ലഹരി വസ്തുക്കളുമായി പിടിയിലായ ബ്രിസ്റ്റിയുടെ ജാമ്യാപേക്ഷ വിധി പറയാൻ മാറ്റി

വാഗമണിൽ നിശാ പാർട്ടിക്കിടെ ലഹരി വസ്തുക്കളുമായി പിടിയിലായ മോഡൽ ബ്രിസ്റ്റി ബിശ്വാസിന്റെ  ജാമ്യാപേക്ഷ ഹൈക്കോടതി വിധി പറയാൻ മാറ്റി. ആറര ഗ്രാം ക‌ഞ്ചാവ് മാത്രമാണ് തന്നിൽ നിന്ന് പിടികൂടിയതെന്നും ലഹരി കടത്തിൽ ബന്ധമില്ലെന്നുമാണ് ബ്രിസ്റ്റിയുടെ വാദം. 

നിശാപാർട്ടി നടത്തിയ കേസിലാണ് മോഡൽ  ബ്രിസ്റ്റി ബിശ്വാസ് അടക്കം 9 പേരെ പോലീസ് ഡിസംബർ 21 ന് പോലീസ് അറസ്റ്റ് ചെയ്യുന്നത്.  എൽഎസ്ഡി, എംഡിഎംഎ, ഹാഷിഷ് അടക്കം 7 ഇനം വീര്യം കൂടിയ ലഹരി വസ്തുക്കൾ ആണ് റെയ്ഡിൽ കണ്ടെത്തിയത്.  കേസിൽ 9 ആം പ്രതിയാണ് എറണാകുളം  തൃപ്പൂണിത്തുറ സ്വദേശിയായ ബ്രിസ്റ്റി ബിശ്വാസ് .  പോലീസ് അറസ്റ്റ് ചെയ്യുമ്പോൾ തന്‍റെ കൈവശം ആറരഗ്രാം കഞ്ചാവ് മാത്രമാണ് ഉണ്ടായിരുന്നതെന്നും വീര്യം കൂടിയ ലഹരി വസ്തുക്കൾ എത്തിച്ചതിൽ തനിക്ക് അറിവില്ലെന്നുമാണ് ഇവരുടെ വാദം. അതേസമയം വാട്സ് ആപ് ഗ്രൂപ്പ് വഴി ആളുകളെ സംഘടിപ്പിച്ച് ലഹരി പാർട്ടി നടത്തുന്നതിൽ ബ്രിസ്റ്റിയ്ക്കും പങ്കുണ്ടെന്നും അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നും പ്രോസിക്യൂഷൻ അറിയിച്ചു. 

ഇതര സംസ്ഥാനങ്ങളിലടക്കം കൂടുതൽ പ്രതികൾക്കായി പരിശോധന നടക്കുകയാണെന്നും പ്രോസിക്യൂഷൻ വ്യക്തമാക്കി.  ഹർജിയിൽ വാദം കേട്ട കോടതി  കേസ്   വിധി പറയാൻ മാറ്റിയിട്ടുണ്ട്.  ഇടുക്കി ക്രൈം ബ്രാഞ്ച് എസ്പിയുടെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.  പാർട്ടിയ്ക്കെത്തിയ 48 പേരുടെ വിശദാംസങ്ങൾ ശേഖരിച്ച് പോലീസ് വിട്ടയച്ചിരുന്നു. തൊടുപുഴ സ്വദേശി അജ്മൽ ആണ് ബംഗലുരു വഴി നിശാ പാർട്ടികളിലേക്ക് മയക്ക്മരുന്നുകൾ എത്തിച്ചതെന്നാണ് കണ്ടെത്തൽ .