പൊലീസിനെ വെട്ടിച്ചു കടന്നു മോഷണക്കേസ് പ്രതി; മുടി വെട്ടാനെത്തി കുടുങ്ങി

പൊലീസിനെ വെട്ടിച്ചു കടന്നുകളഞ്ഞ ബൈക്ക് മോഷണക്കേസ് പ്രതി പയ്യാനക്കൽ സ്വദേശി മുഹമ്മദ് റിയാസിനെ പിടികൂടി. ഇന്നലെ രാവിലെ 11ന് മാറാട് ബാർബർ ഷോപ്പിൽ നിന്നാണു പിടിയിലായത്. മുഹമ്മദ് റിയാസ് വാടകയ്ക്കു താമസിക്കുന്ന വീടിനടുത്തുള്ള ബാർബർ ഷോപ്പിൽ മുടി വെട്ടാൻ എത്തിയതായിരുന്നു. ഇയാളെ തിരിച്ചറിഞ്ഞവർ മാറാട് സ്റ്റേഷനിൽ വിവരം അറിയിച്ചു. തുടർന്നു പൊലീസ് എത്തി പിടികൂടി. പന്ത്രണ്ടരയോടെ മെഡിക്കൽ കോളജ് പൊലീസ് സ്റ്റേഷനിൽ എത്തിച്ചു. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. 

കഴിഞ്ഞ ദിവസം കോട്ടൂളി കെ.ടി.ഗോപാലൻ റോഡിൽ നിന്നു ബൈക്ക് മോഷ്ടിച്ച സംഭവത്തിലാണു മുഹമ്മദ് റിയാസ് ആദ്യം അറസ്റ്റിലായത്. തിങ്കളാഴ്ച ഉച്ചയോടെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ഉത്തരവു വാങ്ങി ജയിലിലേക്കു കൊണ്ടുപോകും മുൻപു മെഡിക്കൽ കോളജിനു സമീപത്തെ ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ കയറിയപ്പോഴാണു പൊലീസിനെ വെട്ടിച്ചു കടന്നുകളഞ്ഞത്. ബൈക്ക് മോഷ്ടിച്ച സംഭവത്തിലെ പ്രധാന പ്രതി അമൽ ഒളിവിലാണ്.

2 പൊലീസുകാർക്ക് സസ്പെൻഷൻ

ബൈക്ക് മോഷണക്കേസിലെ പ്രതി മുഹമ്മദ് റിയാസ് പൊലീസിനെ വെട്ടിച്ചു കടന്നുകളഞ്ഞ സംഭവത്തിൽ, മെഡിക്കൽ കോളജ് പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസർമാരായ ബിജു, ശരത് രാജൻ എന്നിവരെ സസ്പെൻഡ് ചെയ്തു. ഡിസിപി എ.ശ്രീനിവാസ് അസിസ്റ്റന്റ് പൊലീസ് കമ്മിഷണർ കെ.സുദർശനോട് റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണു നടപടി.

പൊലീസിന്റെ ഭാഗത്തു നിന്നുണ്ടായ വീഴ്ചയാണു പ്രതി കടന്നുകളയാൻ വഴിവച്ചതെന്നു പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. മുഹമ്മദ് റിയാസിനെ കൊണ്ടുപോകാൻ 2 പൊലീസുകാരെ നിയോഗിച്ചിരുന്നെങ്കിലും ഹോട്ടലിൽ കയറ്റിയപ്പോൾ ഒരു പൊലീസുകാരൻ മാത്രമാണ് ഉണ്ടായിരുന്നത്. 

പൊലീസുകാർക്ക് അഗ്നിപരീക്ഷ

ക്രിമിനൽ സ്വഭാവമുള്ള പ്രതികളെ കോടതിയിലേക്കും ജയിലിലേക്കും കൊണ്ടു പോകാൻ നിയോഗിക്കപ്പെടുന്ന പൊലീസുകാർക്കു പലപ്പോഴും ആവശ്യമായ സൗകര്യം ലഭിക്കാറില്ല. പ്രതികളെ കൊണ്ടുപോകാൻ പൊലീസ് വാഹനം പലപ്പോഴും ലഭിക്കില്ല. അത്തരം സന്ദർഭങ്ങളിൽ ബസിലാണു കൊണ്ടു പോകുക. ദൂരസ്ഥലങ്ങളിലെ കോടതിയിൽ പോകാനുണ്ടെങ്കിൽ ട്രെയിൻ മാർഗവും യാത്ര ചെയ്യും. ഇത്തരം സന്ദർഭങ്ങളിൽ ഒന്നോ രണ്ടോ പൊലീസുകാർ മാത്രമാണുണ്ടാകുക. വിലങ്ങു വച്ചാണു കൊണ്ടു പോകുന്നതെങ്കിലും യാത്രയ്ക്കിടെ പ്രതി മൂത്രമൊഴിക്കണമെന്നു പറഞ്ഞാലും ഭക്ഷണം വേണമെന്നു പറഞ്ഞാലും അതിനെല്ലാം പൊലീസ് സൗകര്യം ചെയ്യണം. അപ്പോഴെല്ലാം വിലങ്ങ് അഴിച്ചു കൊടുക്കുകയും വേണം.