ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ ജീവനക്കാരുടെ മോചനവാര്‍ത്ത തള്ളി കുടുംബങ്ങള്‍

msc
SHARE

ഇറാന്‍ പിടിച്ചെടുത്ത MSC ഏരീസ് കപ്പലിലെ ജീവനക്കാരുടെ മോചന വാര്‍ത്ത തള്ളി കുടുംബങ്ങള്‍. വാര്‍ത്തകളില്‍ കാണുന്ന അറിവേയൊള്ളൂ എന്നും മോചിപ്പിച്ചതായി മകന്‍ പറ‍ഞ്ഞില്ലെന്നും കോഴിക്കോട് സ്വദേശി ശ്യാംനാഥിന്‍റെ പിതാവ് വിശ്വനാഥന്‍ മനോരമ ന്യൂസിനോട് പറഞ്ഞു. മോചനത്തെ കുറിച്ച് ഒന്നും അറിയില്ലെന്നാണ് വയനാട് സ്വദേശി ധനേഷും, പാലക്കാട് സ്വദേശി സുമേഷും കുടുംബത്തോട് പറ‍ഞ്ഞത്

ദിവസവും കുടുംബാംഗങ്ങളെ ഫോണില്‍ ബന്ധപ്പെടുന്നുണ്ട് കപ്പലില്‍ കുടുങ്ങിയ മലയാളികള്‍.. സുരക്ഷിതരാണെന്നും ഭക്ഷണവും വെള്ളവും കിട്ടുന്നുണ്ട് എന്നുമല്ലാതെ പുതിയ വിവരങ്ങളൊന്നും പറയാനില്ല അവര്‍ക്ക്.. കപ്പല്‍ മോചിപ്പിച്ചതായി ഇറാന്‍ വിദേശകാര്യ മന്ത്രി ഹുസൈന്‍ അമീര്‍ അബ്ദുല്ലയിന്‍ പറഞ്ഞതായി വാര്‍ത്തകള്‍ പുറത്തുവന്നെങ്കിലും കപ്പലിലുള്ളവര്‍ക്ക് അതിനെ കുറിച്ച് ഒരു വിവരവുമില്ല. ഇപ്പോഴും കപ്പലില്‍ കുടുങ്ങിക്കിടക്കുകയാണെന്നാണ് മകന്‍ പറയുന്നതെന്ന് കോഴിക്കോട് വെള്ളിപറമ്പ് സ്വദേശി ശ്യാംനാഥിന്‍റെ അച്ഛന്‍ വിശ്വനാഥന്‍ .

പാലക്കാട് സ്വദേശി സുമേഷിന്‍റെയും വയനാട് സ്വദേശി ധനേഷിന്‍റെയും കുടുംബവും ഫോണില്‍ ബന്ധപ്പെട്ടെങ്കിലും മോചനമായിട്ടില്ലെന്നാണ് ലഭിച്ച മറുപടി. അടിയന്തര ഇടപെടല്‍ വേണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടാനാണ് കുടുംബങ്ങളുടെ നീക്കം.. മൂന്ന് മലയാളികളെ കൂടാതെ കപ്പലില്‍ ഉണ്ടായിരുന്ന കോട്ടയം സ്വദേശി ആന്‍ ടെസ ജോസഫിനെ ഏപ്രില്‍ പതിനെട്ടിന് മോചിപ്പിച്ചിരുന്നു. ഇപ്പോള്‍ പതിനാറ് ഇന്ത്യക്കാരും റഷ്യ, ഫിലിപ്പീന്‍സ്, പാക്കിസ്ഥാന്‍, എസ്തോണിയ എന്നീ രാജ്യങ്ങളിലെ എട്ട് ജീവനക്കാരുമാണ് കപ്പലില്‍ ആകെയുള്ളത്. എസ്തോണിയന്‍ വിദേശകാര്യ മന്ത്രിയുമായി ഇറാന്‍ മന്ത്രി നടത്തിയ സംഭാഷണത്തിലാണ് കപ്പല്‍ മോചിപ്പിച്ചതായി പറഞ്ഞിരുന്നത്. എന്നാല്‍ ഇക്കാര്യം ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചിരുന്നില്ല

Iran releases crew seized ship family rejected

MORE IN KERALA
SHOW MORE