ചിത്രമിട്ട് പിണറായി; നന്ദി പറഞ്ഞ് കമന്റിട്ട് ഉമ്മൻ ചാണ്ടി; മനംനിറച്ച് സൗഹൃദം

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് നേരിട്ട് പിറന്നാൾ ആശംസകൾ നേരാൻ മാത്രമായി മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ട് കൊച്ചിയിലെത്തിയത് രാഷ്ട്രീയകേരളത്തിന്റെ നല്ല കാഴ്ചയായി. കൂടിക്കാഴ്ചയുടെ ചിത്രം ഫെയ്സ്ബുക്കിൽ പിണറായി വിജയൻ പങ്കിടുകയും ചെയ്തു. ‘മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ്സ് നേതാവുമായ ശ്രീ. ഉമ്മൻ ചാണ്ടിക്ക് ആലുവ പാലസിലെത്തി ജന്മദിനാശംസകൾ നേർന്നു.’ എന്നാണ് അദ്ദേഹം കുറിച്ചത്. പിന്നാലെ പോസ്റ്റിന് താഴെ കമന്റുമായി ഉമ്മൻ ചാണ്ടിയും എത്തി. ‘ഔദ്യോഗിക തിരക്കുകൾക്കിടയിലും ജന്മദിനാശംസകൾ നേരുന്നതിനായി നേരിട്ട് എത്തിച്ചേർന്നതിനു എന്റെ ഹൃദയംഗമമായ നന്ദി അറിയിക്കുന്നു.’ ഉമ്മൻ ചാണ്ടി കുറിച്ചു. കൂടിക്കാഴ്ചയുടെ ചിത്രം ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. 

കുടുംബത്തിനും കോൺഗ്രസ് പ്രവർത്തകർക്കൊപ്പം ആലുവയിൽ 79ാം പിറന്നാൾ ആഘോഷിച്ച് ഉമ്മൻചാണ്ടി. നടൻ മമ്മൂട്ടി ഉൾപ്പെടെയുള്ള പ്രമുഖർ നേരിൽകണ്ട് ആശംസകൾ അറിയിച്ചു. പിറന്നാൾ ദിനത്തിൽ വിശ്രമത്തിലാണെങ്കിലും  കുഞ്ഞൂഞ്ഞിന്  ചുറ്റും പതിവ് കൂട്ടമുണ്ട്. പ്രിയനേതാവിന്റെ പിറന്നാൾ ആഘോഷിക്കാൻ ആലുവ ഗസ്റ്റ്ഹൗസിലെ 401ആം മുറിയിൽ കേക്കും ലഡുവുമായി രാവിലെ തന്നെ പ്രവർത്തകരെത്തിയിരുന്നു. ഇന്ദിരാഗാന്ധിയുടെ രക്തസാക്ഷി ദിനം കൂടിയായതിനാൽ പിറന്നാളിന് കേക്ക് മുറിക്കുന്ന ശീലമില്ല. ആ പതിവ് ഇത്തവണയും ഉമ്മൻചാണ്ടി തെറ്റിച്ചില്ല. 

ആശംസകളുടെ പൂച്ചെണ്ടുകളുമായി മമ്മൂട്ടിയും എത്തി. ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി, സ്പീക്കർ എ എം ഷംസീർ, നടൻ ജയറാം എന്നിവരും ജന്മദിനാശംസകൾ നേർന്നു. എല്ലാവർക്കും നന്ദി പറഞ്ഞ ഉമ്മൻചാണ്ടി അടുത്ത ആഴ്ച ജർമനയിലേക്ക് പോകുമെന്നും വ്യകതമാക്കി.