വനിതകള്‍ക്ക് ചുരിദാറും പുരുഷന്‍മാര്‍ക്ക് പാന്‍സും ഷര്‍ട്ടും; മാറുന്ന ജയിൽ; ശുപാർശ

സംസ്ഥാനത്തെ ജയില്‍ തടവുകാരുടെ യൂണിഫോം പരിഷ്കരിക്കാന്‍ ശുപാര്‍ശ. വനിതകള്‍ക്ക് ചുരിദാറും പുരുഷന്‍മാര്‍ക്ക് പാന്‍സും ഷര്‍ട്ടുമാക്കാനാണ് ജയില്‍ വകുപ്പിന്റെ നിര്‍ദേശം. കൂടുതല്‍ തുറന്ന ജയിലുകള്‍ തുടങ്ങാനും ശുപാര്‍ശയുണ്ട്.

വെള്ള ചട്ടയും മുണ്ടുമാണ് ശിക്ഷിക്കപ്പെട്ട  സ്ത്രീകളുടെ ജയില്‍ വേഷം. ആവശ്യമെങ്കില്‍ വെള്ള സാരിയും ബ്ളൗസും ധരിക്കാം. പതിറ്റാണ്ടുകള്‍ക്ക് മുന്‍പുള്ള ഈ വസ്ത്രധാരണ രീതി തടവുകാര്‍ക്ക് വലിയ അസൗകര്യമുണ്ടാക്കുന്നുണ്ട്.അതിനാല്‍  ചുരിദാറാക്കാനാണ് നിര്‍ദേശം. പുരുഷന്‍മാരുടെ വസ്ത്രവും മാറ്റാന്‍ ആലോചനയുണ്ട്. ഷര്‍ട്ടും മുണ്ടിനും പകരം പാന്‍സും ടീ ഷര്‍ട്ടുമാക്കുന്നതാണ് പരിഗണിക്കുന്നത്. പക്ഷെ എല്ലാ പുരുഷ തടവുകാര്‍ക്കും മാറ്റമുണ്ടായേക്കില്ല. ജയിലിനുള്ളിലോ പുറത്തോ ജോലി ചെയ്യുന്ന തടവുകാര്‍ക്ക് മുണ്ടുടുക്കുന്നത് അസൗകര്യമായതിനാല്‍ അവര്‍ക്ക് മാത്രം പാന്‍സാക്കിയേക്കും. 

 വിഷന്‍ 2030 എന്ന പേരില്‍ വരും വര്‍ഷങ്ങളില്‍ ജയിലില്‍ വരുത്തേണ്ട മാറ്റങ്ങളേക്കുറിച്ച് രൂപരേഖ തയാറാക്കുന്നുണ്ട്. അതിന്റെ ഭാഗമായി ജയില്‍ വകുപ്പ് ആഭ്യന്തര വകുപ്പിന് നല്‍കിയ ശുപാര്‍ശകളിലാണ് യൂണിഫോം പരിഷ്കരണം നിര്‍ദേശിക്കുന്നത്. ഇതിനൊപ്പം തടവുകാര്‍ ചെയ്യുന്ന ജോലിയുടെ പ്രതിഫലം വര്‍ധിപ്പിക്കാനും നിര്‍ദേശമുണ്ട്. ജയിലിനുള്ളിലെ വിവിധ പണികള്‍ക്ക് പുറമെ ജയില്‍ വകുപ്പിന്റെ പമ്പുകളിലും ഹോട്ടലുകളിലുമെല്ലാം തടവുകാരെ ഉപയോഗിക്കുന്നുണ്ട്. ഇവര്‍ക്കുള്ള പ്രതിഫലമാണ് വര്‍ധിപ്പിക്കുന്നത്. കൂടുതല്‍ തുറന്ന ജയിലുകള്‍ തുടങ്ങുക, ജയിലില്‍ തന്നെ മാനസികാരോഗ്യ കേന്ദ്രങ്ങള്‍ ആരംഭിക്കുകയും ശുപാര്‍ശകളിലുണ്ട്. സര്‍ക്കാര്‍ അന്തിമ അംഗീകാരം നല്‍കിയിട്ടില്ല.