പൂട്ടിക്കിടന്ന വീട് കുത്തിത്തുറന്ന് 69 പവൻ സ്വർണം കവർന്നു; രണ്ടുപേർ അറസ്റ്റിൽ

puthankuriz-theft
SHARE

എറണാകുളം പുത്തൻകുരിശ് കടയിരുപ്പിൽ പൂട്ടിക്കിടന്ന വീട് കുത്തിത്തുറന്ന് 69 പവൻ സ്വർണം കവർന്ന കേസിൽ  രണ്ടുപേർ അറസ്റ്റിൽ. പ്രതികളിൽ നിന്ന് 48 പവൻ സ്വർണം കണ്ടെടുത്തു. സ്കൂട്ടറിൽ കറങ്ങി നടന്ന് ആളില്ലാത്ത വീട് നോക്കി മോഷണം നടത്തുന്നതാണ് പ്രതികളുടെ രീതി.

കൊടുങ്ങല്ലൂർ സ്വദേശി ബൈജു, വടക്കൻപറവൂർ സ്വദേശി നിസാർ എന്നിവരെയാണ്  പുത്തൻകുരിശ് പൊലീസ് അറസ്റ്റ് ചെയ്തത്.  കഴിഞ്ഞ 27ന് രാത്രിയാണ് രഞ്ജിത്ത് ആർ നായരെന്നയാളുടെ വീട്ടിൽ കവർച്ച നടന്നത്.  സംഭവസമയം വീട്ടിൽ ആരും ഉണ്ടായിരുന്നില്ല.  പിറ്റേന്ന് വീട്ടുകാർ എത്തിയപ്പോഴാണ് മോഷണം നടന്നത് പുറത്തറിഞ്ഞത്. ജില്ലാ പൊലീസ് മേധാവി  വൈഭവ് സക്സേന പ്രത്യേക ടീം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിൽ കൊടുങ്ങല്ലൂരുള്ള ലോഡ്ജിൽ നിന്നാണ് പ്രതികൾ പിടിയിലായത്.  പ്രതികളുടെ കൈവശമുണ്ടായിരുന്ന ബാഗിൽ നിന്ന് 48 പവൻ സ്വർണം കണ്ടെടുത്തു. സ്കൂട്ടറിൽ  കറങ്ങി നടന്ന് ആൾതാമസമില്ലാത്ത വീടാണെന്ന് ഉറപ്പുവരുത്തിയ ശേഷമാണ് രണ്ടംഗ സംഘം മോഷണത്തിന് കയറിയത്.   മുൻവശത്തെ വാതിൽ പൊളിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല.  തുടർന്ന് അവിടെയുണ്ടായിരുന്ന  ഗോവണി ഉപയോഗിച്ച്  രണ്ടാം നിലയിൽ കയറി  വാതിൽ തുറന്ന്  അലമാരിയിൽ സൂക്ഷിച്ച സ്വർണം  കവർന്ന് കടന്നുകളയുകയായിരുന്നു. 

പൊലീസ് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലാണ് പ്രതികൾ കൊടുങ്ങല്ലൂരിലുള്ള ലോഡ്ജിൽ ഉണ്ടെന്ന് അറിഞ്ഞത്. ലോഡ്ജ് വളഞ്ഞാണ് പ്രതികളെ പിടികൂടിയത്.   സ്കൂട്ടറും കൃത്യത്തിന് ഉപയോഗിച്ച ആയുധങ്ങളും കറുത്ത മാസ്ക്  ഉൾപ്പെടെയുള്ള  മറ്റ് വസ്തുക്കളും പൊലീസ് കണ്ടെടുത്തു. ബൈജുവിനെതിരെ സംസ്ഥാനത്തെ വിവിധ സ്റ്റേഷനുകളിലായി 16 കേസുണ്ട്. നിസാറിനെതിരെ 4 കേസുകളുണ്ട്. 

A locked house was broken and gold was stolen; Two people were arrested

MORE IN Kuttapathram
SHOW MORE