നാലു വയസുകാരിയെ പുഴയിലെറിഞ്ഞു കൊന്ന ഷൈലജയ്ക്കു ജീവപര്യന്തം തടവും പിഴയും

തൃശൂര്‍ പുതുക്കാട് പാഴായിയില്‍ നാലു വയസുകാരി മേബയെ പുഴയിലെറിഞ്ഞു കൊന്ന ബന്ധുവായ ഷൈലജയ്ക്കു ജീവപര്യന്തം തടവും അരലക്ഷം രൂപ പിഴയും. തൃശൂര്‍ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. കുഞ്ഞിന്റെ അരഞ്ഞാണം മോഷ്ടിച്ചതിന്റെ പേരില്‍ ഷൈലജയെ കുടുംബവീട്ടില്‍ നിന്ന് അകറ്റിയതായിരുന്നു കൊലയുടെ പ്രേരണ. 

നാലു വയസുകാരി മേബയെ മണലി പുഴയില്‍ എറിഞ്ഞു കൊലപ്പെടുത്തിയ ഷൈലജ ഇനി വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക്. ജീവിതം മുഴുവന്‍ ജയിലില്‍ കഴിയണം. തൃശൂര്‍ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജ് സോഫി തോമസാണ് ശിക്ഷ വിധിച്ചത്. പിഞ്ചു കുഞ്ഞുങ്ങളെ കൊല്ലാന്‍ മനോഭാവമുള്ള പ്രതി പുറത്തിറങ്ങിയാല്‍ സമൂഹത്തിന് ഭീഷണിയാണെന്ന പ്രോസിക്യൂഷന്‍ വാദം കോടതി അംഗീകരിച്ചു. 2016 ഒക്ടോബര്‍ പതിമൂന്നിനായിരുന്നു നാടിനെ നടുക്കിയ കൊലപാതകം. കൊല്ലപ്പെട്ട മേബയുടെ മുത്തച്ഛന്റെ സഹോദരിയാണ് ഷൈലജ. കു‍ഞ്ഞിന്റെ അരഞ്ഞാണം മോഷ്ടിച്ചതിന്റെ പേരില്‍ കുടുംബങ്ങള്‍ ഒറ്റപ്പെടുത്തിയത് ഷൈലജയില്‍ പകയുണ്ടാക്കി. ഈ പക തീര്‍ക്കാന്‍ കൊന്നതാകട്ടെ പിഞ്ചു കുഞ്ഞിനേയും. ദൃസ്കാക്ഷികള്‍ ഇല്ലാത്ത കേസായിരുന്നു. പക്ഷേ, സാഹചര്യ തെളിവുകളില്‍ പിടിച്ച് പ്രോസിക്യൂഷന്‍ കുറ്റം തെളിയിച്ചു. കുഞ്ഞിനെ അവസാനം കണ്ടത് ഷൈലജയുടെ ഒപ്പമായിരുന്നു. കുഞ്ഞിന്‍റെ കുടുംബത്തോടുള്ള പകയും തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞു. ബന്ധുക്കളെല്ലാം ഷൈലജയ്ക്കെതിരായി മൊഴിനല്‍കി.

ഓസ്ട്രേലിയയില്‍ ജോലിക്കാരാണ് മേബയുടെ മാതാപിതാക്കളായ രഞ്ജിത്തും നീഷ്മയും. വീഡിയോ കോണ്‍ഫറന്‍സിങ് വഴിയാണ് കോടതി ഇവരുടെ മൊഴി രേഖപ്പെടുത്തിയത്. പുതുക്കാട് സി.ഐ: എസ്.പി.സുധീരനായിരുന്നു കേസിലെ അന്വേഷണ ഉദ്യോഗസ്ഥന്‍.