ജയിൽ ചാടിയ തടവുകാരൻ പൊന്തക്കാട്ടിൽ ഒരു രാത്രിയും പകലും; ഒടുവിൽ

സുരക്ഷാ ജീവനക്കാരുടെ കണ്ണുവെട്ടിച്ചു ജയിൽചാടിയ തടവുകാരൻ പൊന്തക്കാട്ടിലും പര‍ിസരത്തുമായി ഒളിച്ചിരുന്നത് ഒരു പകലും രാത്രിയും! 17 മണിക്കൂർ നീണ്ട ‘ഒളിവുജീവിതം’ അവസാനിപ്പിച്ചു പുലർച്ചെ 4 മണിയോടെ പുറത്തിറങ്ങി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ പൊലീസും ജയിൽ ജീവനക്കാരും ചേർന്നു പിടികൂടി. ചെറുതുരുത്തി പൈങ്കുളം കുളമ്പാട്ടുപറമ്പിൽ സഹദേവൻ (38) ആണ് അറസ്റ്റിലായത്.

മാസങ്ങൾക്കു മുൻപു വിയ്യൂർ സെൻട്രൽ ജയിൽ വളപ്പിലെ മരത്തിനു മുകളിൽ കയറി മണിക്കൂറുകളോളം സഹദേവൻ ആത്മഹത്യാഭീഷണി മുഴക്കിയതു പരിഭ്രാന്തി സൃഷ്ടിച്ചിരുന്നു. ഞായറാഴ്ച രാവിലെ 11 മണിയോടെ വിയ്യൂർ ജയിൽ മതിൽക്കെട്ടിനു പുറത്തുള്ള സ്റ്റാഫ് മെസിനു സമീപത്തായിരുന്നു സംഭവം. മെസിനു പിന്നിലെ ആളൊഴിഞ്ഞ ഭാഗത്തു ഭക്ഷണാവശിഷ്ടങ്ങൾ കളയാൻ സഹദേവനെ ഏൽപിച്ചിരുന്നു.

മാലിന്യവുമായി മെസിനു പിന്നിലേക്കു പോയ സഹദേവൻ തിരികെയെത്തിയില്ലെന്നു കണ്ട ജീവനക്കാർ തിരഞ്ഞു നോക്കിയെങ്കിലും ഓടിരക്ഷപ്പെട്ടിരുന്നു. വിയ്യൂർ പൊലീസും ജയിൽ ജീവനക്കാരും പ്രദേശമാകെ അരിച്ചുപെറുക്കിയെങ്കിലും വിവരമൊന്നും കിട്ടിയില്ല. ജയിൽ പരിസരത്ത‍ു കാടുകയറിക്കിടക്കുന്ന ഭാഗങ്ങളിൽ എവിടെയെങ്കിലും ഒളിക്കാനുള്ള സാധ്യത കണക്കിലെടുത്തു പകൽ മുഴുവൻ വ്യാപക തിരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല.

ഈ സമയമത്രയും പ്രദേശത്തെ പൊന്തക്കാട്ടിൽ ഒളിച്ചിരിക്കുകയായിരുന്നു സഹദേവൻ. ആളും അനക്കവും ഒഴിഞ്ഞെന്നു കരുതി പുറത്തിറങ്ങിയെങ്കിലും വിയ്യൂർ മണലാറുകാവിനു സമീപത്തു റോഡിൽ വച്ച് പൊലീസിന്റെ പിടിയിലായി. അപ്പോഴും  ജയിൽ വേഷത്തിൽ തന്നെയായിരുന്നു. മുൻപു ജീവനൊടുക്കാൻ ശ്രമിച്ച തടവുകാരനെ പുറംപണിക്കു നിയോഗിച്ചതു സുരക്ഷാ വീഴ്ചയായതിനാൽ അന്വേഷണം വന്നേക്കും.