നാദാപുരത്ത് സംഘര്‍ഷം; സിപിഐ ഓഫിസ് ഡിവൈഎഫ്ഐ കയ്യേറി കൊടി നാട്ടി

കോഴിക്കോട് നാദാപുരത്ത് സിപിഎം – സിപിഐ സംഘര്‍ഷം. സിപിഐ ഓഫിസ് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ കയ്യേറി കൊടി സ്ഥാപിച്ചു. എന്നാല്‍ ചില പ്രവര്‍ത്തകര്‍ ഉണ്ടാക്കിയ പ്രശ്നമാണെന്നും പാര്‍ട്ടിക്ക് ബന്ധമില്ലെന്നുമാണ് സിപിഎമ്മിന്‍റെ വിശദീകരണം. 

നാദാപുരം എടച്ചേരിയിലെ സിപിഐ ഓഫിസാണ് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ കയ്യേറി കൊടി സ്ഥാപിച്ചത്. സിപിഐയുടെ കൊടികള്‍ അഴിച്ചുമാറ്റിയാണ് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ കൊടി കെട്ടിയത്. അഴിച്ചുമാറ്റിയ സിപിഐ കൊടികള്‍ ഓഫിസിനകത്ത് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. വിവരമറിഞ്ഞ് സിപിഐ പ്രവര്‍ത്തകര്‍ തടിച്ചുകൂടി. നേതൃത്വത്തെ വിവരം അറിയിച്ചു. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് സിപിഐയില്‍ നിന്ന് കുറച്ച് പ്രവര്‍ത്തകര്‍ രാജിവെച്ച് സിപിഎമ്മില്‍ ചേര്‍ന്നത്. ഇതിനെ തുടര്‍ന്ന് സിപിഎമ്മും സിപിഐയും തമ്മില്‍ നേരിയ സംഘര്‍ഷം നിലനിന്നിരുന്നു. ഇതിന് തുടര്‍ച്ചായായാണ് ഡിവൈഎഫ്ഐ,  സിപിഐ ഓഫിസ് കയ്യേറിയത്. കൊടികള്‍ പിന്നീട് സിപിഐ പ്രവര്‍ത്തകര്‍ നീക്കം ചെയ്തു. 

2012ല്‍ പന്ന്യന്‍ രവീന്ദ്രനാണ് കെട്ടിടം ഉദ്ഘാടനം ചെയ്തത്. അന്നത്തെ സിപിഐ ജില്ലാസെക്രട്ടറി ഐവി ശശാങ്കന്‍റെ പേരിലാണ് റജിസ്റ്റര്‍ ചെയ്തിരുന്നത്. സിപിഎമ്മിലേയ്ക്ക് കൂട്ടത്തോടെ പോയ പ്രവര്‍ത്തകര്‍ പാര്‍ട്ടി ഓഫിസ് പിടിച്ചടക്കാനുള്ള ശ്രമമാണോ നടത്തുന്നത് എന്ന്  സിപിഐ സംശയിക്കുന്നു. അതേസമയം സംഭവവുമായി ബന്ധമില്ലെന്നാണ് സിപിഎം, ഡിവൈഎഫ്ഐ ജില്ലാ നേതൃത്വങ്ങളുടെ വിശദീകരണം.