'മൊബൈലും ലഹരിയുമല്ല; വിദ്യാര്‍ഥികൾക്ക് വേണ്ടത് നല്ല അധ്യാപകർ'; നല്ലപാഠം

വിദ്യാർഥികളിലെ മൊബൈൽഫോൺ ആസക്തിയും ലഹരിമരുന്ന് ഉപയോഗവും നിയന്ത്രിക്കാൻ അധ്യാപകർക്കു മാത്രമേ കഴിയൂ എന്ന് മജീഷ്യന്‍ ഗോപിനാഥ് മുതുകാട്.  മലയാള മനോരമ നല്ലപാഠം കോഴിക്കോട് ജില്ലാതല ജേതാക്കൾക്കുള്ള പുരസ്കാരസമർപ്പണവും  അധ്യാപക സംഗമവും ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് എം.പി. ശിവാനന്ദന്‍ ഉദ്ഘാടനം ചെയ്തു. 

പതിവുപോലെ മാജിക്കിലൂെട കഥപറഞ്ഞാണ് ഗോപിനാഥ് മുതുകാട് തുടങ്ങിയത്. ലഹരിയെന്ന ശീലത്തെ ഇല്ലായ്മ ചെയ്യേണ്ടത് എങ്ങനെയെന്നും അദ്ദേഹം വിശദീകരിച്ചു. കോവിഡ് കാലത്തിനുശേഷം ക്ലാസ്മുറികളിലേക്ക് തിരിച്ചെത്തിയെങ്കിലും വിദ്യാർഥികൾ ഇപ്പോഴും മൊബൈൽഫോണിന്റെ ഉപയോഗത്തിൽനിന്ന് പിന്തിരിഞ്ഞിട്ടില്ല. ഇതിനൊപ്പമാണ് ലഹരിമരുന്നുകളുടെ ഉപയോഗം വ്യാപകമാവുന്നത് നല്ലപാഠം പോലുള്ള കൂട്ടായ്മയുടെ പിന്തുണയോടെ അധ്യാപകരും രക്ഷിതാക്കളും ഒരുമിച്ചു പ്രവർത്തിച്ചാൽ ലഹരിമുക്തമായ പുതുതലമുറയെ വാര്‍ത്തെടുക്കാനാകും. 

കഴിഞ്ഞ അധ്യയനവർഷം മലയാളമനോരമ നല്ലപാഠം പദ്ധതിയിൽ മികച്ച സാമൂഹികസേവന പ്രവർത്തനങ്ങൾ നടത്തിയതിന് ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടിയ വിദ്യാലയങ്ങള്‍ക്ക് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് എം.പി. ശിവാനന്ദന്‍ പുരസ്ക്കാരങ്ങള്‍ നല്‍കി. ജില്ലാതലത്തിൽ ഫുൾ എ പ്ലസ് നേടിയ 15 സ്കൂളുകൾക്കുള്ള പ്രശസ്തി പത്രം മജീഷ്യൻ ഗോപിനാഥ് മുതുകാട് സമ്മാനിച്ചു.