അഗ്നിപഥ് വെല്ലുവിളിയല്ല; സേനയില്‍ സ്ത്രീപ്രാതിനിധ്യം കൂടും; അഡ്മിറല്‍ ആര്‍. ഹരികുമാര്‍

അഗ്നിപഥ് പദ്ധതിയുടെ നടത്തിപ്പ് വെല്ലുവിളിയായി തോന്നിയിട്ടില്ലെന്ന് നാവികസേനാ മേധാവി അഡ്മിറല്‍ ആര്‍. ഹരികുമാര്‍. മനോരമന്യൂസ് കോണ്‍ക്ലേവ് 2022 ല്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സേനയുടെ സമഗ്ര രൂപാന്തരമാണ് അഗ്നിപഥ് ലക്ഷ്യമിടുന്നത്. കഴിഞ്ഞ രണ്ട് വര്‍ഷമായി പദ്ധതിയുടെ ആസൂത്രണം മുതലിന്ന് വരെയുള്ള കാര്യങ്ങളുമായി താന്‍ സഹകരിച്ച് വരിയായിരുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തി. സാങ്കേതികമായി പരിജ്ഞാനമുള്ളവര്‍ സേനയില്‍ എത്തും എന്നതിനൊപ്പം രാജ്യസേവനത്തിന് കൂടുതല്‍ പേര്‍ക്ക് അവസരമൊരുക്കുന്നുവെന്ന പ്രത്യേകതയും അഗ്നിപഥിനുണ്ട്. സായുധ വിഭാഗങ്ങള്‍ക്ക് മാത്രമായുള്ളതല്ല, മറിച്ച ദേശീയപുരോഗതിയെ കരുതിയുള്ള പദ്ധതിയാണിത്. മൂവായിരം ഒഴിവുകളാണ് നിലവില്‍ ഉള്ളത് പക്ഷേ ഏഴ് ലക്ഷത്തിലേറെ  അപേക്ഷകളാണ് ഇതുവരെ സേനയിലേക്ക് ലഭിച്ചതെന്നും നാവികസേനാ മേധാവി പറയുന്നു.

കഴിഞ്ഞ രണ്ട് വര്‍ഷത്തിനുള്ളില്‍ വലിയ മാറ്റങ്ങളാണ് സേനയില്‍ വന്നിട്ടുള്ളത്. പുതിയ ചുമതലകളും വിഭാഗങ്ങളും രൂപീകൃതമായി. 41 പുതിയ അന്തര്‍വാഹിനികള്‍ പുറത്തിറങ്ങാനുണ്ട്. ഇതില്‍ രണ്ടെണ്ണം ഒഴിച്ച്ബാക്കിയെല്ലാം നിര്‍മിക്കുന്നത് ഇന്ത്യയില്‍ തന്നെയാണ്. വിക്രാന്ത് അടുത്തമാസം നീരണിയാന്‍ ഒരുങ്ങുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

1960 മുതല്‍ തന്നെ ഇന്ത്യയില്‍ കപ്പലുകള്‍ നിര്‍മിക്കാന്‍ തുടങ്ങി. അതിന്റെ ക്ഷമത ക്രമേണെ വര്‍ധിപ്പിച്ച് എയര്‍ക്രാഫ്റ്റ് കപ്പലുകള്‍ വരെ നിര്‍മിക്കാന്‍ തുടങ്ങി. അത്രയും പ്രവര്‍ത്തനക്ഷമത സേന ആര്‍ജിച്ചു. നിലവില്‍ കപ്പല്‍നിര്‍മാണത്തിന് ഉപയോഗിക്കുന്നതില്‍ 90 ശതമാനത്തോളം വസ്തുക്കളും രാജ്യത്ത് തന്നെ നിര്‍മിച്ചതാണ്. ഇന്ത്യ നൂറാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുമ്പോള്‍ പൂര്‍ണമായും ഇന്ത്യയില്‍ നിര്‍മിച്ച കപ്പലുകളും, ആയുധങ്ങളും സാങ്കേതിക വിദ്യകളുമായി സ്വയം പര്യാപ്തമായ സേനയായി നാവികസേന മാറുമെന്നും നാവികസേനാ മേധാവി പ്രതീക്ഷ പ്രകടിപ്പിച്ചു.