ദുരന്തസ്ഥലത്തേക്ക് മോദി; മോടി കൂട്ടി മോര്‍ബി ആശുപത്രി; വിമര്‍ശനം; രോഷം

ഗുജാറാത്തില്‍ പാലം തകര്‍ന്ന് പരുക്കേറ്റവരെ പ്രവേശിപ്പിച്ച മോര്‍ബി സിവില്‍ ആശുപത്രിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദര്‍ശനത്തിന്  മുന്നോടിയായി അറ്റകുറ്റപണികള്‍. ദുരന്തസാഹചര്യത്തിലും നടത്തുന്ന പണച്ചെലവിനെതിരെ വലിയ രോഷമാണ് ഉയരുന്നത്. പ്രധാനമന്ത്രിക്ക് 'ഫോട്ടോഷൂട്ട്' നടത്താനുള്ള വേദിയായി മോര്‍ബി ആശുപത്രിയെ മാറ്റിയെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി.

ആശുപത്രി പെയിന്റ്  ചെയ്യുന്ന വിഡിയോ  സാമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാക്കിയാണ് വിമര്‍ശനം. പെയിന്റിങ്ങിനും അലങ്കാരത്തിനും പകരം രോഗികള്‍ക്ക് ശരിയായ ചികിത്സയാണ് ലഭിക്കേണ്ടതെന്ന് ഗുജാറാത്ത് കോണ്‍ഗ്രസ് വക്താവ് ഹേമാങ് റാവല്‍ പറഞ്ഞു. ആശുപത്രി മുഴുവനും ശുചീകരണ തൊഴിലാളികളെക്കൊണ്ട് തിരക്കിലായിരുന്നു. പുതിയ വാട്ടര്‍ കൂളറുകളും കിടക്കകളും ആശുപത്രിയില്‍ സഥാപിച്ചിട്ടുണ്ട്. നാണമില്ലായ്മക്കും ഒരു പരിധിയുണ്ട് എന്ന്  എഎപി എം.എല്‍.എ നരേഷ് ബല്യാനും പ്രതികരിച്ചു, 

പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയില്‍ നിന്ന് മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് രണ്ട് ലക്ഷം രൂപയും പരുക്കേറ്റവര്‍ക്ക് അന്‍പതിനായിരം രൂപയും പ്രാഖ്യാപിച്ച് മണിക്കൂറുകള്‍ പിന്നിടുമ്പോഴാണ് ബിജെപിയെ പ്രതിരോധത്തിലാക്കി ആശുപത്രി മോടി പിടിപ്പിക്കുന്ന വിഡിയോ വിവാദമായത്.