സല്‍മാന്‍ഖാന്‍റെ വീടിന് നേരെ വെടിയുതിര്‍ത്തവര്‍ രണ്ട് ബോളിവുഡ് താരങ്ങളുടെ വസതിയും ലക്ഷ്യമിട്ടു

salman-case
SHARE

നടന്‍ സല്‍മാന്‍ ഖാന്‍റെ വസതിക്ക് നേരെ വെടിയുതിര്‍ത്ത കേസിലെ പ്രതികള്‍ മുംബൈയിലെ രണ്ട് ബോളിവുഡ് താരങ്ങളുടെ വസതികളിലും നിരീക്ഷണം നടത്തിയെന്ന് പൊലീസ്. മുഖ്യപ്രതികള്‍ക്ക് സാമ്പത്തിക സഹായം നല്‍കിയ രാജസ്ഥാന്‍ സ്വദേശിയായ പ്രതിയുടേതാണ് വെളിപ്പെടുത്തല്‍. ഇതോടെ പ്രതികള്‍ക്ക് ബിഷ്ണോയി സംഘവുമായുള്ള ബന്ധത്തിന്‍റെ കൂടുതല്‍ തെളിവുകളാണ് പുറത്തുവരുന്നത്. വിഡിയോ റിപ്പോര്‍ട്ട് കാണാം. 

സല്‍മാന്‍റെ വസതിക്ക് നേരെ ആക്രമണം നടന്ന് ഏതാണ്ട് ഒരുമാസം പിന്നിടുമ്പോളാണ് പുതിയ വെളിപ്പെടുത്തല്‍. ആക്രമണത്തിന് മുന്‍പ് പ്രതികള്‍ ബാന്ദ്രയിലെ രണ്ട് ബോളിവുഡ് താരങ്ങളുടെ വസതികളില്‍ നിരീക്ഷണം നടത്തി. രാജസ്ഥാന്‍ സ്വദേശിയായ പ്രതി മുഹമ്മദ് ചൗധരിയുടെ മൊഴിയിലാണ് ഇക്കാര്യം പറയുന്നത്. ഏപ്രില്‍ 8,12 തിയതികളിലാണ് പ്രതികള്‍ മറ്റ് താരങ്ങളുടെ വീടുകള്‍ നിരീക്ഷിച്ചത്. സല്‍മാന്‍റെ ഉള്‍പ്പെടെ മൂന്ന് വസതികളുടെയും ദൃശ്യങ്ങള്‍ പകര്‍ത്തി അന്‍മോല്‍ ബിഷ്ണോയിക്ക് അയച്ചു. എന്നാല്‍ ആക്രമണത്തിന് മടിച്ച പ്രതികളോട് കൃത്യം പൂര്‍ത്തിയാക്കിയാല്‍ നേട്ടമുണ്ടെന്ന് ബിഷ്ണോയ് ഉറപ്പുനല്‍കി. ഇത്തരത്തില്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ ഉള്‍പ്പെടെയുള്ള തെളിവുകള്‍ പ്രതികള്‍ പിന്നീട് നശിപ്പിച്ചെന്നാണ് സൂചന. 

പ്രതി മുഹമ്മദ് ചൗധരിക്ക് ബിഷ്ണോയി സംഘവുമായി ആറുവര്‍ഷത്തിലധികമായി ബന്ധമുണ്ട്. മുഖ്യപ്രതികളായ സാഗര്‍പാലിനും വിക്കി ഗുപ്തയ്ക്കും സാമ്പത്തിക സഹായം നല്‍കിയതും മുംബൈ കേന്ദ്രീകരിച്ചുള്ള ആസൂത്രണത്തിനും പിന്നില്‍‌ ചൗധരി ആയിരുന്നു. പുതിയ വെളിപ്പെടുത്തലോടെ കേസില്‍ ലോറന്‍സ് ബിഷ്ണോയ് സംഘത്തിനുള്ള പങ്ക് കൂടുതല്‍ വ്യക്തമായി. അതേസമയം, പൊലീസ് കസ്റ്റഡിയില്‍ ആത്മഹത്യചെയ്ത പ്രതി അനുജ് ഥാപന്‍റെ മൃതദേഹം വീണ്ടും പോസ്റ്റുമോര്‍ട്ടം ചെയ്യാന്‍ പഞ്ചാബ് ഹൈക്കോടതി ഉത്തരവിട്ടു. 

MORE IN Kuttapathram
SHOW MORE