ഐടി പാര്‍ക്കുകളില്‍ മദ്യശാലയ്ക്ക് പ്രത്യേക ലൈസൻസ്; ബാറുടമകള്‍ക്ക് അനുമതിയില്ല

ഐടി പാര്‍ക്കുകളില്‍ മദ്യശാല തുടങ്ങാന്‍ ബാറുടമകള്‍ക്ക് അനുമതി നല്‍കില്ല. പാര്‍ക്കുകള്‍ക്കും പാര്‍ക്കിലെ കമ്പനികള്‍ക്കും പ്രത്യേക സ്ഥലം നീക്കിവെച്ച് മദ്യശാല തുടങ്ങാം. 20 ലക്ഷം രൂപയാണ് വാര്‍ഷിക ഫീസ്. എക്സൈസ് തയ്യാറാക്കിയ കരട് നിബന്ധനകള്‍ നിയമവകുപ്പ് അംഗീകരിച്ചു. നിയമസഭാ സബ്ജക്ട് കമ്മിറ്റി യുടെ നിര്‍ദേശങ്ങള്‍ കൂടി പരിഗണിച്ചശേഷമാകും ചട്ടങ്ങള്‍ നിലവില്‍ വരിക. ഐ.ടി പാര്‍ക്കുകളില്‍ മദ്യം വിതരണം ചെയ്യുന്നതിനു എഫ്.എല്‍. 4 സി എന്ന പേരിലാകും പുതിയ ലൈസന്‍സ് നല്‍കുന്നത്. ക്ലബിന്‍റേയോ, ബാറിന്‍റേയോ രൂപമില്ലാത്ത തരത്തില്‍ പുതിയ രൂപത്തിലാകും പ്രവര്‍ത്തനം.

പാര്‍ക്കുകള്‍ക്ക് വിനോദത്തിനായി നീക്കിവെയ്ക്കുന്ന സ്ഥലത്താണ് മദ്യശാല തുടങ്ങാന്‍ അനുമതിയുള്ളത്. കമ്പനികള്‍ക്ക് പ്രത്യേകം നീക്കി വെയ്ക്കുന്ന സ്ഥലത്ത് മദ്യശാലകള്‍ തുടങ്ങും. എന്നാല്‍ പുറത്തു നിന്നുള്ള ആളുകള്‍ക്ക് ിവിടെ പ്രവേശനമുണ്ടാകില്ല. എന്നാല്‍ യോഗത്തിനെത്തുന്ന അതിഥികള്‍ക്ക് പ്രവേശിക്കാം. ജോലി സമയത്ത് ജീവനക്കാര്‍ മദ്യപിക്കുന്നതടക്കമുള്ള  കാര്യങ്ങളില്‍ കമ്പനിയാണ് തീരുമാനമെടുക്കുന്നത്.പത്തു ലക്ഷം രൂപ വാര്‍ഷിക ഫീസായി ഈടാക്കാനാണ് എക്സൈസ് ശുപാര്‍ശ ചെയ്തതെങ്കിലും 20 ലക്ഷം ഈടാക്കാനാണ് തീരുമാനം. കമ്പനികള്‍ക്ക് ലൈസന്‍സ് ലഭിക്കാന്‍ വാര്‍ഷിക വിറ്റുവരവ് ബാധകമാക്കില്ലെന്നും ചട്ടത്തില്‍ പറയുന്നു.