വണ്ടിപ്പെരിയാർ ജനവാസ മേഖലയിൽ പുലിയുടെ ആക്രമണം; ഭീതിയില്‍ കുടുംബങ്ങള്‍

ഇടുക്കി വണ്ടിപ്പെരിയാർ പുതുവൽ ഭാഗത്ത് ജനവാസ മേഖലയിൽ പുലിയുടെ ആക്രമണം. വനപാലകര്‍ നടത്തിയ പരിശോധനയിൽ പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ചു. ഇതോടെ പുലിയെ പിടികൂടണമെന്ന ആവശ്യം ശക്തമായി.

കഴിഞ്ഞ ഒരാഴ്ചയായി വണ്ടിപ്പെരിയാർ മഞ്ജുമല മൂന്നേക്കർ പുതുവൽ ഭാഗത്ത് കോഴി, നായ തുടങ്ങിയ വളർത്ത് മൃഗങ്ങളെ രാത്രി  കാലങ്ങളിൽ കാണാതാകുന്നത് നിത്യസംഭവമായിരുന്നു.. കഴിഞ്ഞ ദിവസം സഹായം എന്നയാളുടെ  നായയെ പുലി പിടിച്ചു. 

 വനപാലകർ നടത്തിയ പരിശോധനയിൽ പുലിയുടെ കാൽപ്പാടുകൾ കണ്ടെത്തി.  സ്ഥലത്ത് ക്യാമറ സ്ഥാപിക്കാനുള്ള നടപടികൾ ആരംഭിക്കുമെന്ന് വനപാലകർ പറഞ്ഞു. നിലവിൽ പ്രദേശത്ത് താമസിക്കുന്ന 20 ഓളം കുടുംബങ്ങൾ പുലിപ്പേടിയിൽ കഴിയേണ്ട അവസ്ഥയാണ്. അടിയന്തരമായി കൂട് സ്ഥാപിച്ച് പുലിയെ പിടിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.