ഡ്രൈവിങ് ലൈസന്‍സ് ടെസ്റ്റ് പരിഷ്കാരത്തില്‍ ഭേദഗതി; ഉത്തരവിറക്കി ഗതാഗതവകുപ്പ്

driving-order
SHARE

സ്കൂള്‍ ഉടമകളുടെ പണിമുടക്ക് തുടരുന്നതിനിടെ ഡ്രൈവിങ് ലൈസന്‍സ് ടെസ്റ്റ് പരിഷ്കാരത്തില്‍ ഭേദഗതി വരുത്തി ഗതാഗതവകുപ്പ് ഉത്തരവിറക്കി. ഒരു ദിവസത്തെ ടെസ്റ്റ് 40 ആയി വര്‍ധിപ്പിച്ചതിനൊപ്പം 15 വര്‍ഷത്തിലധികം പഴക്കമുള്ള വാഹനങ്ങള്‍ മാറ്റാന്‍ ആറ് മാസത്തെയും കാമറ ഘടിപ്പിക്കാന്‍ മൂന്ന് മാസത്തെയും സാവകാശം അനുവദിച്ചു.  പുതിയ നിര്‍ദേശങ്ങളുടെ പശ്ചാത്തലത്തില്‍ സി.ഐ.ടി.യു സമരത്തില്‍ നിന്ന് പിന്‍മാറിയെങ്കിലും സ്വതന്ത്രസംഘടനകള്‍ പണിമുടക്ക് തുടരും. 

ഒരു ദിവസം ഒരു കേന്ദ്രത്തില്‍ 30 ടെസ്റ്റ് എന്നത് 40 ആയി ഉയര്‍ത്തും. 15 വര്‍ഷത്തിലധികം പഴക്കമുള്ള ഡ്രൈവിങ് സ്കൂളുകളുടെ വാഹനം മാറ്റാന്‍ ആറ് മാസം സാവകാശം നല്‍കും. ടെസ്റ്റ് നടത്തുന്ന വാഹനത്തില്‍ ക്യാമറ ഘടിപ്പിക്കാനും ഇടതുവശത്തെ ക്ളച്ചും ബ്രേക്കും ഒഴിവാക്കാനും മൂന്ന് മാസം സാവകാശം. പരിഷ്കരിച്ച രീതിയിലുള്ള ഗ്രൗണ്ടുകള്‍ തയാറാകാത്ത സ്ഥലങ്ങളില്‍ നിലവിലുള്ള രീതിയില്‍ തന്നെ ടെസ്റ്റ് നടത്താമെന്ന് നിര്‍ദേശിക്കുന്ന ഉത്തരവില്‍ എത്രയും വേഗം ഗ്രൗണ്ട് സജ്ജമാക്കാനുള്ള ചുമതല ആര്‍.ടി.ഒമാര്‍ക്ക് നല്‍കിയിട്ടുമുണ്ട്. 15 വര്‍ഷം പഴക്കമുള്ള വാഹനം ഒഴിവാക്കണമെന്ന നിര്‍ദേശം പിന്‍വലിക്കണമെന്നതായിരുന്നു സ്കൂള്‍ ഉടമകളുടെ പ്രധാന ആവശ്യങ്ങളിലൊന്ന്. അതുപോലെ പുതിയരീതിയിലുള്ള ഗ്രൗണ്ട് സര്‍ക്കാര്‍ തന്നെ ഒരുക്കി നല്‍കണമെന്നും. ഇതില്‍ ഗ്രൗണ്ട് ഒരുക്കുന്നത് എങ്ങിനെയെന്ന് പുതിയ സര്‍ക്കുലറില്‍ വ്യക്തത വരുത്തിയിട്ടില്ല. 15 വര്‍ഷം പഴക്കമുള്ള വാഹനങ്ങളുടെ കാര്യത്തില്‍ സാവകാശമല്ലാതെ, പൂര്‍ണ അനുകൂല തീരുമാനവുമില്ല. അതിനാല്‍ സമരം തുടരാനാണ് സ്വതന്ത്രസംഘടനകളുടെ തീരുമാനം. എന്നാല്‍ പുതിയ ഉത്തരവിലും എതിര്‍പ്പുണ്ടങ്കിലും 23ന് മന്ത്രിയുമായി ചര്‍ച്ച നടത്താമെന്ന ഉറപ്പിന്‍മേല്‍ തല്‍കാലത്തേക്ക് പണിമുടക്ക് പിന്‍വലിച്ചതായി സി.ഐ.ടി.യു അറിയിച്ചു.

MORE IN KERALA
SHOW MORE