വീടും സ്ഥലവും കൈക്കലാക്കി; എണ്‍പത്തഞ്ചുകാരിയെ ഇറക്കിവിട്ടു; പരാതി

അട്ടപ്പാടി ഗൂളിക്കടവിൽ വീടും സ്ഥലവും കൈക്കലാക്കിയ ശേഷം എണ്‍പത്തഞ്ചുകാരിയെ വീട്ടില്‍ നിന്നിറക്കി വിട്ടതായി പരാതി. ചിന്നമ്മാളെയാണ് സഹോദരിയുടെ മകന്‍ സ്വത്ത് കൈക്കലാക്കിയ ശേഷം പുറത്താക്കിയത്. വീട്ടിലേക്കുള്ള വൈദ്യുതിയും കുടിവെള്ളവും വിച്ഛേദിച്ചു. 

ഭര്‍ത്താവ് നേരത്തെ നഷ്ടപ്പെട്ട ചിന്നമ്മാളിന് സഹോദരിയുടെ മകന്‍ രാജനായിരുന്നു ഏക ആശ്രയം. മക്കളില്ലാത്ത സങ്കടം മറികടന്നതും രാജനിലൂടെയായിരുന്നു. ഈ വിശ്വാസത്തിലാണ് ചിന്നമ്മാള്‍ സ്വന്തമായുള്ള ഭൂമിയും വീടും രാജന്റെ പേരിലേക്ക് മാറ്റിയത്. മറ്റൊരിടത്തേക്ക് താമസം മാറിയ രാജനും കുടുംബവും ചിന്നമ്മാളിന്റെ പരിചരണം നിര്‍ത്തി. വീടും സ്ഥലവും തന്റേതാെണന്നും ചിന്നമ്മാളിന് താമസിക്കാന്‍ അവകാശമില്ലെന്നും നിലപാടെടുത്തു. വീടിന്റെ ഒരുഭാഗം വാടകയ്ക്ക് നല്‍കി നേടിയിരുന്ന തുകയായിരുന്നു ചിന്നമ്മാളിന് ആശ്രയം. വീടൊഴിയാന്‍ നിര്‍ബന്ധിക്കപ്പെട്ടതോടെ ആ വരുമാനവും നിലച്ചു. നിലവില്‍ ബന്ധുവിന്റെ നരസിമുക്കിലുള്ള വീട്ടില്‍ ചോര്‍ന്നൊലിക്കുന്ന ചായ്പിലാണ് താമസം. കേള്‍വിക്കുറവിനൊപ്പം കാലില്‍ പരുക്കുമുള്ളതിനാല്‍ നടക്കാന്‍ കഴിയാത്ത സ്ഥിതിയുണ്ട്. 

സംരക്ഷിക്കുമെന്ന് വിശ്വസിച്ചയാള്‍ അതിന് വിസമ്മതിക്കുന്ന സാഹചര്യത്തില്‍ ഭൂമിയും വീടും തിരികെ കിട്ടണമെന്നാണ് ചിന്നമ്മാളിന്റെ ആവശ്യം. പോലീസിൽ പരാതി നൽകിയെങ്കിലും ഫലമുണ്ടായില്ല. പഞ്ചായത്തംഗത്തിന്റെയും നാട്ടുകാരുെടയും നേതൃത്വത്തില്‍ അടുത്തദിവസം കലക്ടറെ സമീപിക്കാനാണ് തീരുമാനം