‘വിദേശത്ത് മോദിയോട് വലിയ ബഹുമാനം’: കാരണം ഇതാണ്; വ്യക്തമാക്കി ഗെലോട്ട്

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു വിദേശത്തു വലിയ ബഹുമാനമാണു ലഭിക്കുന്നതെന്നു രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട്. രാജസ്ഥാനിലെ ബൻസ്വാരയിൽ മൻഗഡ് ആദിവാസി സ്വാതന്ത്ര്യസമര സേനാനികളുടെ അനുസ്മരണച്ചടങ്ങിലാണു മോദിയുടെ സാന്നിധ്യത്തിൽ ഗെലോട്ട് അദ്ദേഹത്തെ പ്രശംസിച്ചത്. 

ചടങ്ങിൽ മോദിയെയും ഗെലോട്ടിനെയും കൂടാതെ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ, ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ എന്നിവരും സന്നിഹിതരായിരുന്നു. ‘മോദി വിദേശത്തു പോകുമ്പോൾ വലിയ ബഹുമാനമാണു കിട്ടുന്നത്. എന്തുകൊണ്ടാണ് അങ്ങനെ സംഭവിക്കുന്നത്? ഗാന്ധിജിയുടെ രാജ്യത്തിന്റെ പ്രധാനമന്ത്രിയാണ് അദ്ദേഹം. സ്വാതന്ത്ര്യം കിട്ടി ഏഴു പതിറ്റാണ്ടുകൾ കഴിഞ്ഞിട്ടും ജനാധിപത്യം ആഴത്തിൽ വേരാഴ്‍ത്തിയ രാജ്യത്തിന്റെ നേതാവാണ് അദ്ദേഹം. ഇത് അറിയാവുന്നതിനാലാണ് അദ്ദേഹത്തിനെ ജനം അഭിമാനിക്കുന്നത്’ ഗെലോട്ട് പറഞ്ഞു.

ആദിവാസി വിഭാഗങ്ങളില്ലാതെ ഇന്ത്യയുടെ ഭൂത, ഭാവി, വർത്തമാന കാലങ്ങൾ പൂർണമാകില്ലെന്നു മോദി പറഞ്ഞു. ഗെലോട്ടിനെക്കുറിച്ചു നല്ല വാക്കുകളും മോദി പങ്കുവച്ചു. ‘അശോക് ജിയും (ഗെലോട്ട്) ഞാനും മുഖ്യമന്ത്രിമാരായി ഒരുമിച്ചു പ്രവർത്തിച്ചിട്ടുണ്ട്. അന്നും മുഖ്യമന്ത്രിമാരിൽ സീനിയർ അദ്ദേഹമായിരുന്നു. ഇന്ന് വേദിയിൽ ഇരിക്കുന്ന മുഖ്യമന്ത്രിമാരുടെ കൂട്ടത്തിലും അശോക്‌ജിയാണ് സീനിയർ’ മോദി പറഞ്ഞു.