ലക്ഷങ്ങൾ തട്ടിച്ചു; ഇരകൾ വീട്ടിലെത്തിയപ്പോൾ സ്വന്തം ഫോട്ടോയിൽ മാലയിട്ട് ചന്ദനത്തിരി കത്തിച്ചു

തട്ടിപ്പിന് ഇരയായവർ പ്രതിയുടെ വീട്ടിലെത്തിയപ്പോൾ അമ്പരന്നു. ഫ്രെയിം ചെയ്ത അയാളുടെ ഫോട്ടോയിൽ ഹാരം ചാർത്തി ചന്ദനത്തിരി കത്തിച്ചു വച്ചിരിക്കുന്നു. ഇയാൾ മരിച്ചുവെന്ന് കരുതി നാട്ടുകാർ പിരിഞ്ഞുപോയി. എന്നാൽ പ്രതി തന്നെ കബളിപ്പിക്കാനൊരുക്കിയ പദ്ധതിയായിരുന്നു ഇത്. ഇത്തരത്തിൽ തട്ടിപ്പിന്റെ കേന്ദ്രമായ ഒരാളെയാണ് പൊലീസ് പിടികൂടിയത്. എക്സൈസ് ആൻഡ് കസ്റ്റംസ് അസി.കമ്മിഷണറായും ഐപിഎസ് ഓഫിസറായും റയിൽവെ ടിടിആറായും ആൾമാറാട്ടം നടത്തി ഒട്ടേറെ പേരെ കബളിപ്പിച്ചു ലക്ഷങ്ങളാണ് ഇയാൾ തട്ടിയത്.നാലാഞ്ചിറ കിനാവൂർ മുണ്ടൈക്കോണം പുത്തൻവിള വീട് എൻസിആർആർഎ 45,ടിസി 12–678ൽ ജോയ് തോമസ്(48) ആണ് എക്സൈസ്,പൊലീസ്, കസ്റ്റംസ്,റെയിൽവേ വകുപ്പുകളിൽ ജോലി വാഗ്ദാനം ചെയ്തു പണ തട്ടിയതിനു പിടിയിലായത്.

വിവിധ നെയിംബോർഡുകൾ പതിച്ച യൂണിഫോമും വ്യാജ ഐഡി കാർഡും ഉപയോഗിച്ചായിരുന്നു ആൾമാറാട്ടം.  ശാസ്തമംഗലം ചാടിയറ സിആർഎ 32 സി യിൽ സരളാദേവിയുടെ മകൾക്കു തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിലെ കസ്റ്റംസ് ആൻഡ് എക്സൈസ് വിഭാഗത്തിൽ ഓഫിസ് അസിസ്റ്റന്റ് ജോലി വാഗ്ദാനം ചെയ്തു 36,000 രൂപ തട്ടിയെടുത്തെന്ന പരാതിയിലായിരുന്നു അന്വേഷണം. 

കസ്റ്റംസ് ഉദ്യോഗസ്ഥനാണെന്ന വ്യാജേന യൂണിഫോമിലെത്തിയാണ് ഇയാൾ പണം വാങ്ങിയത്. പിന്നീടു തട്ടിപ്പു തിരിച്ചറിഞ്ഞതോടെ ഇവർ പരാതി നൽകി. അന്വേഷണത്തിൽ പലരിൽ നിന്നു പണം തട്ടിയതായി കണ്ടെത്തി.  പ്രതിയെ അന്വേഷിച്ച് ആളുകൾ വീട്ടിലെത്തിയപ്പോൾ ഫ്രെയിം ചെയ്ത സ്വന്തം ഫോട്ടോയിൽ ഹാരം ചാർത്തി  ചന്ദനത്തിരി കത്തിച്ചു വച്ച് മു​ങ്ങുകയായിരുന്നു.

ഇതോടെ ഇയാൾ മരിച്ചുപോയെന്നു പലരും വിശ്വസിച്ചു. കഴിഞ്ഞ ദിവസം പ്രതി സഞ്ചരിച്ച കാർ തമ്പാനൂരിനു സമീപം അപകടത്തിൽപ്പെട്ടുവെങ്കിലും അവിടെയും എഎസ്ഐ ആണെന്നു പൊലീസിനെ വിശ്വസിപ്പിച്ചു മുങ്ങി. പിന്നീടു നടത്തിയ അന്വേഷണത്തിലാണു ഇയാൾ പിടിയിലായത്. തട്ടിപ്പിനിരയായ അഞ്ചു പേർ പരാതിയുമായി എത്തിയതോടെ പ്രതിയുടെ വീട്ടിൽ പൊലീസ് പരിശോധന നടത്തി. കേന്ദ്ര സംസ്ഥാന സ്ഥാപനങ്ങളുടെ വ്യാജമായി നിർമിച്ച ഐഡി കാർഡുകൾ, പൊലീസ് യൂണിഫോം, പ്രതിയുടെ പേര് ചേർത്തുള്ള നെയിം ബോർഡ്, റെയിൽവേ ടിടിആറിന്റെ യൂണിഫോം, ഐപിസി–സിആർപിസി നിയമ പുസ്തകങ്ങൾ, സർക്കാരിന്റെ സർവീസ് ബുക്ക്, സീലുകൾ എന്നിവയും നിരവധി ഉദ്യോഗാർഥികളിൽ നിന്നു വാങ്ങിയ ഫോട്ടോ പതിച്ച ആപ്ലിക്കേഷനും പരിശോധനയിൽ കണ്ടെത്തി.  

വർഷങ്ങൾക്കു മുൻപു ഭാര്യ ഉപേക്ഷിച്ചുപോയ പ്രതി സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥനാണെന്ന വ്യാജനേ തിരുനെൽവേലി സ്വദേശിയായ യുവതിയുമായി കഴിഞ്ഞുവരികയായിരുന്നു.    മുൻപ് ഡ്രൈവറായിരുന്നു.  പ്രീഡിഗ്രിവരെ പഠിച്ചിട്ടുണ്ട്.  പ്രതിയെ കോടതിയിൽ ഹാജരാക്കി.