കെവിൻ വധക്കേസ് പ്രതിക്ക് മർദനം; ജയിൽ ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയേക്കും

കെവിന്‍ വധക്കേസിലെ പ്രതിയ്ക്ക് സെന്‍ട്രല്‍ ജയിലില്‍ മര്‍ദനമേറ്റതില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടായേക്കും. മൂന്ന് പേരെ സ്ഥലംമാറ്റാനുള്ള ശുപാര്‍ശയോടെ ജയില്‍ ഡി.ഐ.ജിയുടെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് കോടതിയില്‍ നല്‍കി. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ നടപടിയെടുക്കുമെന്ന് ജയില്‍ മേധാവി ഋഷിരാജ് സിങ് പറഞ്ഞു. എന്നാല്‍ മര്‍ദനമുണ്ടായിട്ടില്ലെന്നാണ് ജയില്‍ ഉദ്യോഗസ്ഥരുടെ നിലപാട്.

പ്രണയവിവാഹത്തിന്റെ പേരില്‍ കോട്ടയത്തെ കെവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസില്‍ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട് പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന ടിറ്റു ജെറോമിന് മര്‍ദനമേറ്റെന്നാണ് കണ്ടെത്തല്‍. ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരം അഡീഷണല്‍ ജില്ലാ ജഡ്ജിയും മെഡിക്കല്‍ സംഘവും ജയിലിലെത്തി നടത്തിയ പരിശോധനയിലാണ് മര്‍ദനം സ്ഥിരീകരിച്ചതും മെഡിക്കല്‍ കോളജിലേക്ക് മാറ്റിയതും. തുടര്‍നടപടി വ്യക്തമാക്കി ഇന്ന് ഉച്ചയ്ക്ക് മുന്‍പ് റിപ്പോര്‍ട്ട് നല്‍കാന്‍ ഹൈക്കോടതി ജയില്‍വകുപ്പിനോട് ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം പ്രഖ്യാപിച്ചത്.

അന്വേഷണ വിധേയമായി മൂന്ന് ഡെപ്യൂട്ടി പ്രിസണ്‍ ഓഫീസര്‍മാരെ സ്ഥലംമാറ്റാനും ജയില്‍ ഡി.ഐ.ജിയുടെ റിപ്പോര്‍ട്ടില്‍ ശുപാര്‍ശയുണ്ട്. അതേസമയം മര്‍ദിച്ചിട്ടില്ലന്നാണ് ജയില്‍ ഉദ്യോഗസ്ഥരുടെ മൊഴി. ജയില്‍വളപ്പില്‍ ജോലിക്ക് പോയ ടിറ്റു മദ്യം സെല്ലിലേക്ക് കടത്തി. ഇത് കണ്ടെത്തി ചോദ്യം ചെയ്യുകയും അച്ചടക്ക നടപടിയുടെ ഭാഗമായി സന്ദര്‍ശകരെ വിലക്കുകയും ഒറ്റക്കൊരു സെല്ലിലേക്ക് മാറ്റുകയും ചെയ്തെന്നാണ് വിശദീകരണം. ടിറ്റു മര്‍ദനമേറ്റ് ഗുരുതരാവസ്ഥയിലാണെന്ന് ഒരാഴ്ച മുന്‍പ് സഹതടവുകാരന്‍ ബന്ധുക്കളെ വിളിച്ചറിയിച്ചു. ഇത് അന്വേഷിക്കാനെത്തിയ ബന്ധുക്കളെ ടിറ്റുവിനെ കാണാന്‍ അനുവദിക്കാതിരുന്നതോടെയാണ് ഹൈക്കോടതിയെ സമീപിച്ചതും നടപടിയുണ്ടായതും.