ഹെല്‍മെറ്റ് എടുത്തതിനെ ചൊല്ലി തര്‍ക്കം; യുവാക്കള്‍ക്ക് ക്രൂര മര്‍ദനം

helmet
SHARE

തൃശൂര്‍ മൂന്നുപീടികയില്‍ രണ്ടു യുവാക്കളെ ഒരു സംഘം യുവാക്കള്‍ വളഞ്ഞിട്ട് തല്ലി. ഹെല്‍മെറ്റ് എടുത്തതിനെ ചൊല്ലി നാട്ടിലെ യുവാക്കള്‍ തമ്മിലുള്ള വഴക്കാണ് അടിപിടിയില്‍ കലാശിച്ചത്. യുവാക്കളെ മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ മനോരമ ന്യൂസാണ് പുറത്തുവിട്ടത്. 

ഇന്നലെ വൈകിട്ട് ആറരയോടെയായിരുന്നു ഈ അക്രമം. തൃശൂര്‍ മൂന്നുപീടിക സ്വദേശികളായ അശ്വിനേയും നവീനേയുമാണ് ഒരു സംഘം യുവാക്കള്‍ ആക്രമിച്ചത്. ഹെല്‍മെറ്റ് എടുത്തതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് അക്രമത്തില്‍ കലാശിച്ചത്. അശ്വിന്റെ ഹെല്‍മെറ്റ് നാട്ടിലെതന്നെ യുവാക്കളിലൊരാള്‍ എടുത്തിരുന്നു. ഇതു തിരിച്ചുതരാതെ വന്നപ്പോള്‍ ആ യുവാവിന്റെ വീട്ടില്‍ക്കയറി മൊബൈല്‍ ഫോണിന്റെ ബ്ലൂടൂത്ത് ഇയര്‍ ഫോണ്‍ അശ്വിനെടുത്തു. ഈ തര്‍ക്കം അക്രമത്തില്‍ കലാശിച്ചെന്നാണ് പൊലീസിന്റെ അന്വേഷണത്തില്‍ ബോധ്യപ്പെട്ടത്. ഇരുകൂട്ടരും പരിചയക്കാരും ഒരേനാട്ടുകാരുമാണ്. യുവാക്കളെ വളഞ്ഞിട്ട് തല്ലുന്നത് കണ്ട് നാട്ടുകാരാണ് ഇടപ്പെട്ട് ഇവരെ പിരിച്ചുവിട്ടത്. ഇരിങ്ങാലക്കുട താലൂക്ക് ആശുപത്രിയില്‍ ഇരുവര്‍ക്കും ചികില്‍സ നല്‍കി വിട്ടു. പരാതി നല്‍കാത്തതിനാല്‍ കയ്പമംഗലം പൊലീസ് കേസെടുത്തില്ല. യുവാക്കള്‍ അക്രമം കാട്ടുന്നത് പതിവായതോടെ നാട്ടുകാര്‍ ഭീതിയിലാണ്. കയ്പമംഗലം പൊലീസ് കൂറേക്കൂടി ഉണര്‍ന്നു പ്രവര്‍ത്തിക്കണമെന്നാണ് നാട്ടുകാരുടെ അഭിപ്രായം.

Thrissur youth attack case

MORE IN KERALA
SHOW MORE