ലഹരിമരുന്ന് വാങ്ങാന്‍ മോഷണം; സൂപ്പര്‍ മാര്‍ക്കറ്റില്‍ കവര്‍ച്ച നടത്തിയ 2 പ്രതികള്‍ അറസ്റ്റില്‍

കോഴിക്കോട് കൊടുവള്ളി മണ്ണില്‍കടവിലെ സൂപ്പര്‍ മാര്‍ക്കറ്റില്‍ കവര്‍ച്ച നടത്തിയ രണ്ടു പ്രതികള്‍ അറസ്റ്റില്‍. പ്രതികള്‍ക്ക് കൂടുതല്‍ മോഷണങ്ങളില്‍ പങ്കുണ്ടെന്നാണ് ലഭിക്കുന്ന സൂചന. ലഹരിമരുന്ന് വാങ്ങാനാണ് മോഷണം നടത്തിയതെന്ന് 19ാകാരായ പ്രതികള്‍ മൊഴി നല്‍കി. കവര്‍ച്ചയുടെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. ഈ മാസം പതിനാലിന് പുലര്‍ച്ചെയാണ് മോഷണം നടന്നത്. സിസിടിവിയില്‍  മോഷ്ടാക്കളുടെ ദൃശ്യങ്ങള്‍ കൃത്യമായി പതിഞ്ഞിരുന്നു. കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ നിരീക്ഷിച്ച ശേഷം കസ്റ്റഡിയിെലടുത്ത പ്രതികള്‍ കുറ്റം സമ്മതിച്ചതോടെ അറസ്റ്റ് രേഖപ്പെടുത്തി. കക്കോടി സ്വദേശി നവീന്‍ കൃഷ്ണ, പോലൂര്‍ സ്വദേശി അഭിനന്ദ് എന്നിവരാണ് പിടിയിലായത്. ഇരുവരും 19 വയസുകാരാണ്. 

കേസില്‍ പ്രായപൂര്‍ത്തിയാകാത്ത ഒരാള്‍ കൂടി പിടിയിലാകാനുണ്ട്.  നരിക്കുനി, കൊടുവള്ളി സൗത്ത് എന്നിവിടങ്ങളില്‍ നിന്ന് സ്കൂട്ടര്‍ മോഷ്ടിച്ചത് ഇവരാണെന്ന് സമ്മതിച്ചിട്ടുണ്ട്. പിലാശേരിയിലെ കടയില്‍ പട്ടാപകല്‍ മോഷണം നടത്തിയ കേസിലും പ്രതികളാണ്. യുവാക്കള്‍ കൂടുതല്‍ കുറ്റകൃത്യത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് പൊലിസ് അന്വേഷിക്കുകയാണ്. ലഹരിമരുന്ന് വാങ്ങാനാണ് മോഷണം നടത്തിയത്. സിന്തറ്റിക് വിഭാഗത്തില്‍പ്പെട്ട ലഹരിമരുന്നിന് അടിമകളാണ് ഇവരെന്നും പൊലിസ് പറഞ്ഞു. പ്രതികളെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി.