ലോക്ഡൗൺ പാസിന്റെ മറവിൽ ലഹരിമരുന്ന് കടത്ത്; രാജ്യാന്തര സംഘം പിടിയില്‍

ലോക്ക്ഡൗണില്‍ ജില്ലാന്തര യാത്രകള്‍ക്ക് നല്‍കുന്ന പാസിന്റെ മറവില്‍ ലഹരിമരുന്ന് കടത്തിയ രാജ്യാന്തര സംഘം പിടിയില്‍. തമിഴ്നാടിലെ രാമാനാഥപുരത്ത് നിന്നാണ് ശ്രീലങ്ക വഴി ഓസ്ട്രേലിയ വരെ നീളുന്ന കറുപ്പ് , ഹെറോയിന്‍ കടത്തു സംഘത്തിലെ അംഗങ്ങളെ പിടികൂടിയത്. 5കോടി രൂപയുടെ ലഹരിമരുന്നുകളും പിടിച്ചെടുത്തു. 

അഫ്ഗാനിസ്ഥാനല്‍ നിന്ന് കറുപ്പും ഹെറോയിനും പശ്ചിമ ബംഗാള്‍ ,മധ്യപ്രദേശ്, ഹരിയാന,ഹിമാചല്‍പ്രദേശ് തുടങ്ങിയ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്ന്  മെറ്റാഫെറ്റാമിന്‍, ആംഫിറ്റാമിന്‍, തുടങ്ങിയ സൈക്കോട്രോപ്പിക്ക് ലഹരി ഗുളികളും രാജ്യാന്തര തലത്തിലെത്തിക്കുന്ന വന്‍ സംഘമാണ് പിടിയിലായത്. ലോക്ക് ‍ഡൗണ്‍ പ്രഖ്യാപിച്ചതോടെ  വിവിധ കാരണങ്ങള്‍ ചൂണ്ടികാട്ടി  യാത്രക്കുള്ള  പൊലീസിന്റെ അനുമതി നേടിയായിരുന്നു ഇവരുടെ പ്രവര്‍ത്തനം. 

തമിഴ്നാട്ടിലെ രാമാനാഥപുരം ജില്ലയിലെ തൊണ്ടിയെന്ന സ്ഥലത്ത് നാടന്‍ ബോട്ടുകളില്‍ ശ്രീലങ്കയിലേക്കാണ് സംഘം ലഹരിമരുന്നുകള്‍ ആദ്യമെത്തിക്കുക.ഇവ പിന്നീട് വിമാനങ്ങളും കപ്പലും വഴി ഓസ്ട്രേലിയയിലേക്കു കടത്താനായിരുന്നു പദ്ധതി. സംഘത്തലവന്‍  ശിവഗംഗ ഇളയമ്പാടി സ്വദേശി  അരുള്‍ദാസാണ്  സഹായികളായ  അജ്മല്‍ ഖാന്‍ ,സുരേഷ് കുമാര്‍, അബ്ദള്‍ കലാം ആസാദ്, മുത്തുരാജ് , അബ്ദുള്‍ വഹാബ്,  റഹീം, കേശവന്‍ അജ്മീര്‍ കാന്‍ എന്നയാളുമാണ് അറസ്റ്റിലായത്. 

രണ്ടുമാസം മുമ്പ് തൊണ്ടിയില്‍ നിന്ന് ശ്രീലങ്കയിലേക്കു രക്തചന്ദനം കടത്തുന്നത് പിടികൂടിയിരുന്നു. ഇവരില്‍ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ എട്ടു പ്രത്യേക സംഘങ്ങള്‍ രൂപീകരിച്ചു രണ്ടുമാസമായി നടത്തിയ അന്വേഷത്തിലാണ് സംഘം പിടിയിലായത്. അഞ്ചു കോടി രൂപയുടെ ലഹരിമരുന്നുകളും കടത്താനുപയോഗിച്ച വാഹനങ്ങളും പിടിച്ചെടുത്തു

മുന്‍പ് പലതവണ തൊണ്ടിയില്‍ നിന്ന് ശ്രീലങ്ക വഴി ലഹരിമരുന്ന് കടത്തിയെന്ന് സംഘം സമ്മിതിച്ചിട്ടുണ്ട്.ഇതടക്കമുള്ള കാര്യങ്ങളില്‍വിശദമായ  കേന്ദ്ര ഏജന്‍സികളും അന്വേഷണം തുടങ്ങി.