ഗ്രീഷ്മ അപകടനില തരണം ചെയ്തു; ഉടൻ ഡിസ്ചാർജ് ചെയ്യില്ല; കസ്റ്റഡിയിലെടുക്കുന്നത് നീളും

ഷാരോൺ കൊലക്കേസിൽ പ്രതികളായ ഗ്രീഷ്മയുടെ അമ്മയെയും അമ്മാവനെയും വിശദമായി ചോദ്യംചെയ്യാൻ അന്വേഷണസംഘം ഇന്ന് കസ്റ്റഡി അപേക്ഷ നൽകും. അതേസമയം, മെഡിക്കൽ കോളജിൽ കഴിയുന്ന ഗ്രീഷ്മയെ കസ്റ്റഡിയിൽ എടുക്കുന്നത് നീളും.

ഷാരോൺ വധക്കേസിൽ ഗ്രീഷ്മയുടെ അമ്മ സിന്ധുവും അമ്മാവൻ നിർമൽ കുമാറും തെളിവു നശിപ്പിക്കാൻ കൂട്ടുനിന്നെന്നാണ് അന്വേഷണ സംഘത്തിന്റെ നിലവിലെ വിലയിരുത്തൽ. ഷാരോണിന് ഗ്രീഷ്മ കഷായത്തിൽ കലർത്തി നൽകിയ കളനാശിനിയുടെ കുപ്പി ഉൾപ്പെടെ ഇരുവരുടെയും കൊണ്ടുള്ള തെളിവെടുപ്പിനിടെ കണ്ടെത്തിയിരുന്നു. ഇതിനപ്പുറം കൊലപാതകം ആസൂത്രണം ചെയ്യുന്നതിലടക്കം ഇവർക്ക് പങ്കുണ്ടോയെന്നാണ് അന്വേഷണസംഘം പരിശോധിക്കുകയാണ്. ഇതിന്റെ ഭാഗമായി ഇരുവരെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാൻ അന്വേഷണസംഘം നെയ്യാറ്റിൻകര കോടതിയിൽ അപേക്ഷ നൽകും. 

സിന്ധുവിനെ അട്ടക്കുളങ്ങര വനിതാ ജയിലിലും നിർമൽ കുമാറിനെ നെയ്യാറ്റിൻകര കോടതിയിലുമാണ് നിലവിലുള്ളത്. അതേസമയം, അണുനാശിനി കുടിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച ഗ്രീഷ്മ അപകടനില തരണം ചെയ്തെങ്കിലും ഉടൻ ഡിസ്ചാർജ് ചെയ്യില്ല. ഈ സാഹചര്യത്തിൽ ഗ്രീഷ്മയെ പൊലീസ് കസ്റ്റഡിയിൽ വാങ്ങുന്നത് നീളും. ഗ്രീഷ്മയുടെ അച്ഛനും ബന്ധുവായ യുവതിക്കും കൊലപാതകത്തിലോ തെളിവ് നശിപ്പിക്കലിലോ പങ്കില്ലെന്നാണ് നിലവിൽ അന്വേഷണ സംഘം വ്യക്തമാക്കുന്നത്. 

Greeshma overcomes danger; will not be discharged immediately; Detention will be prolonged