റിസോർട്ടിൽ ഗുണ്ട ആക്രമണം; ആദിവാസി യുവതിയെ ഉപദ്രവിച്ചു

ഇടുക്കി ശാന്തമ്പാറയിലെ സ്വകാര്യ റിസോര്‍ട്ടില്‍ ഗുണ്ടാ സംഘങ്ങളുടെ ആക്രമണം.  ജീവനക്കാരിയായ ആദിവാസി യുവതിയെ ഉപദ്രവിച്ചതായും  പരാതി. ശാന്തമ്പാറ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. 

ഈ മാസം ഏഴാം തീയതിയും പതിനേഴാം തീയതിയുമാണ് ശാന്തമ്പാറയ്ക്ക് സമീപം കള്ളിപ്പാറയിലുള്ള ഉള്‍പ്രദേശത്ത് സ്ഥിതി ചെയ്യന്ന മൂന്നാര്‍ സഫാരി റിസോര്‍ട്ടില്‍ ഒരുപറ്റം ഗുണ്ടകള്‍ ആക്രമണം നടത്തിയത്.

ഏഴാം തീയതി രാത്രിയിലെത്തിയ സംഘം ഓഫീസ് മുറിയുടെയടക്കം വാതിലുകള്‍ തകര്‍ത്ത് അകത്ത് കടക്കുകയായിരുന്നു. ഈ സമയം ഇവിടെയുണ്ടായിരുന്ന ജീവനക്കാരിയെ മര്‍ദ്ദിക്കുകയും മുറിയില്‍ പൂട്ടിയിടുകയും ചെയ്തു. 

മണിക്കൂറുകള്‍ മുറിക്കുള്ളികഴിഞ്ഞ ഇവര്‍ പിന്നീട് ആരോ മുറി തുറന്ന സമയത്ത് ഇറങ്ങി ഓടി സമീപത്തെ കാട്ടില്‍ ഓളിക്കുകയായിരുന്നു. തടര്‍ന്ന് സംഘം റിസോര്‍ട്ടിന്റെ ജനല്‍ ചില്ലുകളടക്കം തല്ലി തകര്‍ക്കുകയും ചെയ്ത് മടങ്ങി.

ഇതിന് ശേഷം റിസോര്‍ട്ടുടമ  ശാന്തമ്പാറ പൊലീസില്‍ പരാതി നല്‍കി. മര്‍ദ്ദനത്തിനിരയായ പെണ്‍കുട്ടി  പൊലീസിനും മുഖ്യമന്ത്രിക്കും പരാതി നല്‍കി. പരാതി നല്‍കിയ പെണ്‍കുട്ടിയേയും റിസോര്‍ട്ട് ഉടമയേയും  ഫോണില്‍ വിളിച്ച് ഭീഷണി മുഴക്കുകയും ചെയ്തു.

മുന്‍ സ്ഥലമുടമ ഗുണ്ടകളുമായി വന്ന് റിസോര്‍ട്ട് കയ്യടക്കുന്നതിനുള്ള പരിശ്രമമാണ് നടത്തിയതെന്നും ഇത്തരത്തിലുള്ള നീക്കം ഹൈറേഞ്ചിന്റെ വിവിധ മേഖലകളില്‍ സജീവമാണെന്നും  പരാതിയുണ്ട്.