കൊക്കെയ്ന് അടിമയായിരുന്നു; ജീവിതം തിരികെ പിടിച്ചത് ഹുമ; വെളിപ്പെടുത്തി അക്രം

ചിത്രം: ഗൂഗിൾ

ലഹരിമരുന്നിന് താൻ അടിമയായിരുന്നുവെന്ന് വെളിപ്പെടുത്തി മുൻ പാക് ക്യാപ്റ്റനും സൂപ്പർതാരവുമായ വസീം അക്രം. ഉടൻ പുറത്തിറങ്ങുന്ന ആത്മകഥയിലാണ് അക്രത്തിന്റെ ഈ വെളിപ്പെടുത്തലെന്ന് ബിബിസി റിപ്പോർട്ട് ചെയ്യുന്നു. 'സുൽത്താൻ: ഒരു ഓർമക്കുറിപ്പ്' എന്നാണ് ആത്മകഥയ്ക്ക് പേരിട്ടിരിക്കുന്നത്. 

പ്രശസ്തിയുടെ മായിക ലോകത്തിൽ താൻ അകപ്പെട്ടിരുന്നുവെന്നും ദിവസം പത്ത് പാർട്ടിക്ക് പോകണമെന്ന് വിചാരിച്ചാൽ പോകാൻ സാധിക്കുന്നതാണ്  അന്നത്തെ സൗകര്യങ്ങളെന്നും അക്രം പറയുന്നു. റിട്ടയർമെന്റിന് ശേഷം പതിവായി പാർട്ടിക്ക് പോകാൻ താൻ ഇഷ്ടപ്പെട്ടിരുന്നു. ഇംഗ്ലണ്ടിൽ വച്ച് നടന്ന ഒരു പാർട്ടിയിൽ നിന്നാണ് ആദ്യമായി കൊക്കെയ്ൻ ഉപയോഗിച്ചത്. അത് സ്ഥിരമായി. പിന്നീട് എന്ത്ചെയ്യാനും കൊക്കെയ്ൻ കൂടിയേ തീരുവെന്ന അവസ്ഥയായി.

ലഹരി ഉപയോഗം ആദ്യ ഭാര്യയായിരുന്ന ഹുമയിൽ നിന്ന് ആദ്യം മറച്ച് വച്ചതായും അക്രം ആത്മകഥയിൽ പറയുന്നു. സ്ഥിരമായി പാർട്ടിക്ക് പോകുമ്പോൾ വീട്ടിലിരുന്ന് ഹുമ മടുത്തിരുന്നു. കറാച്ചിയിലേക്ക് തിരികെ പോകാമെന്ന് ഹുമ പറയുമ്പോഴേല്ലാം പാർട്ടികൾ അവസാനിപ്പിക്കേണ്ടി വരുമെന്ന ഭയം കൊണ്ട് താൻ വിസമ്മതിച്ചിരുന്നുവെന്നും അക്രം തുറന്ന് പറയുന്നു. തിരികെ നാട്ടിലെത്തി മാതാപിതാക്കൾക്കും ബന്ധുക്കൾക്കുമൊപ്പം കഴിയാനായിരുന്നു ഹുമയുടെ താൽപര്യം. 

ഒരു ദിവസം പഴ്സിൽ നിന്ന് കൊക്കെയ്ന്റെ പാക്കറ്റ് ഹുമ കണ്ടെത്തി. ചികിൽസ ആവശ്യമാണെന്ന് ഹുമ നേരിട്ട് പറഞ്ഞു. അപ്പോഴേക്കും വൈദ്യസഹായമില്ലാതെ സ്വാഭാവിക ജീവിതത്തിലേക്ക് മടങ്ങിവരാനാവില്ലെന്ന് തനിക്കും ബോധ്യപ്പെട്ടിരുന്നുവെന്ന് അക്രം പറയുന്നു. ഊണും ഉറക്കവും നഷ്ടപ്പെട്ടുവെന്നും കഠിനമായ തലവേദനയും മൂഡ്സ്വിങ്സും ഉണ്ടായെന്നും അക്രം എഴുതുന്നു.  ഹുമയുടെ നിസ്വാർഥവും ത്യാഗപൂർണവുമായ ഇടപെടലാണ് ലഹരിയുടെ പിടിയിൽ നിന്ന് തന്നെ മോചിപ്പിച്ചതെന്നും ഹുമയുടെ മരണം ജീവിതം മാറ്റി മറിച്ചുവെന്നും അക്രം പറയുന്നു. അന്ന് ഉപേക്ഷിച്ച ലഹരിയിലേക്ക് പിന്നീട് തിരികെ പോയിട്ടില്ലെന്നും അക്രം വ്യക്തമാക്കുന്നു.  2009 ലാണ് അക്രത്തിന്റെ ആദ്യഭാര്യയായ ഹുമ അപൂർവ അണുബാധയാൽ മരിച്ചത്.

Wasim Akram reveals he was addicted to cocaine