ഒരുലക്ഷം രൂപയുടെ കള്ളനോട്ടുമായി ദമ്പതികൾ പിടിയിൽ; പ്രിന്ററും ലാപ്ടോപ്പും കാറും കസ്റ്റഡിയിൽ

ഒരുലക്ഷത്തി പതിനാറായിരം രൂപയുടെ കള്ളനോട്ടുമായി നാഗ്പൂർ സ്വദേശികളായ ദമ്പതികൾ മലപ്പുറം പെരുമ്പടപ്പ് പൊലീസിന്റെ പിടിയിൽ. നാഗ്പുർ, ഗാന്ധിനഗർ സ്വദേശികളായ അക്ഷയ് ശർമ, ഭാര്യ ജോന ആൻഡ്രൂസ് എന്നിവരാണ് അറസ്റ്റിലായത്. നോട്ടടിക്കാൻ ഉപയോഗിച്ചിരുന്ന പ്രിന്ററും ലാപ്ടോപ്പും ഇവർ സഞ്ചരിച്ചിരുന്ന കാറും പൊലീസ് കസ്റ്റഡിയിലെടുത്തു.

പൊന്നാനി പനമ്പാട് ആവണ്ടിത്തറയിലെ തുണിക്കടയിൽ നിന്ന് രണ്ടായിരത്തിന്റെ നോട്ട് കൊടുത്ത് പ്രതികൾ തുണിത്തരങ്ങൾ വാങ്ങിയിരുന്നു. നോട്ട് വ്യാജമാണെന്ന് കടയുടമയ്ക്ക് സംശയം തോന്നിയതിനെത്തുടർന്ന്  ഇയാൾ പൊലീസിൽ വിവരം അറിയിച്ചു. കാറിൽ എറണാകുളത്തേക്ക് പോവുകയായിരുന്ന പ്രതികളെ പെരുമ്പടപ്പ് പൊലീസ് സ്റ്റേഷനു മുന്നിൽ വച്ചാണ് പിടികൂടിയത്. കാറിനുള്ളിൽ സൂക്ഷിച്ചിരുന്ന ബാഗിൽ നിന്നും നോട്ടടിക്കാൻ ഉപയോഗിച്ചിരുന്ന ഉപകരണങ്ങൾ കണ്ടെടുത്തു. കൊച്ചി ,കോഴിക്കോട് ,തിരുവനന്തപുരം, പാലക്കാട് എന്നിവിടങ്ങളിൽ ദിവസങ്ങളോളം  താമസിച്ചാണ് ഇരുവരും കള്ളനോട്ടുകൾ പ്രിന്റ് ചെയ്തത്.

ഗ്രാമീണ മേഖലകൾ കേന്ദ്രീകരിച്ചാണ് നോട്ടുകൾ ചെലവഴിച്ചിരുന്നത്. പിടിയിലായ അക്ഷയ് ശർമ നാഗ്പൂരിൽ നിരവധി കേസുകളിൽ പ്രതിയാണെന്നും പൊലീസ് അറിയിച്ചു. പൊന്നാനി കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.