ശരീരത്തില്‍ ലഹരിമരുന്നുണ്ടെങ്കില്‍ മണത്ത് പിടിക്കും; ജയിലുകളിൽ ഇനി ശ്വാനസംഘവും

ശരീരത്തിന്റെ രഹസ്യ ഭാഗങ്ങളില്‍ തടവുകാര്‍ ഒളിപ്പിച്ച് കടത്തുന്ന ലഹരി പിടികൂടാന്‍ ഇനി മുതല്‍ നായകള്‍. മണം പിടിച്ച് ലഹരി കണ്ടെത്താന്‍ പരിശീലനം  നേടിയ നായകളാകും ജയില്‍ കവാടത്തിന് ഇനി ഡ്യൂട്ടിയിലുണ്ടാകുക. തൃശൂര്‍ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ പരിശീലനം പൂര്‍ത്തിയാക്കിയ അഞ്ചു നായകള്‍ ഔദ്യോഗിക ജീവിതത്തിലേക്ക് പ്രവേശിച്ചു.

ലാബ്രഡോര്‍ ഇനത്തില്‍പ്പെട്ട അഞ്ചു നായകളെയാണ് ജയിലുകളില്‍ ജോലിക്ക് നിയോഗിച്ചത്. ഒന്‍പതു മാസ നീണ്ട പരിശീലനത്തിനു ശേഷം ശ്വാനസംഘം ജയിലുകളില്‍ ജോലിയ്ക്കു എത്തുന്നത്. പൊലീസ് അക്കാദമിയിലെ നായ പരിശീലന വിദഗ്ധരാണ് ഇവയെ അഭ്യസിപ്പിച്ചത്. ഏതുതരം ലഹരിമരുന്നും മണംപിടിച്ച് കണ്ടെത്താം. കോടതിയില്‍ പോകും വഴി സുഹൃത്തുക്കളുടെ സഹായത്തോടെ കിട്ടുന്ന ലഹരിമരുന്നുകള്‍ ശരീരത്തിന്റെ രഹസ്യ ഭാഗത്ത് ഒളിപ്പിച്ചാണ് സാധാരണ തടവുകാര്‍ ജയിനുള്ളില്‍ എത്തിക്കുന്നത്. ശരീരത്തിന്റെ രഹസ്യ ഭാഗങ്ങള്‍ പരിശോധിക്കാന്‍ ജയില്‍ ഉദ്യോഗസ്ഥര്‍ക്ക് പ്രയാസമാണ്. ഇതു മുതലെടുത്താണ് ജയിലില്‍ ലഹരിക്കടത്ത്. ഇതു തടയാന്‍ ഇനി മുതല്‍ നായകളുടെ സേവനം ഉപകാരപ്പെടും. ശരീരത്തില്‍ ലഹരിമരുന്നുണ്ടെങ്കില്‍ നായ കുരയ്ക്കും.

ലഹരിമരുന്ന് സൂക്ഷിച്ച ബാഗ്, വണ്ടി ഇവയെല്ലാം പാസിങ് ഔട്ട് പരേഡിനെ നായകള്‍ ചൂണ്ടിക്കാട്ടി കൊടുത്തു. സേനയുടെ അച്ചടക്കത്തിന്റെ ഭാഗമായി സല്യൂട്ടും മറ്റും കൃത്യമായി ഇവ പരിശീലിച്ചു. സംസ്ഥാനത്തിന്റെ വിവിധ ജയിലുകളില്‍ ഇനി ഈ ശ്വാന സംഘം ഡ്യൂട്ടിയിലുണ്ടാകും.