വരുന്നു കേരളത്തിന്റെ സ്വന്തം ബ്രാൻഡി; 'ജവാന്റെ'കുത്തക തകരുമോ?

മേനോൻപാറ ചിറ്റൂർ ഷുഗർമില്ലിൽനിന്നു ‘മലബാർ ഡിസ്‌റ്റിലറീസ് ലിമിറ്റഡിനു കൈമാറിയ ഭൂമിയിലെ പ്ലാന്റിൽ ബ്രാൻഡി തന്നെ നിർമിക്കും. ഡിസ്റ്റിലറീസിന്റെ കെട്ടിടങ്ങൾ നിർമിക്കുന്നതിന്റെ പദ്ധതി രേഖ തയാറാക്കാൻ പൊലീസ് ഹൗസിങ് കൺസ്ട്രക്‌ഷൻ കോർപറേഷനെ ബവ്റിജസ് കോർപറേഷൻ നിയോഗിച്ചു. ഇവർ ഉടൻ റിപ്പോർട്ട് സമർപ്പിക്കും. നിലവിൽ തിരുവല്ലയിൽനിന്ന് ജവാൻ റം മാത്രമാണ് സർക്കാർ മേഖലയിൽ ഉൽപാദിപ്പിക്കുന്ന മദ്യം. മലബാറിൽ കൂടുതൽ വിറ്റുവരവുള്ളതിനാലാണ് ഇവിടെ നിന്നു ബ്രാൻഡി നിർമിക്കാൻ തീരുമാനിച്ചത്.

5 ലൈൻ കോംപൗണ്ടിങ് ബ്ലെൻഡിങ് ആൻഡ് ബോട്‌ലിങ് യൂണിറ്റ് സ്ഥാപിക്കാനാണ് അനുമതി ലഭിച്ചിട്ടുള്ളത്. ജവാൻ എന്ന പേരു മാറ്റി മറ്റേതെങ്കിലും പേരിൽ പുതിയ ബ്രാൻഡ് ഇറക്കാൻ ആലോചിക്കുന്നുണ്ട്. സർക്കാർ മേഖലയിൽ മദ്യ ഉൽപാദനം വർധിപ്പിക്കാനുള്ള നടപടി സ്വീകരിക്കണമെന്ന് ബെവ്കോ സർക്കാരിനു കത്തയച്ചതിനെത്തുടർന്നാണു ചിറ്റൂരിൽ മദ്യനിർമാണത്തിന് അനുമതിയായത്. കഴിഞ്ഞ മാസം മന്ത്രി എം.വി.ഗോവിന്ദൻ സ്ഥലം സന്ദർശിച്ചതോടെയാണു നടപടികൾക്കു വേഗം കൂടിയത്.