വാളയാർ വിഷമദ്യ ദുരന്തം: കഞ്ചിക്കോട് സ്വദേശി അറസ്റ്റിൽ

പാലക്കാട് വാളയാറിലെ വിഷമദ്യ ദുരന്തത്തിന് കാരണക്കാരനായ ഒരാളെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. പൂട്ടിക്കിടന്ന സോപ്പു കമ്പനിയില്‍ നിന്ന് സ്പിരിറ്റ് കടത്തിയ കഞ്ചിക്കോട് സ്വദേശി ധനരാജനാണ് അറസ്റ്റിലായത്. ‌വ്യാവസായിക ആവശ്യത്തിന് ഉപയോഗിക്കുന്ന സ്പിരിറ്റാണ് അഞ്ചുപേരുെട മരണത്തിന് കാരണമായതെന്നാണ് സൂചന. 

കഴിഞ്ഞ പത്തൊന്‍പതിന് മരിച്ച ചെല്ലങ്കാവ് കോളനിയിലെ ശിവന്റെ കൂട്ടാളിയാണ് അറസ്റ്റിലായ ധനരാജന്‍. ആക്രിജോലിയും മറ്റുമായി പ്രദേശങ്ങളിലൊക്കെ സാന്നിധ്യമായ ധനരാജനും മരിച്ച ശിവനും അരുണും ചേര്‍ന്നാണ് കഞ്ചിക്കോട് വാട്ടര്‍ ടാങ്കിന് സമീപം പൂട്ടിക്കിടക്കുന്ന സോപ്പുകമ്പനിയില്‍ നിന്ന് സ്പിരിറ്റ് എടുത്തത്. വ്യാവസായിക ആവശ്യത്തിന് ഉപയോഗിക്കുന്ന സ്പിരിറ്റ് മദ്യമാണെന്ന് പറഞ്ഞ് ചെല്ലങ്കാവ് കോളനിയിലുളളവര്ക്ക് കൊടുത്തു. സ്പിരിറ്റ് മാത്രമാണോ, സ്പിരിറ്റിനൊപ്പം മദ്യം ചേര്‍ത്തിരുന്നോയെന്ന് വ്യക്തമല്ല. സാനിറ്റൈസറും ഉപയോഗിച്ചെന്ന് വിവരമുണ്ടെങ്കിലും രാസപരിശോധനാഫലം വന്നാലേ ഇതിലെല്ലാം വ്യക്തതവരു. പതിനഞ്ചുവര്‍ഷത്തിലേറെയായി പൂട്ടിക്കിടക്കുന്നതാണ് സോപ്പുനിര്‍മാണ കമ്പനിയെന്ന് നാട്ടുകാര്‍ പറയുന്നു.

കഴി‍ഞ്ഞപതിനെട്ട് , പത്തൊന്‍പത് തീയതികളിലായി അഞ്ച് ആദിവാസികളാണ് വിഷദ്രാവകം കഴിച്ച് മരിച്ചത്. ക്രൈംബ്രാഞ്ച് അന്വേഷണം പുരോഗമിക്കുകയാണ്.