പൊന്തക്കാട്ടിലിരുന്ന് കഞ്ചാവ് വലിച്ചു; നാലുപേർ അറസ്റ്റിൽ

ഇടുക്കി നെടുങ്കണ്ടത്ത് പൊന്തക്കാട്ടിലിരുന്ന് കഞ്ചാവ് വലിച്ച യുവാക്കൾ പിടിയിൽ. രഹസ്യവിവരത്തെ തുടർന്ന് പൊലീസ് നടത്തിയ പരിശോധനയിലാണ്  കഞ്ചാവ് ബീഡിയുമായി 4 യുവാക്കൾ അറസ്റ്റിലായത്. അതിർത്തി മേഖല വഴി ലഹരി വസ്തുക്കൾ കടത്തുന്ന സംഘത്തിൽ നിന്നുമാണ്  പ്രതികൾ കഞ്ചാവ് വാങ്ങിയത്.

ഉടുമ്പൻചോല പാറത്തോട് സ്വദേശി  മണിരത്നം,  സൂര്യ, അഷിൻ കുമാർ, സിബിൻ  എന്നിവരാണ് പിടിയിലായത്. ഉടുമ്പൻചോല പൊലീസ്  നടത്തിയ മിന്നൽ പരിശോധനയിലാണു യുവാക്കൾ പിടിയിലായത്. ഉടുമ്പൻചോല എസ്ഐ കെ.ജെ.ജോബി, സിനിയർ സിവിൽ പൊലീസ് ഓഫിസർ മുഹമ്മദ് കബീർ, സലിം, അൻസാർ എന്നിവരടങ്ങിയ സംഘമാണു പ്രതികളെ പിടികൂടിയത്. 

കുമളി- മൂന്നാർ സംസ്ഥാന പാതയിൽ വാഹന പരിശോധന നടത്തുന്നതിനിടെയാണ് യുവാക്കൾ റോഡിനു സമീപത്തെ പൊന്തക്കാട്ടിലിരുന്ന് കഞ്ചാവ് ബീഡി വലിക്കുന്നതു കണ്ടെത്തിയത്.  ഉടൻ തന്നെ യുവാക്കളെയും, കഞ്ചാവ് ബീഡിയും പൊലീസ് പിടികൂടി. കഞ്ചാവ് കമ്പത്തു പോയപ്പോൾ വാങ്ങിയതെന്നാണ് പിടിയിലായ യുവാക്കൾ പൊലീസിനോട് പറഞ്ഞത്. തുടർന്നു യുവാക്കളുടെ മാതാപിതാക്കളെ പൊലീസ്  വിളിച്ചു വരുത്തി.

 അടുത്ത കാലത്തെങ്ങും യുവാക്കൾ കമ്പത്തു പോയിട്ടില്ലെന്നു മാതാപിതാക്കൾ പൊലീസിനോട് പറഞ്ഞു. യുവാക്കൾക്കു കഞ്ചാവ് നൽകിയ ഉടുമ്പൻചോല സ്വദേശിയുടെ വിവരങ്ങൾ പൊലീസിനു ലഭിച്ചു. അതിർത്തി മേഖലയിലൂടെ കഞ്ചാവ് കേരളത്തിലെത്തിക്കുന്ന പ്രധാന കണ്ണിയാണ് കഞ്ചാവ് എത്തിച്ചു നൽകിയത്.  ഇയാൾ പൊലീസിന്റെ നിരീക്ഷണത്തിലാണ്. യുവാക്കളെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.