ഷാരോണ്‍ വധം: കുറ്റം ചെയ്തിട്ടില്ലെന്ന് ഗ്രീഷ്മ കോടതിയില്‍

കഷായത്തിൽ വിഷം കലർത്തി കാമുകനെ കൊലപ്പെടുത്തിയ കേസിൽ വിചാരണ ഒക്ടോബറിൽ തുടങ്ങും. പാറശാല സ്വദേശി ഷാരോണിനെ കൊലപ്പെടുത്തിയ കേസിൽ കുറ്റം ചെയ്തിട്ടില്ലെന്ന് പെൺസുഹൃത്തായ ഗ്രീഷ്മയും മറ്റ് പ്രതികളും കോടതിയെ അറിയിച്ചു. കുറ്റപത്രം വായിച്ചുകേൾപ്പിച്ചപ്പോഴായിരുന്നു പ്രതികളുടെ പ്രതികരണം. 

2022 ഒക്ടോബർ പതിനാലിന് ഷാരോണിനെ വീട്ടിൽവിളിച്ചുവരുത്തി കാമുകിയായ ഗ്രീഷ്മ കഷായത്തിൽ വിഷം നൽകിയെന്നാണ് കേസ്. ഗ്രീഷ്മ, അമ്മ സിന്ധു, അമ്മാവൻ നിർമൽകുമാർ എന്നിവരാണ് പ്രതികൾ. കൊലപാതകം, വിഷം നൽകി അപായപ്പെടുത്തൽ, തെളിവുനശിപ്പിക്കൽ ഉൾപ്പെടെ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് ജഡ്ജിക്ക് മുൻപാകെ ഹാജരായ പ്രതികളോട് കുറ്റപത്രം വായിച്ചുകേൾപ്പിച്ച ശേഷം കുറ്റം ചെയ്തിട്ടുണ്ടോയെന്ന് ജഡ്ജി ആരാഞ്ഞു. മൂന്നുപേരും ഇല്ലെന്ന് മറുപടി നൽകി. വിചാരണ ഒക്ടോബറിൽ തുടങ്ങുമെന്ന് കോടതി അറിയിച്ചു. 

മൂന്നു പ്രതികളും നിലവിൽ ജാമ്യത്തിലാണ്. കാർപിക്ക് എന്ന കളനാശിനിയാണ് ഷാരോണിന് കലർത്തി നൽകിയതെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. ഇത് വാങ്ങി നൽകിയത് നിർമൽകുമാറാണെന്നും തെളിവ് നശിപ്പിക്കാൻ അമ്മ സിന്ധു കൂട്ടുനിന്നുവെന്നുമാണ് കേസ്. ആദ്യം പാറശാല പൊലീസും തുടർന്ന് ക്രൈംബ്രാഞ്ചും അന്വേഷിച്ച കേസിൽ 142 സാക്ഷികളുണ്ട്. കുറ്റകൃത്യം നടന്നത് തമിഴ്നാട്ടിലായതിനാൽ വിചാരണ അവിടേക്ക് മാറ്റണമെന്ന ഗ്രീഷ്മയുടെ ഹർജി ഹൈക്കോടതി തള്ളിയിരുന്നു. 

Sharon murder case update