ഡാനിഷിന്റെ ദുരൂഹ മരണം; അന്വേഷണം പുതിയ സംഘത്തിന് കൈമാറും

ലഹരിമരുന്ന് ഉപയോഗത്തെ തുടര്‍ന്ന് കോഴിക്കോട് കൊടിയത്തൂര്‍ സ്വദേശി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വച്ചു മരിച്ച കേസിന്റെ അന്വേഷണം ചേവായൂര്‍ പൊലീസിനു കൈമാറാന്‍ തീരുമാനം. ഇതിന്റെ ഭാഗമായി കേസ് ഫയല്‍  മുക്കം പൊലീസ് കോഴിക്കോട് റൂറല്‍ എസ്.പിക്ക് കൈമാറി. മരണത്തിനിടയാക്കിയ ലഹരിമരുന്ന് പാര്‍ട്ടി നടന്നത് ചേവായൂര്‍ സ്റ്റേഷന്‍ പരിധിയിലാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഡാനിഷ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വച്ചു മരിക്കുന്നത്. വാഹനാപകടത്തില്‍ പരുക്കേറ്റെന്നറിയിച്ച് ആശുപത്രിയിലെത്തിച്ച ഡാനിഷ്, മരിച്ചതോടെ കൂടെയുണ്ടായിരുന്നവര്‍ മുങ്ങി. ഇതോടെ മരണത്തില്‍ സംശയം ഉയര്‍ന്നു. തുടര്‍ന്നാണ് പിതാവ് മുക്കം പൊലീസില്‍ പരാതി നല്‍കുന്നത്. 

മുക്കം പൊലീസ് നടത്തിയ അന്വേഷണത്തില്‍ മെഡിക്കല്‍ കോളജിന് സമീപമുള്ള കാളാണ്ടിത്താഴത്തെ വീട്ടിലാണ് ഡാനിഷ് അവസാന മണിക്കൂറുകള്‍ ചിലവഴിച്ചതെന്ന് കണ്ടെത്തി. ഇവിടെ വച്ച് ഡാനിഷും സുഹൃത്തുക്കളും വീര്യമേറിയ ലഹരിമരുന്ന് ഉപയോഗിച്ചിരുന്നതായും വ്യക്തമായിട്ടുണ്ട്. ഡാനിഷിനെ ആശുപത്രിയിലെത്തിച്ചു മുങ്ങിയ സംഘത്തിലെ ഒരാള്‍ വാടയ്ക്ക് താമസിക്കുന്ന വീടാണിത്. ഇതോടെയാണ് കേസ് ചേവായൂര്‍ പൊലീസ‌ിനു കൈമാറാന്‍ തീരുമാനിച്ചത്. 

നടപടിക്രമങ്ങളുെട ഭാഗമായാണ് കേസ് ഫയല്‍ റൂറല്‍ എസ്.പിക്കു കൈമാറിയത്. ഈ ഫയലുകള്‍ സിറ്റി പൊലിസ് കമ്മിഷണര്‍ വഴി ചേവായൂര്‍ സ്റ്റേഷനിലെത്തിയാല്‍ മാത്രമേ അന്വേഷണം തുടങ്ങു. അതിനിടെ കൊടിയത്തൂര്‍ മേഖലയിലെ ലഹരിമരുന്ന് മാഫിയക്കെതിരെ  പൊലീസ് നടപടി തുടങ്ങി. രണ്ടാഴ്ചക്കിടെ 124 കിലോ കഞ്ചാവടക്കമുള്ള ലഹരിമരുന്നുകളാണ്  കോഴിക്കോട് ജില്ലയില്‍ മാത്രം പൊലീസ് പിടികൂടിയത്