18 വെട്ട്; പിടഞ്ഞുവീണത് ഇടവഴിയില്‍; ശ്രീകാന്തിന്‍റെ കൊലയില്‍ ദുരൂഹത

sreekanth
SHARE

നടുക്കുന്ന ഒരു കൊലപാതക വാര്‍ത്ത കേട്ടാണ് ഇന്നലെ കോഴിക്കോട് നഗരം ഉണര്‍ന്നത്. വെള്ളയിൽ റോഡരികിൽ നിർത്തിയിട്ട ഓട്ടോറിക്ഷയിൽ ഡ്രൈവറെ വെട്ടിക്കൊന്നിട്ടു. തിരഞ്ഞെടുപ്പിനു തൊട്ടടുത്ത ദിവസമായതിനാൽ രാഷ്ട്രീയ കൊലപാതകമാണോ എന്നാണ് നാട്ടുകാർ ആദ്യം സംശയിച്ചത്. 18 വെട്ടുകൾ ഏറ്റ ഡ്രൈവര്‍ ശ്രീകാന്തിനു മറ്റു പരുക്കുകളും ഉണ്ടായിരുന്നു. വ്യക്തി വൈരാഗ്യത്തെ തുടർന്നാണു കൊലപാതകം എന്ന നിഗമനത്തിലാണ് പൊലീസ്. 

നിർത്തിയിട്ട ഓട്ടോയിൽ ശ്രീകാന്തും രണ്ടു സുഹൃത്തുക്കളുമുണ്ടായിരുന്നുവെന്നാണ് വിവരം. ഡ്രൈവിങ് സീറ്റിലായിരുന്നു ശ്രീകാന്ത്. പിൻസീറ്റിൽ മദ്യലഹരിയിൽ ഉറക്കത്തിലായിരുന്ന സുഹൃത്തുക്കൾ സംഭവം അറിഞ്ഞില്ലെന്നാണ് മൊഴി നൽകിയത്. ഇവരെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. വെട്ടേറ്റ ശ്രീകാന്ത് ഓട്ടോയിൽ നിന്ന് ഇറങ്ങി റോഡിന്റെ എതിർവശത്തെത്തിയെങ്കിലും നടപ്പാതയോടു ചേർന്ന് വീഴുകയായിരുന്നു.

കൊലപാതകം നടന്ന അതേ സ്ഥലത്ത് രണ്ടു ദിവസം മുൻപ് രാത്രി ശ്രീകാന്തിന്റെ കാറിനു തീ ഇട്ടിരുന്നു. തൊട്ടടുത്ത് നിർത്തിയിട്ട ഓട്ടോറിക്ഷയിലാണ് ഇന്നലെ രാവിലെ ശ്രീകാന്തിനെ ആക്രമിച്ചത്. ഇതാണ് സംഭവത്തിനു പിന്നിൽ വ്യക്തി വൈരാഗ്യമാണെന്ന നിഗമനത്തിലേക്കു പൊലീസിനെ എത്തിച്ചത്. പണിക്കർ റോഡിൽനിന്ന് ഗാന്ധി റോഡിലേക്കുള്ള ലിങ്ക് റോഡിലാണ് കൊലപാതകം നടന്നത്.

കേരള സോപ്സ് കമ്പനിയുടെ പിന്നിലുള്ള ഗേറ്റിനോടു ചേർന്നാണ് ഓട്ടോറിക്ഷ നിർത്തിയിട്ടിരുന്നത്. ശ്രീകാന്തിന്റെ വീട്ടിലേക്ക് കാർ കൊണ്ടുപോകാൻ കഴിയില്ല. അതുകൊണ്ട് ഇവിടെയാണ് പതിവായി കാർ നിർത്താറുള്ളത്. രാത്രി കാറിൽ കിടന്നുറങ്ങുന്നതാണ് ശ്രീകാന്തിന്റെ പതിവ്. 2 ദിവസം മുൻപ് രാത്രി ഒരു മണിയോടെയാണ് കാറിന്റെ ചില്ലു തകർത്ത് അകത്ത് പെട്രോൾ ഒഴിച്ച് കാർ കത്തിച്ചത്. എന്നാൽ, ശ്രീകാന്ത് അന്നു കാറിൽ കിടന്നുറങ്ങാത്തതിനാൽ രക്ഷപ്പെടുകയായിരുന്നു. കാർ പൂർണമായും കത്തിപ്പോയി. ശനിയാഴ്ച രാവിലെ മുതൽ കത്തിയ കാറിൽ തെളിവെടുപ്പിനും മറ്റുമായി ഉദ്യോഗസ്ഥരും ഇൻഷുറൻസ് കമ്പനി പ്രതിനിധികളും എത്തിയിരുന്നു. അഞ്ചരയോടെ അതെല്ലാം പൂർത്തിയായ ശേഷമാണ് ശ്രീകാന്ത് ഓട്ടോറിക്ഷയുമായി പോയത്. 

അതിരാവിലെ സജീവമാകുന്ന തീരപ്രദേശമാണ് വെള്ള. ഇടറോഡിൽ കൊലപാതകം നടന്നത് നേരം പുലരുമ്പോൾ. എന്നിട്ടും പ്രതിയെക്കുറിച്ച് സൂചന ലഭിക്കാത്തതിൽ ആശങ്ക നിഴലിക്കുകയാണ്. 5.50നു സമീപവാസിയായ വീട്ടമ്മ ക്ഷേത്രത്തിലേക്കു പോകുന്നതിനിടെയാണ് റോഡരികിൽ ഇടവഴി ചെന്നുമുട്ടുന്ന ഭാഗത്ത് ഒരാൾ കുത്തേറ്റു കിടന്നു പിടയുന്നതു കണ്ടത്. ഇവരാണ് സമീപവാസിയായ കണ്ണങ്കടവ് ജ്യോതിയെ സഹായത്തിനായി വിളിച്ചത്.

ജ്യോതി അടക്കമുള്ളവർ സംഭവസ്ഥലത്തേക്ക് ഓടിയെത്തി. തുടർന്നു ജ്യോതി തന്റെ മകൻ വിജേഷിനെ വിളിച്ചു. വിജേഷും സുഹൃത്തുക്കളുമാണ് കൊല്ലപ്പെട്ട ശ്രീകാന്തിന്റെ ബന്ധുക്കളെ വിവരമറിയിച്ചത്. ഒരാൾ സംഭവ സ്ഥലത്തുനിന്ന് ആയുധവുമായി ബൈക്കിൽ കയറി പോകുന്നതു വീട്ടമ്മ കണ്ടെന്നു പൊലീസ് പറഞ്ഞു. എതിർവശത്തെ ഇടവഴിയിലൂടെ വരികയായിരുന്നവർ ഹെൽമറ്റ് വച്ച ആൾ ബൈക്കിൽ കൊടുവാളുമായി പോകുന്നതു കണ്ടതായി ജ്യോതി പറഞ്ഞിട്ടുണ്ട്. പക്ഷേ, ആളെ തിരിച്ചറിഞ്ഞിട്ടില്ല.

കൊല്ലപ്പെട്ട ശ്രീകാന്ത് കുണ്ടൂപ്പറമ്പ് പ്രഭുരാജ് വധക്കേസിലെ അഞ്ചാം പ്രതിയാണ്. 2013 സെപ്റ്റംബർ 8ന് നടക്കാവ് കാട്ടുവയൽ കോളനി സ്വദേശി പ്രഭുരാജിനെ നെല്ലിക്കാപ്പുളി പാലത്തിനു സമീപം ബൈക്ക് തടഞ്ഞുനിർത്തി ആക്രമിച്ചു കൊലപ്പെടുത്തിയതാണ് കേസ്.

Sreekanth murder case updates.

MORE IN Kuttapathram
SHOW MORE