ഷാരോൺ വധക്കേസ്: ഗ്രീഷ്മയ്ക്ക് തിരിച്ചടി; വിചാരണ തമിഴ്നാട്ടിലേക്ക് മാറ്റില്ല

പാറശാല ഷാരോണ്‍ വധക്കേസ് വിചാരണ തമിഴ്നാട്ടിലേയ്ക്ക് മാറ്റണമെന്ന ആവശ്യം സുപ്രീംകോടതി നിരാകരിച്ചു. ഗ്രീഷ്മ അടക്കം പ്രതികള്‍ നല്‍കിയ ട്രാന്‍സ്ഫര്‍ ഹര്‍ജി ജസ്റ്റിസ് ദിപാങ്കര്‍ ദത്തയാണ് തള്ളിയത്. വിചാരണ കേരളത്തില്‍ നടത്തുന്നതിലുള്ള എതിര്‍പ്പ് വിചാരണ കോടതിയില്‍ വ്യക്തമാക്കാമെന്ന് പ്രതികള്‍ നേരത്തെ ഹൈക്കോടതിയില്‍ അറിയിച്ചിരുന്നു. കാമുകന്‍ ഷാരോണിനെ കഷായത്തില്‍ വിഷം നല്‍കി കൊലപ്പെടുത്തിയ കേസില്‍ പ്രതി ഗ്രീഷ്മയ്ക്ക് തിരിച്ചടി. കേസിന്‍റെ വിചാരണ നാഗര്‍കോവില്‍ ജില്ലാ സെഷന്‍സ് കോടതിയിലേയ്ക്ക് മാറ്റണമെന്ന ഹര്‍ജി സുപ്രീംകോടതി തള്ളി. പ്രതികളായ ഗ്രീഷ്മയും ഗ്രീഷ്മയുടെ അമ്മയും അമ്മാവനുമാണ് ട്രാന്‍സ്ഫര്‍ ഹര്‍ജി നല്‍കിയിരുന്നത്. കുറ്റകൃത്യം നടന്നുവെന്ന് പൊലീസ് പറയുന്നത് തമിഴ്നാട്ടിലായതിനാല്‍ വിചാരണ അവിടെ നടത്തണമെന്ന് പ്രതികളുടെ അഭിഭാഷകര്‍ വാദിച്ചു. 

കേസിലെ നടപടികള്‍ കേരളത്തില്‍ നടക്കുന്നത് പ്രതികള്‍ക്ക് നീതി ലഭിക്കാന്‍ തടസമാകും. കന്യാകുമാരിയില്‍ നിന്ന് വിചാരണ നടപടികള്‍ക്കായി കേരളത്തില്‍ വരുന്നതിന് പ്രായോഗിക ബുദ്ധിമുട്ടുകളുണ്ട്. ഷാരോണ്‍ മരിച്ചത് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ആയതുകൊണ്ടുമാത്രം കേസ് തിരുവനന്തപുരം കോടതിക്ക് പരിഗണിക്കാനാകില്ല. കുറ്റകൃത്യം നടന്ന സ്ഥലത്തെ കോടതിയാണ് കേസ് പരിഗണിക്കേണ്ടതെന്ന് ക്രിമിനല്‍ നടപടി ചട്ടം 177–ാം വകുപ്പ് നിര്‍ദേശിക്കുന്നതായും പ്രതികളുടെ അഭിഭാഷകര്‍ ഉന്നയിച്ചു. ഇക്കാര്യങ്ങള്‍ വിചാരണ കോടതിയിലാണ് പറയേണ്ടതെന്ന് ചൂണ്ടിക്കാട്ടിയാണ് ട്രാന്‍സ്ഫര്‍ ഹര്‍ജി തള്ളിയത്. 

നെയ്യാറ്റിന്‍കര അഡിഷനല്‍ ജില്ലാ സെഷന്‍സ് കോടതിയിലാണ് അന്വേഷണ റിപ്പോര്‍ട്ട് ഫയല്‍ ചെയ്തത്. 2022 ഒക്ടോബര്‍ 14ന് ഗ്രീഷ്മ വിഷം കലര്‍ത്തി നല്‍കിയ കഷായവും ജൂസും കുടിച്ച് ഒക്ടോബര്‍ 25നാണ് ഷാരോണ്‍ കൊല്ലപ്പെട്ടതെന്ന് പൊലീസ് പറയുന്നു. ഹൈക്കോടതി ജാമ്യം അനുവദിച്ചതിനെ തുടര്‍ന്ന് സെപ്റ്റംബര്‍ 25ന് ജയില്‍ മോചിതയായതിന് പിന്നാലെയാണ് ഗ്രീഷ്മ സുപ്രീംകോടതിയെ സമീപിച്ചത്. 

Supreme court rejected Greeshmas plea to transfer the trial to Tamilnadu

വാര്‍ത്തകളും വിശേഷങ്ങളും വിരല്‍ത്തുമ്പില്‍. മനോരമന്യൂസ് വാട്സാപ് ചാനലില്‍ ചേരാം. ഇവിടെ ക്ലിക് ചെയ്യൂ.