കോൺക്ലേവിന് ഉജ്വല തുടക്കം; മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു

ഭാവി ഇന്ത്യയെക്കുറിച്ചുള്ള ചിന്തകളുമായി മനോരമ ന്യൂസിന്‍റെ നാലാമത് കോണ്‍ക്ലേവിന് തൃശൂരില്‍ തുടക്കം. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ ചെന്നൈയില്‍നിന്ന് തല്‍സമയം ചടങ്ങിന് സാക്ഷിയായി.   

ഭരണഘടനയില്ലാതെ സ്വാതന്ത്ര്യമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മതേതരത്വം ഇല്ലാതെ ജനാധിപത്യമില്ല. ഫെഡറലിസമില്ലാതെ മുന്നോട്ടു പോക്കുമില്ലെന്ന് മനോരമ ന്യൂസ് കോണ്‍ക്ലേവ് ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പറഞ്ഞു. ഭരണഘടന എല്ലാവരുടെയും സ്വാതന്ത്ര്യത്തിൻ്റെ അടിസ്ഥാനമാണ്. വൈരുധ്യങ്ങളെ തള്ളിക്കളയുന്ന പ്രതിലോമകരമായ നിലപാടിലേക്ക് രാജ്യം ചുരുങ്ങുന്നു എന്ന് പരാതിയുണ്ട്.  മതനിരപേക്ഷതയില്ലാത്ത രാജ്യം ഭിന്നിച്ച് നശിക്കും. ഫെഡറൽ തത്വങ്ങൾ പാലിച്ചില്ലെങ്കിൽ ഓരോ പ്രദേശത്തെയും വികസന പ്രശ്നം കൈകാര്യം ചെയ്യാൻ പറ്റാതാകും– അദ്ദേഹം പറഞ്ഞു.

ഇന്ത്യയിലാണ് ഏറ്റവുമധികം മാധ്യമ പ്രവർത്തകർ കൊല്ലപ്പെട്ടത്. മാധ്യമ പ്രവർത്തകർക്ക് ഏറ്റവും അപകടകരമായ രാജ്യമായി ഇന്ത്യ മാറി. മാധ്യമങ്ങള്‍ ഉത്തരവാദിത്തത്തോടെ പെരുമാറണമെന്ന് ചീഫ് ജസ്റ്റിസ് പറയുന്നുണ്ട്. മതേതരത്വത്തെ ശക്തിപ്പെടുത്താനുള്ള ഉത്തരവാദിത്തം മാധ്യമങ്ങള്‍ക്കുണ്ട്. ചോദ്യങ്ങള്‍ ചോദിക്കുന്നതിന് പകരം മാധ്യമങ്ങള്‍ ചില  പ്രത്യേക താല്‍പര്യത്തിന് പിന്നാലെ പോകുന്ന അവസ്ഥ കേരളത്തിലുമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.