പാട്ടും ഡാന്‍സുമല്ല ഹിന്ദു വിവാഹം; ആചാരങ്ങള്‍ പിന്തുടര്‍ന്നില്ലെങ്കില്‍ സാധുതയില്ല: സുപ്രീംകോടതി

ആചാരങ്ങളും അനുഷ്ഠാനങ്ങളും ഇല്ലാതെ നടക്കുന്ന ഹിന്ദു വിവാഹങ്ങള്‍ സാധുവാകില്ലെന്ന സുപ്രധാന നിരീക്ഷണവുമായി സുപ്രീംകോടതി. പാട്ടും ഡാന്‍സും ഭക്ഷണവുമെല്ലാമാണ് ഹിന്ദു വിവാഹം എന്ന് കരുതരുത് എന്നും കോടതി പറഞ്ഞു. ജസ്റ്റിസ് ബി.വി.നാഗരത്ന, അഗസ്റ്റിന്‍ ജോര്‍ജ് മസീഹുവും അടങ്ങുന്ന ബെഞ്ചിന്റേതാണ് നിരീക്ഷണങ്ങള്‍. 

രണ്ട് പൈലറ്റുമാരുടെ വിവാഹമോചനവുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുമ്പോഴാണ് കോടതിയുടെ പരാമര്‍ശം. ചടങ്ങുകളൊന്നും നടത്താതെയായിരുന്നു ഇവരുടെ വിവാഹം. ഇന്ത്യന്‍ സമൂഹം വലിയ മുല്യമുള്ള പദവി നല്‍കുന്ന ദിവ്യകര്‍മമാണ് വിവാഹം. അത് വിശുദ്ധമാണെന്നും കോടതി പറഞ്ഞു. 

പാട്ടിനും ഡാന്‍സിനുമുള്ള വേദിയല്ല വിവാഹം. സ്ത്രീധനം ആവശ്യപ്പെടാനും നല്‍കാനും അതുവഴി സമൂഹത്തില്‍ കുറ്റകൃത്യങ്ങളിലേക്ക് നയിക്കാനുള്ള കാര്യവുമല്ല. ഹിന്ദു വിവാഹ നിയമത്തില്‍ പറയുന്നത് അനുസരിച്ചുള്ള ചടങ്ങുകളൊന്നുമില്ലാതെ വിവാഹം നടത്തി ഭാര്യാഭര്‍തൃ പദവി സ്വീകരിക്കുന്നതിനോട് വിയോജിപ്പാണെന്നും കോടതി പറഞ്ഞു.

ഒരു വാണിജ്യ ഇടപാടല്ല വിവാഹം.  ആജീവനാന്ത കാലത്തേക്ക് ഉഭയസമ്മതത്തോടേയും അന്തസ്സ് ഉറപ്പിക്കുന്നതുമായ ഒന്നിച്ചുചേരലാണ്. അതുകൊണ്ടാണു വിവാഹത്തെ വിശുദ്ധമായി കാണുന്നത്. ഹിന്ദു വിവാഹം സന്താനോൽപാദനത്തിനുള്ള സാഹചര്യങ്ങളൊരുക്കുകയും കുടുംബം എന്ന ഘടകത്തെ ഏകീകരിക്കുകയും ചെയ്യുന്നു. ഇതിലൂടെ വിവിധ സമുദായങ്ങൾക്കിടയിൽ സൗഹാർദം ഊട്ടിയുറപ്പിക്കുകയുമാണ് വിവാഹം ചെയ്യുന്നത് എന്നും കോടതി നിരീക്ഷിച്ചു. 

ഋഗ്വേദ പ്രകാരമുള്ള സപ്തപടി കഴിഞ്ഞാല്‍ വരൻ വധുവിനോട് പറയണം ഈ ഏഴ് പടികളിലൂടെ നമ്മൾ സുഹൃത്തുക്കളായി മാറിയിരിക്കുകയാണെന്ന്. ഒരാളുടെ പാതിയായാണു ഭാര്യയെ കാണുന്നത് എങ്കിലും അവളുടെ സ്വത്വവും വിവാഹത്തിലെ തുല്യപങ്കാളിത്തവും അംഗീകരിക്കേണ്ടതുണ്ട്. നല്ല പാതി എന്നൊരു കാര്യം ഇല്ല. രണ്ടുപേരും വിവാഹത്തിൽ തുല്യ പങ്കാളികളാണ് കോടതി നിരീക്ഷിച്ചു.

'Hindu Marriage Not Valid Unless Performed With Ceremonies'