'അരവിന്ദ് കേജ്​രിവാളിന് ഇടക്കാല ജാമ്യം കൊടുക്കുന്നത് പരിഗണിക്കും'

ലോക്സഭാ തിരഞ്ഞെടുപ്പായതിനാല്‍  ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന് ഇടക്കാല ജാമ്യം കൊടുക്കുന്നത് പരിഗണിക്കുമെന്ന് സുപ്രീംകോടതി.  കോടതി പരാമര്‍ശം അര്‍ഥതലങ്ങള്‍ക്ക് അപ്പുറത്തേക്ക് വ്യാഖ്യാനിക്കപ്പെടുമെന്ന് ഇഡി കോടതിയില്‍ പറഞ്ഞു.  ചൊവ്വാഴ്ച കേസില്‍ വാദം തുടരും. 

മദ്യനയ അഴിമതിയിലെ അറസ്റ്റിനെ ചോദ്യം ചെയ്തുള്ള ഹര്‍ജിയില്‍  രണ്ടാം ദിവസം വാദം അവസാനിക്കുമ്പോഴാണ് കോടതിയുടെ  അപ്രതീക്ഷിതമായ പരാമര്‍ശം. തിരഞ്ഞെടുപ്പായതിനാല്‍  ഇടക്കാല ജാമ്യം പരിഗണിക്കാമെന്നാണ്  ജസ്റ്റീസ് സജ്ജീവ് ഖന്ന സൂചിപ്പിച്ചത്. അറസ്റ്റിനെ ചോദ്യം ചെയ്തുള്ള ഹര്‍ജിയില്‍ വാദം നീണ്ടു പോകാനുള്ള സാധ്യതകൂടി പരിഗണിച്ചായിരുന്നു കോടതിയുടെ വാക്കാലുള്ള പരാമര്‍ശം. ഇടക്കാല ജാമ്യം എന്നതില്‍ നിലപാട് പറയാന്‍ തയാറാവാന്‍ ഇഡി അഭിഭാഷകനോട് നിര്‍ദേശിച്ചു. എന്നാല്‍ കോടതിയുടെ പരാമര്‍ശം യഥാര്‍ഥ അര്‍ഥത്തിന് അപ്പുറത്തേക്ക് വ്യാഖ്യാനിക്കപ്പെടുമെന്ന് ഇഡിക്ക് വേണ്ടി ASG എസ് വി രാജു. ജാമ്യത്തിലിറങ്ങി സജ്ജയ് സിങ് നടത്തുന്ന പ്രസംഗങ്ങള്‍ നോക്കണമെന്നും ASG പറഞ്ഞു.  എന്നാല്‍ ഇടക്കാല ജാമ്യം കൊടുക്കുമെന്നോ അല്ലെന്നോ അല്ല പറഞ്ഞതെന്നും മറ്റ് പരാമര്‍ശങ്ങള്‍ ഒന്നും നടത്തുന്നില്ലെന്നും ജസറ്റീസ് സജ്ജീവ് ഖന്ന കൂട്ടിച്ചേര്‍ത്തു.    കേജ്രിവാള്‍ ഇരിക്കുന്ന പദവി കണക്കിലെടുത്ത് ജയിലില്‍ ഫയലുകള്‍ ഒപ്പിടാമോ സാധ്യമാണോ അല്ലയോ എന്നതും കോടതി പരിശോധിക്കും. ഡല്‍ഹിയില്‍ ലോക്സഭാ തിരഞ്ഞെടുപ്പ് എന്നാണ് എന്ന ചോദ്യവും കോടതിയില്‍ നിന്നുണ്ടായി. അറസ്റ്റിനെ ഇതുവരെ അംഗീകരിക്കാത്ത  കേജ്രിവാള്‍ ഇടക്കാല ജാമ്യത്തിന് കോടതിയില്‍ വാദിക്കുമോ അതോ ഇരവാദം ഉയര്‍ത്താന്‍ ഇടക്കാല ജാമ്യം വേണ്ടെന്ന നിലപാട് സ്വീകരിക്കുമോ എന്നതാണ് ഇനി അറിയേണ്ടത് 

sc will consider granting bail to kejriwal