ഓട്ടോ ഡ്രൈവറെ പുഴയിൽ എറിഞ്ഞു, ആ നാലു പേർ എവിടെ ?; സർവത്ര ദുരൂഹത

വരാപ്പുഴ: ദേശീയപാതയിലെ വരാപ്പുഴ പാലത്തിൽ നിന്ന് ഓട്ടോഡ്രൈവറെ പുഴയിലെറിഞ്ഞു കൊലപ്പെടുത്താൻ ശ്രമിച്ചെന്ന പരാതിയിൽ വരാപ്പുഴ പൊലീസ് കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങി. എളമക്കര കളത്തിപ്പറമ്പിൽ ഗബ്രിയലിന്റെ മകൻ ബെനഡിക്ടിനെ (56) കഴിഞ്ഞ കഴിഞ്ഞ15ന് പുലർച്ചെ നാല് ഇതരസംസ്ഥാന യുവാക്കൾ ചേർന്നു പുഴയിലേക്ക് വലിച്ചെറിഞ്ഞതായാണ് പരാതി. 

മഞ്ഞുമ്മലിലുള്ള പത്രസ്ഥാപനത്തിൽ നിന്നു പത്രക്കെട്ടുകൾ എടുക്കാൻ പോകുന്നതിനിടെ കുന്നുംപുറം കവലയിൽ നിന്നാണ് യുവാക്കൾ  ഇയാളുടെ ഓട്ടോയിൽ കയറിയത്. വരാപ്പുഴ തിരുമുപ്പം ക്ഷേത്രത്തിനു മുന്നിൽ പോകണമെന്നായിരുന്നു ആവശ്യം. 200 രൂപയ്ക്കാണ് ഓട്ടം നിശ്ച്ചയിച്ചതെങ്കിലും വാഹനത്തിൽ കയറിയ ശേഷം നൂറു രൂപയിൽ കൂടുതൽ നൽകില്ലെന്നു പറഞ്ഞതാണ് തർക്കത്തിനു കാരണമായതെന്ന് ബെനഡിക്ട് പറയുന്നു.

മൂന്നു പേർ പിൻ സീറ്റിലും ഒരാൾ മുൻസീറ്റിലുമാണ് ഇരുന്നത്. തർക്കം മൂത്തതോടെ മുൻ സീറ്റിലിരുന്നയാൾ ബെനഡിക്ടിന്റെ കഴുത്തിൽ അമർത്തി. ഓട്ടോ നിർത്തിയതോടെ നാലു പേരും ചേർന്നു ഇയാളെ പുറത്തേക്കു വലിച്ചിറക്കി പാലത്തിൽ ചേർത്തു നിർത്തിയ ശേഷം കൂട്ടത്തിൽ ഒരാൾ കാലിൽ പിടിച്ചു പൊക്കി പുഴയിലേക്ക് തള്ളിയിടുകയായിരുന്നു എന്നാണു പൊലീസിനു നൽകിയ പരാതിയിൽ പറഞ്ഞിട്ടുള്ളത്.

ഇൗസമയം ഏതാനും വലിയ വാഹനങ്ങൾ പാലത്തിലൂടെ കടന്നു പോയെങ്കിലും നാലു പേരും ചേർന്നു തന്നെ മറഞ്ഞു നിന്നതായും ഇയാൾ പറയുന്നു. പുഴയിൽ വീണ ബെനഡിക്ഡ് ഒരു തവണ മുങ്ങിത്താണു. ഉയർന്നു വന്നപ്പോൾ സമീപത്തുള്ള തൂണിൽ പിടിച്ചു കിടന്നു. അര മണിക്കൂറോളം ഇങ്ങനെ പുഴയിൽ കിടന്ന് അലമുറയിട്ട് കരഞ്ഞു. ഏലൂർ ഭാഗത്തുള്ള വിജിൽ എന്നയാളാണ് ശബ്ദം കേട്ട് എത്തിയത്. തുടർന്നു ഇയാൾ വിളിച്ചപ്പോൾ ചീനവലയിലുണ്ടായിരുന്ന രണ്ടു പേർ ചേർന്നു രക്ഷിച്ചു കരയിലെത്തിച്ചു. പാലത്തിൽ തിരികെ എത്തി ഓട്ടോയും കൊണ്ട് വീട്ടിലേക്ക് പോയതായാണ് ഇയാളുടെ മൊഴി. പിന്നീടാണ് പൊലീസിൽ പരാതി നൽകിയത്. 

പൊലീസിന്റെ നേതൃത്വത്തിൽ പ്രദേശത്തുള്ള സിസി ക്യാമറകൾ പരിശോധിച്ചെങ്കിലും തെളിവൊന്നും ലഭിച്ചിട്ടില്ല. സംഭവം നടന്നത് വരാപ്പുഴ സ്റ്റേഷൻ പരിധിയിലായതിനാൽ എളമക്കര പൊലീസ് കേസ് വരാപ്പുഴ പൊലീസിനു കൈമാറി. ഇന്നലെ ജനറൽ ആശുപത്രിയിൽ എത്തിച്ച് ബെനഡിക്ടിന്റെ ദേഹ പരിശോധന നടത്തിയെങ്കിലും പരുക്കുകളൊന്നും കണ്ടെത്തിയില്ല. 

ഇതര സംസ്ഥാനക്കാരായ മുപ്പതോളം പേരെ തിരിച്ചറിയൽ പരേഡിനു വിധേയരാക്കിയെങ്കിലും സംഭവത്തിൽ ഉൾപ്പെട്ടവരാരും കൂട്ടത്തിൽ ഇല്ലെന്നായിരുന്നു ബെനഡിക്ടിന്റെ മൊഴി. വരാപ്പുഴ സ്റ്റേഷനിലായിരുന്നു തെളിവെടുപ്പ്.

സർവത്ര ദുരൂഹത  എന്നു പൊലീസ്

ഓട്ടോ ഡ്രൈവറെ ഇതര സംസ്ഥാനക്കാർ പുഴയിലേക്കു വലിച്ചെറിഞ്ഞെന്ന കേസിൽ ദുരൂഹതകൾ ഏറെയെന്നാണ് പൊലീസിന്റെ നിഗമനം. പുലർച്ചെയോടെ 4 പേർ കുന്നംപുറം ഭാഗത്ത് എങ്ങനെ എത്തി എന്നതിനും തിരുമുപ്പം അമ്പലം പരിസരത്ത് ഇവർ പോകുന്നത് എന്തിനെന്നും വ്യക്തമായിട്ടില്ല. ഇൗ ഭാഗത്ത് ലഹരി മാഫിയ സജീവമാണ്. ഇത്തരം കാര്യങ്ങളുമായി ബന്ധപ്പെട്ടവരാണോ സംഘം എന്നും  അന്വേഷിക്കുന്നുണ്ട്. 

നീന്തൽ അറിയാത്ത ബെനഡിക്ട് വരാപ്പുഴ പാലത്തിന്റെ മധ്യഭാഗത്തു നിന്നു 30 അടിയിലേറെ താഴേക്കു വീണിട്ടും രക്ഷപ്പെട്ട് തൂണിൽ പിടിച്ചു കിടന്നത് പൊലീസ് പൂർണമായി വിശ്വസിക്കുന്നില്ല. ചുറ്റിപ്പിടിക്കാൻ കഴിയാത്ത തരത്തിൽ 15 അടിയോളം വ്യാസത്തിലുള്ള തൂണിൽ ഒരാൾ അരമണിക്കൂറോളം പിടിച്ചു കിടന്നത് അദ്ഭുതകരമെന്നാണ് പൊലീസ് കരുതുന്നത്. പുഴയിൽ നിന്നു രക്ഷപ്പെടുത്തിയ ഇയാൾ പൊലീസിൽ പരാതി നൽകാൻ ശ്രമിക്കാതെ ഓട്ടോറിക്ഷയുമായി വീട്ടിലേക്കു പോയതും പരിശോധിക്കുന്നുണ്ട്