4 പേരെ കൊലപ്പെടുത്തിയ പ്രതി മരിച്ച നിലയിൽ; മൃതദേഹത്തിന് ഒരാഴ്ച പഴക്കം

ഇടുക്കി കമ്പകക്കാനം കൂട്ടക്കൊലക്കേസിലെ ഒന്നാം പ്രതിയെ വിഷം കഴിച്ച് മരിച്ച നിലയിൽ കണ്ടെത്തി. ഒരു കുടുംബത്തിലെ 4 പേരെ കൊലപ്പെടുത്തിയ കേസിലെ പ്രതി തേവർകുടിയിൽ അനീഷിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. അടിമാലി കൊരങ്ങാട്ടി ആദിവസിക്കുടിയിലെ വീട്ടിലുള്ള മൃതദേഹത്തിന് ഒരാഴ്ചയിലേറെ പഴക്കമുണ്ട്. 2018 ജൂലൈ 29 നു രാത്രി വണ്ണപ്പുറം കമ്പകക്കാനം കാനാട്ട് വീട്ടിൽ കൃഷ്ണൻ, ഭാര്യ സുശീല, മക്കളായ ആർഷ, അർജുൻ എന്നിവരെ തലയ്ക്കടിച്ചും വെട്ടിയും കുത്തിയും കൊലപ്പെടുത്തിയ ശേഷം മൃതദേഹങ്ങൾ വീടിനു പിന്നിലെ കുഴിയില്‍ മൂടി എന്നാണു കേസ്. മന്ത്രവാദം നടത്തിയിരുന്ന കൃഷ്ണന്റെ താളിയോലകൾ സ്വന്തമാക്കാനായിരുന്നു പ്രതികളുടെ നീക്കം. മന്ത്രവാദശക്തി സ്വന്തമാക്കാനാണു കൊലപാതകം നടത്തിയതെന്നായിരുന്നു പൊലീസിന്റെയും ആദ്യ കണ്ടെത്തല്‍. 

എന്നാല്‍ സ്വര്‍ണം മോഷ്ടിക്കുന്നതിനിടെയുണ്ടായ കൊലപാതകമെന്നായിരുന്നു കുറ്റപത്രം. അന്വേഷണത്തിലെ വീഴ്ച്ചയും 90 ദിവസത്തിനകം കുറ്റപത്രം സമര്‍പ്പാക്കാത്തതിനാലും പ്രതികള്‍ക്ക് കോടതി ജാമ്യം അനുവദിച്ചു. തൊണ്ടിമുതലായ സ്വര്‍ണാഭരണങ്ങള്‍ കണ്ടെത്താനുമായില്ല. കൊലപാതകത്തിന്റെ ആസൂത്രകനും കൃഷ്ണന്റെ ശിഷ്യനുമായിരുന്നു മരിച്ച അനീഷ്. അനീഷിനെ കൂടാതെ തൊടുപുഴ സ്വദേശി ലിബീഷ് ബാബു, ശ്യാംപ്രസാദ്, മൂവാറ്റുപുഴ സ്വദേശി സനീഷ് എന്നിവരാണ് മറ്റ് പ്രതികൾ. ഇവര്‍ രണ്ട് വർഷം മുന്നേ ജാമ്യത്തിൽ ഇറങ്ങിയിരുന്നു. ഒരാഴ്ച്ചയായിട്ടും അനീഷിനെ വീടിന് പുറത്ത് കാണാതായതിനെ തുടര്‍ന്ന് അയല്‍ക്കാര്‍ നടത്തിയ അന്വേഷണത്തിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് പൊലീസ് നടത്തിയ പരിശോധനയില്‍ അടുക്കളയില്‍ നിന്ന് വിഷക്കുപ്പി കണ്ടെടുത്തിട്ടുണ്ട്.