മദ്യവില കൂട്ടണമെന്ന് കമ്പനികൾ; പ്രചാരണം അടിസ്ഥാനരഹിതമെന്ന് എം.ഡി

മദ്യവില വര്‍ധിപ്പിക്കണമെന്ന ആവശ്യവുമായി  മദ്യകമ്പനികള്‍. എക്സൈസ് ഡ്യൂട്ടിയും ഇറക്കുമതി ഫീസും മുന്‍കൂറായി  മദ്യകമ്പനികള്‍ അടയ്ക്കണമെന്നുള്ള ബവ്കോ നിര്‍ദേശത്തിനു പിന്നാലെയാണ് മദ്യകമ്പനികളുടെ ആവശ്യം. നേരത്തെ എക്സൈസ് ഡ്യൂട്ടി മദ്യകമ്പനികള്‍ക്കുവേണ്ടി കോര്‍പറേഷനാണ് വഹിച്ചിരുന്നത്.  എന്നാല്‍ മദ്യവില കൂട്ടുമെന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമെന്നു എം.ഡി ശ്യാംസുന്ദര്‍ മനോരമ ന്യൂസിനോടു പറഞ്ഞു

അബ്കാരി നിയമം 18 (2) ല്‍ ചൂണ്ടികാണിച്ചിരിക്കുന്നതു പോലെ എക്സൈസ് ഡ്യൂട്ടി ഡിസംബര്‍ ആറുമുതല്‍ മദ്യ കമ്പനികള്‍ വഹിക്കണമെന്നാണു ബവ്കോയുടെ പുതിയ നിര്‍ദേശം. ഇത്രയും നാള്‍ ചട്ടങ്ങള്‍ക്കു വിരുദ്ധമായി മദ്യകമ്പനികള്‍ക്കായി കോര്‍പരേഷനാണ് ഇതു വഹിച്ചിരുന്നത്. പ്രതിവര്‍ഷം 1850 കോടി രൂപയാണ് ബവ്കോ ഈയിനത്തില്‍ അടച്ചിരുന്നതെന്നു എം.ഡി ശ്യാംസുന്ദര്‍ മനോരമ ന്യൂസിനോടു പറഞ്ഞു. മദ്യത്തിന്‍റെ വിലയനുസരിച്ച് 21 മുതല്‍ 23.5 ശതമാനം വരെയാണ് എക്സൈസ് ഡ്യൂട്ടിയായി വരുന്നത്. പുതിയ നികുതിഭാരം വരുന്നതോടെ മദ്യത്തിന്‍റെ വിലകൂട്ടണമെന്നാണ് മദ്യകമ്പനികളുടെ ആവശ്യം. എന്നാല്‍ മദ്യകമ്പനികളുടെ ലാഭത്തിലാണ് കുറവു വരുന്നതെന്നും മദ്യവിലകൂട്ടാന്‍ കഴിയില്ലെന്നുമാണ് എം.ഡിയുടെ നിലപാട്.  128 കമ്പനികളാണ് കോര്‍പരേഷനു മദ്യം നല്‍കുന്നതെങ്കിലും ഇരുപതു കമ്പനികളാണ് വില്‍പനയുടെ സിംഹഭാഗവും കൈയടക്കിവെച്ചിരിക്കുന്നത്. ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യത്തിനു 212 ശതമാനവും ബിയറിന്‍റെ നികുതി 102 ഉം,വിദേശനിര്‍മിത വിദേശ മദ്യത്തിന്‍റേത് 80 ശതമാനവുമാണ് നിലവിലെ നികുതി .ബവ്റിജസ് കോര്‍പറേഷന്‍ മദ്യകമ്പനികളില്‍ നിന്നു വാങ്ങുന്ന വിലയ്ക്കുമേല്‍ നികുതി, എക്സൈസ് നികുതി,ഗാലനേജ് ഫീസ്, ലാഭം, പ്രവര്‍ത്തന ചെലവ് എന്നിവയെല്ലാം ചുമത്തിയാണ് മദ്യം വില്‍ക്കുന്നത്. എക്സൈസ് ഡ്യൂട്ടി കമ്പനികള്‍ വഹിക്കുന്നതോടെ മദ്യത്തിന്‍റെ വില കുറയ്ക്കാനാകുമെന്നാണ് ബവ്കോ നിലപാട്