ബിജെപി ജില്ലാ സെക്രട്ടറി പാർട്ടി കൗൺസിലറെ അപായപ്പെടുത്താൻ ശ്രമിച്ചു; പരാതി

ഇടുക്കി തൊടുപുഴയിൽ ബിജെപി ജില്ലാ സെക്രട്ടറി ബിജെപിക്കാരനായ നഗരസഭ കൗൺസിലറെ അപായപ്പെടുത്താൻ ശ്രമിച്ചെന്ന് പരാതി. കൗൺസിലർക്കു നേരെ പലതവണ വധ ഭീഷണി മുഴക്കുകയും വീട്ടിലെത്തി കൊല്ലാന്‍ ശ്രമിച്ചെന്നുമാണ്  പരാതി.   നേതാവിന് എതിരെ പാര്‍ട്ടി നടപടി എടുത്തില്ലെങ്കിൽ സ്ഥാനം രാജി വയ്ക്കുമെന്ന് വാർഡ് കൗൺസിലർ കെ.ഗോപാലകൃഷ്ണൻ പറഞ്ഞു.

തൊടുപുഴ ആറാം വാര്‍ഡ് കൗണ്‍സിലര്‍ ഗോപാലകൃഷ്ണന്‍ അയല്‍ക്കാരനായ  ബിജെപി ജില്ല സെക്രട്ടറി ബി. വിജയകുമാറിന് എതിരെയാണ് പൊലീസിൽ പരാതി നൽകിയത്. ജില്ല നേതാവിന്റെ വീട്ടിൽ നിന്നുള്ള മലിന ജലം അടുത്ത വീട്ടിലേക്ക് ഒഴുക്കുന്നത് സംബന്ധിച്ച പരാതിയാണ്  തുടക്കം. അയൽക്കാരുടെ  നേതൃത്വത്തിൽ നഗരസഭ സെക്രട്ടറിക്ക് പരാതി നൽകി. ഇതിൽ കൗൺസിലർ ഗോപാല കൃഷ്ണനും ഒപ്പിട്ടു. ഇതിന്റെ പേരിൽ വിജയകുമാർ കഴിഞ്ഞ 11ന് രാത്രി 8 മണിക്ക് ഗോപാല കൃഷ്ണന്റെ വീടിനു മുന്നിൽ എത്തി കുപ്പിയിൽ കരുതിയിരുന്ന ഡീസല്‍ ഒഴിച്ച് അപായപ്പെടുത്താൻ ശ്രമിച്ചു എന്നാണ് പരാതി. 

കൂടാതെ 2 ദിവസം ഗോപാലകൃഷ്ണന്റെ പച്ചക്കറി കടയിൽ എത്തിയും പിന്നീട് ബിജെപി ഓഫിസിൽ എത്തിയപ്പോൾ അവിടെ വച്ചും അസഭ്യം വിളിക്കുകയും കയ്യേറ്റത്തിനു ശ്രമിക്കുകയും ചെയ്തു എന്നാണ് പരാതിയില്‍ പറയുന്നു. ഇത് സംബന്ധിച്ച് പരാതി നൽകിയിട്ടും പാർട്ടി നേതൃത്വം ഉചിതമായ നടപടി എടുത്തില്ലെന്ന്  ഗോപാലകൃഷ്ണൻ  ആരോപിച്ചു. 

തൊടുപുഴ നഗരസഭയിലെ  ബാക്കി 7 ബിജെപി കൗൺസിലർമാരും ഗോപാലകൃഷ്ണന് പിന്തുണയുമായി എത്തിയെങ്കിലും പരാതി നൽകിയിട്ടും പാർട്ടി  ജില്ലാ നേതൃത്വം നടപടി എടുത്തില്ല. ഇതെ തുടർന്നാണ് കൗൺസിലർ പൊലീസിൽ പരാതി നൽകിയത്. അതേ സമയം താൻ ഗോപാലകൃഷ്ണനെ ഉപദ്രവിച്ചിട്ടില്ലെന്നും ആരോപണത്തെ കുറിച്ച് അറിയില്ലെന്നും ജില്ല സെക്രട്ടറി പറഞ്ഞു.