ഹൃദയം പൊട്ടികരയുന്ന വല്‍സലയുടെ ചിത്രം നൊമ്പരപ്പെടുത്തുന്നതാണ്. സ്വന്തമായി വീടില്ലാത്തതിനാല്‍ നഗരസഭ ഏറ്റെടുത്ത് സൂര്യഗായത്രിയുടെ മൃതദേഹം  പൊതുശ്മശാനത്തില്‍ സംസ്കരിച്ചു.. നേരെ നടക്കാന്‍ പോലും കഴിയാത്ത അമ്മ. വാര്‍ധക്യരോഗങ്ങളാല്‍ പ്രതീക്ഷ നഷ്ടപ്പെട്ട പിതാവ്. ഏകമകളുടെ വിയോഗത്തിന് ശേഷം  എന്തിന് ജീവിക്കണം   എന്ന ഇവരുടെ ചോദ്യത്തിന് ആര്‍ക്കും ഉത്തരം കൊടുക്കാന്‍ കഴിയുന്നില്ല.

പ്രണയം നിരസിച്ചതിന്‍റെ പേരിലും പ്രണയത്തില്‍ നിന്ന് പിന്‍മാറിയതിന്‍റെ പേരിലും ഒട്ടേറെ കൊലപാതകങ്ങള്‍ നടന്നുകൊണ്ടേയിരിക്കുന്നു. ആ പട്ടികയിലേക്ക് സൂര്യഗായത്രിയുടെ പേരും. പക്ഷേ ഇരുപതാം വയസില്‍ സൂര്യഗായത്രിയെ കൊലപ്പെടുത്തി പകയ്ക്ക് ശമനം കണ്ടെത്തിയിരിക്കാം അരുണ്‍. പക്ഷേ സ്വന്തം ജീവിതം ഇനി അഴിക്കുള്ളില്‍. സ്വന്തം ജീവിതം നശിപ്പിച്ച് വൈരാഗ്യം ചെയ്യാന്‍ പുറപ്പെടുന്നവര്‍ ഒരിക്കലെങ്കിലും ചിന്തിക്കുക പ്രതിയാകുമ്പോഴുള്ള നഷ്ടങ്ങള്‍.