മുസ്‌ലിം യുവതിയെ വിവാഹംചെയ്ത ദലിത് യുവാവിനെ ഭാര്യയുടെ മുന്നിലിട്ട് കുത്തിക്കൊന്നു; ദാരുണം

ഭാര്യയോടൊപ്പം ബൈക്കിൽ പോകുകയായിരുന്ന മിശ്രവിവാഹിതനായ ദലിത് യുവാവിനെ നഗരമധ്യത്തില്‍വച്ച് യുവതിയുടെ ബന്ധുക്കൾ കുത്തി കൊലപ്പെടുത്തി. ഹൈദരാബാദിലാണ് സംഭവം. കാർ വിൽപനക്കാരനായ ബി.നാഗരാജുവാണ് (25) ദുരഭിമാനക്കൊലയ്ക്ക് ഇരയായത്. അടിച്ചും കുത്തിയും ക്രൂരമായിയാണ് കൊലപ്പെടുത്തിയത്. നാഗരാജുവിനെ ആക്രമിക്കുന്നതിന്‍റെ വിഡിയോ ദൃശ്യങ്ങളും പുറത്തുവന്നു. പ്രണയിച്ച് വിവാഹിതനായ നാഗരാജുവിനെ, ഭാര്യ സയ്യിദ് ആഷ്രിൻ സുൽത്താനയുടെ സഹോദരനും സുഹൃത്തുക്കളും ചേർന്ന് ഇരുമ്പുവടികൊണ്ട് അടിച്ചും കത്തികൊണ്ട് കുത്തിയും കൊല്ലുകയായിരുന്നെന്നു പൊലീസ് പറഞ്ഞു. ഇവരെ അറസ്റ്റ് ചെയ്തു. സംഭവത്തില്‍ സോഷ്യല്‍ മീഡിയയില്‍ അടക്കം വലിയ രീതിയുള്ള പ്രതിഷേധമാണ് ഉയര്‍ന്നുവരുന്നത്. 

'ട്രാഫിക്കും ആളുകളും തിങ്ങി നിറഞ്ഞ റോഡില്‍ നിമിഷങ്ങള്‍ക്കകം എല്ലാം കഴിഞ്ഞു. ആരും ഇയാളെ രക്ഷിക്കാന്‍ വന്നിലായിരുന്നു. റോഡിന്‍റെ നടുവില്‍വച്ചാണ് എന്‍റെ ഭര്‍ത്താവിനെ കൊന്നത്. അഞ്ച് പേരുണ്ടായിരുന്നു. അതില്‍ എന്‍റെ ജേഷ്ഠനും മറ്റ് ആളുകളും ആ സംഘത്തിലുണ്ടായിരുന്നു. എല്ലാവരോടും ഞാന്‍ അപേക്ഷിച്ചു ആരും രക്ഷപ്പെടുത്താന്‍ വന്നില്ല. എന്‍റെ കണ്‍മുന്നില്‍വച്ച് അദ്ദേഹത്തെ അവര്‍ കൊന്നു'- ഭാര്യ സുല്‍ത്താന പറഞ്ഞു.

ബാല്യകാല സുഹൃത്തുക്കളും സഹപാഠികളുമായിരുന്ന നാഗരാജുവും ആഷ്രിൻ സുൽത്താനയും കഴിഞ്ഞ ജനുവരി 31 ന് ആര്യസമാജത്തിലാണ് വീട്ടുകാരുടെ എതിർപ്പ് അവഗണിച്ച് വിവാഹിതരായത്. ആഷ്രിൻ പല്ലവിയെന്നു പേരുമാറ്റുകയും ചെയ്തു. വിവാഹശേഷവും ആഷ്രിന്റെ വീട്ടുകാർ നാഗരാജുവിനെ ഭീഷണിപ്പെടുത്തിക്കൊണ്ടിരുന്നു. ഇതേക്കുറിച്ചു പൊലീസിൽ പരാതി നൽകിയെങ്കിലും നടപടി സ്വീകരിച്ചില്ലെന്ന് ആക്ഷേപമുണ്ട്. ബുധനാഴ്ച രാത്രി 8.45ന് സരൂൻ നഗറിൽ ബൈക്കിൽ സഞ്ചരിച്ച ദമ്പതികളെ ആഷ്രിന്റെ സഹോദരൻ സയ്യിദ് മോബിൻ അഹമ്മദ്, മുഹമ്മദ് മസൂദ് അഹമ്മദ് എന്നിവർ തടഞ്ഞുനിർത്തി ആക്രമിക്കുകയായിരുന്നു. തടയാൻ ആഷ്രിൻ ശ്രമിക്കുന്നതും നിലവിളിക്കുന്നതും സംഭവസ്ഥലത്തെ സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്.