സ്വാതന്ത്ര്യം കൊതിച്ചു; സിനിമാക്കഥയെ വെല്ലുന്ന ജയില്‍ചാട്ടം; കണക്കുകള്‍ പിഴച്ചു

ജയില്‍ ഉദ്യോഗസ്ഥരെ അനുസരിക്കാന്‍ മനസില്ല. അതിരുകടന്ന സ്വാതന്ത്ര്യവും വേണം. അങ്ങനെയാകുമ്പോള്‍ സകല സൗകര്യവും സഹായവും കിട്ടുന്നിടത്തേക്ക് മാറണം. ഈ ചിന്തയാണ് മാനസികാരോഗ്യ കേന്ദ്രമെന്ന സുരക്ഷിത ഇടത്തേക്ക് നീങ്ങാന്‍ കോഴിക്കോട് ജില്ലാ ജയിലില്‍ കഴിഞ്ഞിരുന്നവരെ പ്രേരിപ്പിച്ചത്. അമ്പായത്തോട് ആഷിഖ്, നിസാമുദീന്‍, അബ്ദുള്‍ ഗഫൂര്‍ എന്നിവര്‍ പദ്ധതി ആസൂത്രണം ചെയ്തു. ഓരോരുത്തരായി ജയിലില്‍ പരാക്രമം തുടങ്ങി. ഉദ്യോഗസ്ഥരെ അസഭ്യം പറഞ്ഞു. സഹതടവുകാരോട് കയര്‍ത്തും തലതല്ലിപ്പൊളിച്ചും ഇവര്‍ മല്‍സരിച്ച് മാനസിക വൈകല്യമുള്ളവരെന്ന മട്ടില്‍ അഭിനയിച്ചു. 

അഞ്ച് ദിവസത്തിനിടെ മൂന്നുപേരും കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ അന്തേവാസികളായി. അവിടെയാണ് സ്വാതന്ത്ര്യമെന്ന് പരസ്പരം പറഞ്ഞാണ് ഇവര്‍ പദ്ധതി നടപ്പാക്കിയത്. വേഗത്തില്‍ മാനസികാരോഗ്യ കേന്ദ്രത്തിലെത്താന്‍ ഉദ്യോഗസ്ഥരുടെ മുന്നില്‍ കൈ മുറിച്ചുള്ള പരാക്രമത്തിനും അമ്പായത്തോട് ആഷിഖ് തയാറായി. ജയിലിലെ പരാക്രമം പൂര്‍ണമായും മാനസികാരോഗ്യ കേന്ദ്രത്തിലെത്തിക്കുന്നതിനുള്ള വഴിയൊരുക്കുമെന്ന് ഇവര്‍ ഉറപ്പിച്ചു. ഇതാണ് വ്യക്തമായ തിരക്കഥയുടെ അടിസ്ഥാനത്തില്‍ തയാറാക്കിയ ജയില്‍മാറ്റം.

ചട്ടം പഠിപ്പിക്കുന്നതിനൊപ്പം കൈക്കരുത്ത് കാണിക്കാന്‍ മടിക്കാത്തവരും  

പല ഘട്ടങ്ങളിലായി മൂന്നുപേരും സ്വാതന്ത്ര്യം ലക്ഷ്യമിട്ട് നേരത്തെയും കുതിരവട്ടത്തെത്തിയിരുന്നു. അസുഖം ഭേദമായെന്ന് ഡോക്ടര്‍ അറിയിക്കുന്നതിന് പിന്നാലെ ജയിലിലേക്ക് മടങ്ങുന്നതായിരുന്നു രീതി. മാനസികാരോഗ്യ കേന്ദ്രത്തിലെത്തിയാല്‍പ്പിന്നെ ഇവര്‍ക്ക് സര്‍വ സ്വാതന്ത്ര്യമാണ്. തടവുകാരുടെ പശ്ചാത്തലമറിയുന്നതിനാല്‍ ആശുപത്രി ജീവനക്കാര്‍ക്ക് ഇവരോട് മൃദുസമീപനമാണ്. ഇവരെ തടവുകാര്‍ക്കുള്ള ബീറ്റ് വാര്‍ഡില്‍ പ്രവേശിപ്പിക്കുന്നതിന് പകരം മറ്റ് അന്തേവാസികള്‍ക്കൊപ്പം പ്രത്യേക ഹാളിലാണ് മൂന്നുപേരെയും പാര്‍പ്പിച്ചിരുന്നത്. രാവിലെ ബ്ലോക്ക് തുറന്നാല്‍ വൈകിട്ട് ഏഴ് വരെ ഇവര്‍ക്ക് പൂര്‍ണ സ്വാതന്ത്ര്യമാണ്. പലപ്പോഴും അന്തേവാസികളെ ഭീഷണിപ്പെടുത്തുന്നതും കൈയ്യേറ്റം ചെയ്യുന്നതും ശീലമായിരുന്നു. അഷ്റഫിന്റെയും ഗഫൂറിന്റെയും നേതൃത്വത്തിലായിരുന്നു അന്തേവാസികളെ നിയന്ത്രിച്ചിരുന്നത്. 

ഭക്ഷണം കഴിക്കാന്‍ വിസമ്മതിക്കുന്നവരെയും കുളിക്കാനും പുറത്തിറങ്ങാന്‍ മടിക്കുന്നവരെയും ഇവര്‍ നിര്‍ബന്ധിച്ച് ജോലി ചെയ്യിച്ചിരുന്നു. ജീവനക്കാരുടെ വക ബീഡിയും ലഹരിക്കുള്ള വകയും കിട്ടുന്നതിനാല്‍ ജയിലിലെ താമസത്തെക്കാള്‍ ഇവര്‍ക്ക് കുതിരവട്ടം നന്നായി ബോധിച്ചു. അസുഖം ഭേദമായെന്ന് ഡോക്ടര്‍ എഴുതിനല്‍കിയാലും ജയിലിലേക്ക് മടങ്ങാന്‍ ഇവര്‍ക്ക് താല്‍പര്യമുണ്ടായിരുന്നില്ല. നിയന്ത്രണമൊഴിഞ്ഞ സൗകര്യമായതിനാല്‍ നൂറ് ശതമാനം ഹാപ്പി. തടവുകാരെന്ന രീതിയില്‍ ജയില്‍ ഉദ്യോഗസ്ഥരുടെ നിയന്ത്രണമില്ല. മാത്രമല്ല സകലരെയും നിയന്ത്രിക്കുന്ന ആളുകളായി ഇവര്‍ക്ക് മാറാനും കഴിഞ്ഞു, ഇത് നേരത്തെ ജയിലിലെത്തിയിരുന്നപ്പോഴുള്ള കഥ. ഈ കഥയില്‍ ചില്ലറ വ്യത്യാസമുണ്ട്. കഥാപാത്രങ്ങള്‍ക്കും.

കണക്കുകള്‍ പിഴച്ചു, ചാടാന്‍ പദ്ധതിയിട്ടു

അഭിനയം നടിച്ച് മൂന്നുപേരും മാനസികാരോഗ്യ കേന്ദ്രത്തിലെത്തിയപ്പോള്‍ ഇത്തവണ പഴയ സ്വീകരണം കിട്ടിയില്ല. കര്‍ക്കശക്കാരനായ ഡോക്ടറുടെ ശ്രദ്ധയുണ്ടായിരുന്നതിനാല്‍ ജീവനക്കാര്‍ ഇവരോട് സൗഹൃദം കാണിച്ചില്ല. മൂന്നുപേരെയും പ്രത്യേക സെല്ലില്‍ പാര്‍പ്പിക്കുന്നതിനും ഡോക്ടര്‍ നിര്‍ദേശിച്ചു. ഇതോടെ മൂന്നുപേരും സകല സ്വാതന്ത്ര്യവും നഷ്ടപ്പെട്ട് ഒരു സെല്ലില്‍ കഴിയേണ്ട അവസ്ഥയുണ്ടായി. സ്വാതന്ത്ര്യം ആഗ്രഹിച്ച് വന്നവര്‍ക്ക് ഇത് കടുത്ത നിരാശയാണുണ്ടാക്കിയത്. ബീഡിയും ലഹരിമരുന്നും കിട്ടാതായി. കൈക്കരുത്ത് കാണിക്കാനും അവസരമുണ്ടായില്ല. 

ജയിലിലുള്ളതിനെക്കാള്‍ കൂടുതല്‍ നിയന്ത്രണം വേണ്ടിവന്നതിനാല്‍ മൂന്നുപേരും ആകെ അസ്വസ്ഥരായി. ഒന്നും ചെയ്യാന്‍ പറ്റാത്ത സ്ഥിതിയെത്തി. അവിടെയാണ് ജയില്‍ചാട്ടമെന്നൊരു ചിന്ത വന്നത്. അതിനുള്ള തയാറെടുപ്പും കൃത്യമായ ആസൂത്രണത്തോടെയാണ് നടപ്പാക്കിയത്. പൂര്‍ണമായും ലോക്കായപ്പോള്‍ ജയില്‍ചാട്ടമല്ലാതെ മറ്റ് വഴിയില്ലെന്നായി.

ചാടാന്‍ സഹായിച്ചയാളെ മറന്ന് രക്ഷപ്പെട്ടു

നേരത്തെ ചില കേസുകളില്‍പ്പെട്ട് മാനസികാരോഗ്യ കേന്ദ്രത്തിലെത്തിയ താനൂര്‍ സ്വദേശി ഷഹല്‍ ഷാനുവിനെ ഇവര്‍ കൂട്ടുപിടിച്ചു. ഇനിയും കണ്ടിട്ടില്ലാത്ത ഭംഗിയുള്ള പുറം കാഴ്ചകള്‍ കാട്ടിത്തരാമെന്നായിരുന്നു വാഗ്ദാനം. പുറത്തിറങ്ങിയാല്‍ ഒരുമിച്ച് രക്ഷപ്പെടാം. സുഖമായി എവിടെയെങ്കിലും പോയി ആരുടെയും കണ്ണില്‍പ്പെടാതെ ജീവിക്കാമെന്ന വാഗ്ദാനം. ഷഹല്‍ ഷാനു വാഗ്ദാനത്തില്‍ വീണു. സെല്ല് തുറന്നുള്ള രക്ഷപ്പെടല്‍ ദിവസം ഷഹല്‍ ഷാനു സുരക്ഷാ ജീവനക്കാര്‍ താക്കോല്‍ സൂക്ഷിച്ചിരുന്ന പ്ലാസ്റ്റിക് ബോട്ടിലില്‍ നിന്നും പകല്‍സമയം താക്കോല്‍ കവര്‍ന്ന് സെല്ല് തുറന്ന് വച്ചു. കാഴ്ചയില്‍ സെല്ല് പൂട്ടിയിട്ടുണ്ടെന്ന തോന്നലുണ്ടാക്കുന്ന തരത്തില്‍ തന്ത്രപരമായി പ്രവര്‍ത്തിച്ചു.

സുരക്ഷാ ജീവനക്കാരുടെ അശ്രദ്ധ കൂടി ചേര്‍ന്നതോടെ ആഷിഖും, ഗഫൂറും, നിസാമുദീനും ആദ്യം മതില്‍ചാടിക്കടന്നു. താനും പെട്ടുപോകുമെന്ന് ഉറപ്പിച്ചതോടെ ഷഹല്‍ ഷാനുവും സെല്ലില്‍ നിന്ന് രക്ഷപ്പെട്ടു. യഥാര്‍ഥത്തില്‍ സഹായിച്ച ഷഹല്‍ ഷാനുവിനെ കൂടെക്കൂട്ടാന്‍ മറ്റുള്ളവര്‍ ബോധപൂര്‍വം മറന്നു.

ഷഹല്‍ ഷാനു ഒറ്റപ്പെട്ടു

മൂന്നുപേര്‍ക്ക് പിന്നാലെ ഷഹല്‍ ഷാനുവും മതില്‍ചാടിയെങ്കിലും ഒറ്റപ്പെട്ടു. എങ്ങോട്ട് പോകുമെന്ന കാര്യത്തില്‍ യാതൊരു നിശ്ചയവുമില്ലായിരുന്നു. രാത്രിയില്‍ റയില്‍വേ സ്റ്റേഷനിലേക്ക് നാലാം പ്ളാറ്റ്ഫോം വഴി ഷഹല്‍ ഷാനു നടന്നെത്തുന്ന ദൃശ്യങ്ങളുണ്ട്. കോവിഡ് നിയന്ത്രണങ്ങളുള്ള സമയത്തും യാതൊരു പരിശോധനയുമില്ലാതെ, ടിക്കറ്റെടുക്കാതെ കണ്ണൂര്‍ തിരുവനന്തപുരം ജനശതാബ്ദിയില്‍ ഷഹല്‍ ഷാനു അടുത്തദിവസം യാത്ര ചെയ്തു. രണ്ട് വട്ട പരിശോധന പൂര്‍ത്തിയാക്കിയാണ് യാത്രക്കാരെ ട്രെയിനില്‍ കയറ്റുന്നതെന്ന റയില്‍വേയുടെ വാദം ഷഹല്‍ ഷാനുവിന്റെ കാര്യത്തിലുണ്ടായില്ല. തിരുവനന്തപുരത്തെത്തി പണത്തിനായി ബന്ധുവിനെ ഫോണില്‍ വിളിച്ചു. വിവരം പൊലീസിനെ അറിയിച്ചതോടെ മറ്റൊരു ട്രെയിനില്‍ എറണാകുളത്തെത്തിച്ച് മെഡിക്കല്‍ കോളജ് പൊലീസ് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. വിശാല ലോകം കാണാന്‍ ആഗ്രഹിച്ച് പുറത്തിറങ്ങിയ ഷാനു ആദ്യം തന്നെ വീണ്ടും അകത്തായി. ഇതൊന്നും മറ്റ് മൂന്നുപേരും അറിഞ്ഞില്ല.

മതില്‍ചാടിയതിന് പിന്നാലെ ബൈക്ക് കവര്‍ന്നു

കുതിരവട്ടത്ത് നിന്നും പുറത്തിറങ്ങിയ ആഷിഖും, ഗഫൂറും, നിസാമുദീനും ഓടിയെത്തിയത് മാങ്കാവിലാണ്. ജില്ല വിടുന്നതിനായി ആദ്യം കണ്ട ബൈക്ക് കവര്‍ന്നു. കുറച്ച് ദൂരം പിന്നിടുമ്പോള്‍ ഇന്ധനം തീര്‍ന്നതായി ബോധ്യപ്പെട്ടു. ടാങ്ക് തുറക്കാനുള്ള ശ്രമം പരാജയപ്പെട്ടതോടെ വാഹനം ഉപേക്ഷിച്ചു. റയില്‍വേ സ്റ്റേഷന്‍ പരിസരത്തെത്തി. ഇവര്‍ക്ക് പതിവായി സഹായം ചെയ്തിരുന്ന സുഹൃത്തുക്കളില്‍ ചിലരെക്കണ്ട് യാത്രാച്ചെലവിനുള്ള പണം കണ്ടെത്തി. പൊലീസ് ജീപ്പ് കണ്ടതിന് പിന്നാലെ കടയുടെ മറവിലൊളിച്ചു. രാത്രിയില്‍ റയില്‍വേയ്ക്ക് സമീപത്തുള്ള ആളൊഴിഞ്ഞ കെട്ടിടത്തില്‍ കഴിച്ചുകൂട്ടി. രാവിലെ ബസ് മാര്‍ഗം മാഹിക്ക് കടന്നു. മദ്യവും ബ്രഡും കഴിച്ച് രണ്ട് ദിവസം മൂന്നുപേരും പാലത്തിനിടയില്‍ ഒളിച്ച് കഴിഞ്ഞു. പിന്നീട് അമ്പായത്തോട് ആഷിഖ് മാഹിയില്‍ തുടര്‍ന്നു. ഗഫൂറും, നിസാമുദീനും ബസ് മാര്‍ഗം ഒളിത്താവളം തേടി മാനന്തവാടിയിലേക്ക് മുങ്ങി.

കൈയ്യിലെ പണം തീര്‍ന്നു. ആഷിഖ് വീണ്ടും മോഷ്ടാവായി

കൈയ്യില്‍ പണമില്ല. മദ്യം വാങ്ങി സഹായിക്കാന്‍ മാഹിയില്‍ ആരെയും പരിചയമില്ല. അങ്ങനെയാണ് വീണ്ടും കവര്‍ച്ചാ വഴയിലേക്ക് തിരിഞ്ഞത്. ആദ്യം ചോമ്പാലില്‍ നിന്ന് ഇരുചക്രവാഹനം കവര്‍ന്നു. രാത്രിയില്‍ ഇടവഴികളിലൂടെ സഞ്ചരിച്ച് ആഷിഖ് ബാലുശ്ശേരിയിലെത്തി. നിര്‍ത്തിയിട്ടിരുന്ന ബസില്‍ നിന്ന് ജാക്കി ലിവറും ഇരുമ്പ് കമ്പിയുമുള്‍പ്പെടെ ശേഖരിച്ചു. ബൈക്കില്‍ സഞ്ചാരം തുടര്‍ന്നു. വഴിയില്‍ നിര്‍ത്തിയിട്ടിരുന്ന മറ്റ് ബൈക്കുകളില്‍ നിന്ന് പെട്രോള്‍ കവര്‍ന്ന് ടാങ്ക് നിറച്ചു. രാത്രിയില്‍ കട പൊളിച്ച് അത്യാവശ്യത്തിനുള്ള പണം ശേഖരിച്ചു. 

പിറ്റേന്ന് രാവിലെ താമരശ്ശേരിയിലെ കഞ്ചാവ് വില്‍പനക്കാരനെക്കണ്ട് ആഷിഖ് പൊതി വാങ്ങി. ഉച്ചയോടെ കോഴിക്കോട് നഗരത്തിലെ വനിതാ സുഹൃത്തിനെ കാണാനായി മോഷ്ടിച്ച ബൈക്കില്‍ കോഴിക്കോടെത്തി. പൊലീസ് പിന്തുടരുന്നുവെന്ന് സംശയിച്ച് പലയിടത്തും വാഹനം നിര്‍ത്തി പരിസരം നിരീക്ഷിച്ചു. ഇതിനിടയില്‍ ആഷിഖിനെ മനസിലാക്കി കൈകാണിച്ച ട്രാഫിക് പൊലീസുകാരനെ തട്ടിയിട്ട് ഇയാള്‍ ബൈക്കില്‍ രക്ഷപ്പെടുകയായിരുന്നു. വന്നവഴി മടങ്ങി വീണ്ടും താമരശ്ശേരിയിലെ രഹസ്യ കേന്ദ്രത്തില്‍ ഒളിച്ചുതാമസിച്ചു. ഇടയ്ക്ക് വയനാട്ടിലേക്ക് രക്ഷപ്പെടുന്നതിനെക്കുറിച്ചും ആലോചിച്ചു. രാത്രിയില്‍ താമരശ്ശേരിയിലെ ഒരു കട കൂടി കുത്തിത്തുറന്നു. എണ്ണായിരത്തിലധികം രൂപയും പുകയില ഉല്‍പ്പന്നങ്ങളും കൈവശപ്പെടുത്തി വേണ്ടത്ര പണം കണ്ടെത്തി.

ആഷിഖിനെ സ്വതന്ത്രനാക്കി പിന്നീട് വലയിലാക്കി

ഞായറാഴ്ച രാവിലെ താമരശ്ശേരിയില്‍ നിന്ന് കോഴിക്കോട് നഗരത്തിലേക്ക് പുറപ്പെട്ട ആഷിഖിനെ പൊലീസ് ആദ്യം സ്വതന്ത്രനാക്കി. നീക്കങ്ങള്‍ രഹസ്യമായി നിരീക്ഷിച്ചു. വഴിയിലൊരിടത്തും പൊലീസ് തടയുന്നില്ലെന്ന് മനസിലാക്കിയതോടെ ആഷിഖിന് ആവശേമായി. എന്നാല്‍ വിവിധയിടങ്ങളില്‍ കാത്തുനിന്നിരുന്ന പൊലീസുകാര്‍ വാഹന നമ്പരുള്‍പ്പെടെ അതത് സ്റ്റേഷനുകളിലേക്ക് കൈമാറുന്നുണ്ടായിരുന്നു. അങ്ങനെയാണ് വെള്ളിമാട് കുന്നിന് സമീപത്ത് വച്ച് ആഷിഖിനെ പൊലീസ് പിന്തുടര്‍ന്ന് പിടികൂടിയത്. ആഷിഖാണ് ഗഫൂറും, നിസാമുദീനും വയനാട്ടിലേക്ക് രക്ഷപ്പെട്ടെന്ന സൂചന നല്‍കിയത്.

മേപ്പാടിയിലെ രഹസ്യസങ്കേതം; പൊലീസിനെ കണ്ടയുടന്‍ കൂടെപ്പോരാന്‍ തയാര്‍

ബോട്ടില്‍ നിരവധി തവണ കഞ്ചാവ് കടത്തിയിട്ടുള്ള ആളാണ് ഗഫൂറെന്ന് അന്വേഷണത്തില്‍ തെളിഞ്ഞു. തീരമേഖല കേന്ദ്രീകരിച്ചുള്ള അന്വേഷണത്തില്‍ ഗഫൂറിന്റെ കൂടുതല്‍ സുഹൃത്തുക്കളെ കണ്ടെത്തി. അതിവേഗം ബോട്ട് ഓടിച്ച് നീങ്ങാന്‍ അസാമാന്യ ശേഷിയുള്ള ഗഫൂര്‍ നിസാമുദീനെയും കൂട്ടി തീരം വഴി രക്ഷപ്പെട്ടിട്ടുണ്ടാകാമെന്നായിരുന്നു പൊലീസിന്റെ സംശയം. ഈ മേഖല കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിനിടെയാണ് ഗഫൂറിനൊപ്പം ജയിലിലുണ്ടായിരുന്ന മാനന്തവാടി സ്വദേശി അടുത്തിടെ ജയില്‍മോചിതനായി നാട്ടിലേക്ക് മടങ്ങിയതായി വിവരം ലഭിച്ചത്. പ്രത്യേക അന്വേഷണസംഘം മാനന്തവാടിയിലെത്തി സുഹൃത്തിനെക്കണ്ടു. ആദ്യം സുഹൃത്ത് സമ്മതിക്കാന്‍ തയാറായില്ലെങ്കിലും മേപ്പാടിയിലെ ഗഫൂറിന്റെ പഴയ ബന്ധങ്ങളെക്കുറിച്ച് ചില സൂചനകള്‍ ലഭിച്ചു. മേപ്പാടിയിലെ റിപ്പണ്‍ ഭാഗത്ത് ആളൊഴിഞ്ഞ കെട്ടിടത്തിലാണ് ഗഫൂറും നിസാമുദീനും ഒളിച്ചുകഴിഞ്ഞിരുന്നത്. നേരത്തെ കാലിവളര്‍ത്തലിന് സഹായിയായി ഗഫൂറുണ്ടായിരുന്ന സ്ഥലമെന്ന പരിചയത്തിലാണ് ഇരുവരും ഈ മേഖലയില്‍ ഒളിച്ച് താമസിച്ചിരുന്നത്. പൊലീസിനെ കണ്ടയുടന്‍ യാതൊരു പ്രതിരോധവും തീര്‍ക്കാതെ കൂടെപ്പോരാന്‍ തയാറായി. കാരണം രണ്ട് ദിവസമായി ഭക്ഷണം പോലും കിട്ടാതെ പ്രതിസന്ധിയിലായിരുന്നുവെന്നാണ് ഇവര്‍ പൊലീസിനോട് പറഞ്ഞത്.

രക്ഷപ്പെട്ടവരാരും ചില്ലറക്കാരല്ല

ഇരുപതിലധികം കവര്‍ച്ചാക്കേസുകളില്‍ പ്രതിയാണ് അമ്പായത്തോട് ആഷിഖ്. കൈയ്യില്‍ വരഞ്ഞ് രക്തം ചീറ്റി ഉദ്യോഗസ്ഥരെ പേടിപ്പിക്കുകയാണ് ജയിലിനുള്ളിലെ പ്രധാന വിനോദം. നിരവധി തവണ ജയില്‍ശിക്ഷ അനുഭവിച്ചിട്ടുണ്ട്. പുറത്തിറങ്ങിയാലും വേഗം മറ്റൊരു കളവില്‍ പ്രതിയായി തിരികെ ജയിലിലെത്തുന്നതാണ് രീതി. ഇരുപത്തി നാല് വയസിനിടെ കൊലപാതകമുള്‍പ്പെടെ ഇരുപത്തി ആറിലധികം കേസുകളില്‍ പ്രതിയാണ് നിസാമുദീന്‍. 

നല്ല ശീലത്തിലേക്ക് മടങ്ങാന്‍ കുന്ദമംഗലത്തെ ബന്ധുവീട്ടില്‍ നിര്‍ത്തിയെങ്കിലും ചുരുങ്ങിയ ദിവസത്തിനുള്ളില്‍ കവര്‍ച്ചാക്കേസില്‍ പൊലീസ് പിടിയിലായി. കൂടിയ അളവില്‍ ലഹരി ഉപയോഗിച്ച് ആക്രമണം നടത്തുന്നതാണ് രീതി. ആന്ധ്രയില്‍ നിന്ന് കഞ്ചാവെത്തിച്ച് മൊത്തക്കച്ചവടക്കാര്‍ക്ക് കൈമാറുന്നതായിരുന്നു ഗഫൂറിന്റെ പതിവ്. ആന്ധ്രയില്‍ കഞ്ചാവ് വാങ്ങാനെത്തുന്ന സമയം വഴിയില്‍ കാണുന്ന ഭിക്ഷക്കാര്‍ക്കുള്‍പ്പെടെ പണം കൈമാറുന്നത് ഗഫൂറിന്റെ ഇഷ്ടങ്ങളിലൊന്നായിരുന്നു. 

താന്‍ നിരവധി ജീവകാരുണ്യ പദ്ധതികളില്‍ പങ്കാളിയായിട്ടുണ്ടെന്നാണ് ഗഫൂര്‍ പൊലീസിനോട് പറഞ്ഞത്. ആര്‍ക്കും നേരിട്ട് കഞ്ചാവ് കൈമാറുന്ന ശൈലിയില്ലെന്നും മൊത്തക്കച്ചവടക്കാര്‍ എന്ത് ചെയ്യുന്നുവെന്ന കാര്യം തനിക്കറിയേണ്ടതില്ലെന്നും പറഞ്ഞ് വയനാട്ടില്‍ നിന്നുള്ള കോഴിക്കോട് യാത്രയില്‍ ചെയ്യുന്ന തെറ്റിനെ ന്യായീകരിക്കാന്‍ ഗഫൂര്‍ ശ്രമിക്കുകയായിരുന്നുവെന്ന് പൊലീസുകാര്‍.

വസ്തുകച്ചവടക്കാരായും സംരംഭകരായും പൊലീസിന്റെ സ‍ഞ്ചാരം

ഗഫൂറിനെയും ആഷിഖിനെയും നേരത്തെയും നിരവധി കേസുകളില്‍ പിടികൂടിയിട്ടുള്ള പൊലീസുകാരാണ് സെല്ല് തുറന്ന് രക്ഷപ്പെട്ടവരെ പിടികൂടാനുള്ള പ്രത്യേക അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. ഡി.സി.പി എസ്.സുജിത്ദാസിന്റെ നേതൃത്വത്തില്‍ കസബ, നടക്കാവ് എസ്.ഐമാരുള്‍പ്പെടെ പതിനഞ്ചംഗ സംഘമാണ് വിവിധയിടങ്ങളിലെ പരിശോധനയില്‍ പങ്കെടുത്തത്. സൈബര്‍ സെല്ലിന്റെ സഹായത്തോടും വേഷം മാറിയും വസ്തു കച്ചവടക്കാരായും വ്യവസായ സംരംഭകരായും ഇവര്‍ പലയിടത്തും സഞ്ചരിച്ചു. പൊലീസ് വാഹനം ഒഴിവാക്കി സ്വകാര്യ വാഹനത്തിലായിരുന്നു സ‍ഞ്ചാരം. നിരവധി കേസുകളില്‍ പ്രതികളായ നാലുപേരും പുറത്ത് നിന്നാലുണ്ടാകുന്ന അപകടസാധ്യത കുറച്ചൊന്നുമല്ല പൊലീസിനെ പ്രതിസന്ധിയിലാക്കിയത്. സെല്ല് തുറന്ന് രക്ഷപ്പെട്ടതിന്റെ ആറാം ദിവസം നാലുപേരെയും വീണ്ടും അഴിക്കുള്ളിലാക്കാന്‍ കഴിഞ്ഞതിലാണ് അന്വേഷണസംഘത്തിന്റെ മികവ് തെളിയുന്നത്.....................