സൂപ്പര്‍താരമാവേണ്ട; നല്ല അഭിനേതാവെന്ന് അറിയപ്പെട്ടാല്‍ മതി; ബിജു മേനോന്‍

സൂപ്പര്‍താരപരിവേഷം ആഗ്രഹിക്കുന്നില്ലെന്നും അഭിനേതാവെന്ന് അറിയപ്പെട്ടാല്‍ മതിയെന്നും ബിജു മേനോന്‍. മനോരമന്യൂസ് കോണ്‍ക്ലേവ് 2022 ല്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രതീക്ഷകളുടെ ഭാരമില്ലാതെയാണ് അഭിനയിക്കുന്നത്. നല്ല കഥകളും നല്ല കഥാപാത്രങ്ങളും തുടക്കകാലത്ത് ലഭിച്ചിരുന്നില്ല. ഇന്ന് അത്തരം കഥാപാത്രങ്ങള്‍ തേടിവരുന്നുണ്ട്. ഈ കാലം സന്തോഷമാണെന്നും ബിജുമേനോന്‍ കൂട്ടിച്ചേര്‍ത്തു.

നാല്പേരെ ചിരിപ്പിക്കാന്‍ കഴിയുന്നത് വലിയ സന്തോഷമാണ്. അത്തരം വേഷങ്ങളും വഴങ്ങുമെന്ന് തെളിയിച്ചത്, അവസരം തന്നത് ' മേരിക്കുണ്ടൊരു കുഞ്ഞാടെ'ന്ന സിനിമയാണ്. അത് ബ്രേക്കായി പിന്നാലെ വെള്ളിമൂങ്ങയടക്കമുള്ള കോമഡി വേഷങ്ങള്‍ ചെയ്യാനായെന്നും അദ്ദേഹം പറയുന്നു. 

സച്ചി ഇല്ലാത്തത് വേദന

സിനിമക്കാരനെന്നതിനെക്കാള്‍ അടുത്ത സുഹൃത്തായിരുന്നു തനിക്ക് സച്ചിയെന്ന് ബിജു മേനോന്‍. എന്ത് ചോദിച്ചാലും അദ്ദേഹത്തിന് മറുപടി ഉണ്ടാകും. അത് ഹൃദയത്തിൽ നിന്ന് വരുന്നതും ആയിരിക്കും. അയ്യപ്പനും കോശിയും സച്ചി നല്‍കിയ സമ്മാനമായിരുന്നു. സച്ചി ഇല്ലയെന്നത് വലിയ വേദനയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.