ബൈക്ക് കത്തുന്നതു കണ്ട ഉടമസ്ഥർ ഓടിമറ‍ഞ്ഞു, ദുരൂഹത?

ഏറ്റുമാനൂർ: പാർക്ക് ചെയ്ത ബൈക്ക് കത്തി നശിച്ച നിലയിൽ.  കണ്ണാറമുകളേൽ – നീണ്ടൂർ റോഡിൽ മാരിയമ്മൻ കോവിലിനു സമീപം ഇന്നലെ രാവിലെ 11.30നാണു സംഭവം.  ബൈക്കിന്റെ ഉടമസ്ഥർ സംഭവം നടന്നശേഷം ഓടിയതു സംശയത്തിനു വഴിയൊരുക്കി. ബൈക്ക് കത്തുന്നതു കണ്ട നാട്ടുകാർ വെള്ളം ഒഴിച്ച് തീ കെടുത്തിയെങ്കിലും പൂർണമായും കത്തിയമർന്നു. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസ് എത്തി. ഓടി രക്ഷപ്പെട്ട ബൈക്കിന്റെ ഉടമസ്ഥരുടെ സിസിടിവി ദൃശ്യങ്ങൾ പൊലീസിനു  ലഭിച്ചിരുന്നു

പ്രായപൂർത്തിയാകാത്ത മൂന്നു വിദ്യാർഥികളെ പൊലീസ് പിടികൂടി. ഇതിൽ 2 പേർ ഏറ്റുമാനൂർ സ്വദേശികളും ഓരാൾ മണർകാട് സ്വദേശിയുമാണ്.  മാതാപിതാക്കൾ അറിയാതെ സംഘടിപ്പിച്ച പണം ഉപയോഗിച്ചാണ്  മൂവരും എറണാകുളത്തു നിന്നു സെക്കൻഡ് ഹാൻഡ്  ബൈക്ക്  വാങ്ങിയത്. മാരിയമ്മൻ കോവിലിനു സമീപം എത്തിയപ്പോൾ പെട്രോൾ തീർന്നുവെന്നും തുടർന്ന് എംസി റോഡിലെ പെട്രോൾ പമ്പിൽ നിന്നു കുപ്പിയിൽ പെട്രോൾ വങ്ങി ടാങ്കിൽ ഒഴിക്കുന്ന സമയത്ത് തീ ആളിപടർന്നെന്നും  ഇതു കണ്ട് പേടിച്ചാണ് ഓടിയതെന്നുമാണു  പൊലീസിന് വിദ്യാർഥികൾ നൽകിയ മൊഴി.

പമ്പിൽ നിന്നു പെട്രോൾ വാങ്ങുന്ന ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചിരുന്നു. ഏറ്റുമാനൂർ സ്റ്റേഷൻ ഹൗസ് ഓഫിസർ രീഷ്മാ രമേശൻ, എസ്ഐ എസ്പി എം.പി എബി എന്നിവരുടേ നേതൃത്വത്തിലാണ് വിദ്യാർഥികളെ പിടികൂടിയത്. സംഭവത്തിൽ ദുരൂഹതയുണ്ടോയെന്നു പൊലീസ് അന്വേഷിക്കുന്നുണ്ട്.